IPL 2022: സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയേക്കില്ല, അഞ്ച് പേരിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം കുറവുള്ളതിനാല്‍ ഇന്ത്യയില്‍ത്തന്നെയാവും അടുത്ത ഐപിഎല്‍ നടക്കുക. ഇക്കാര്യം ബിസിസി ഐ വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അഹമ്മദാബാദ്, ലഖ്‌നൗ എന്നീ രണ്ട് ടീമുകള്‍ക്കൂടി വന്നതോടെ 10 ടീമുകളുമായാവും അടുത്ത സീസണില്‍ ടൂര്‍ണമെന്റ് നടത്തുക. ഇതോടെ മത്സരത്തിന്റെ എണ്ണവും ഉയരും.
മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെയാണ് നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താനാവുന്നത്. പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെയാണ് ലേലത്തിന് മുമ്പ് സ്വന്തമാക്കാനാവുക. ഡേവിഡ് വാര്‍ണര്‍,കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളെല്ലാം കൂടുമാറാന്‍ തയ്യാറെടുക്കുന്നതിനാല്‍ വമ്പന്‍ താരലേലം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ സൂപ്പര്‍ താരങ്ങളാണെങ്കിലും അടുത്ത സീസണിലെ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയില്ലാത്ത അഞ്ച് താരങ്ങളിതാ.

ക്രിസ് ഗെയ്ല്‍
ക്രിസ് ഗെയ്ല്‍ ഒൗദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ പഞ്ചാബ് കിങ്‌സ് താരമായ ഗെയ്‌ലിനെ മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയേക്കും. അടുത്ത താരലേലത്തില്‍ പങ്കെടുത്താലും ഗെയ്‌ലിന് ആവിശ്യക്കാര്‍ ഉണ്ടായേക്കില്ല. 42കാരനായ യൂനിവേഴ്‌സല്‍ ബോസിന്റെ സമീപകാല പ്രകടനം വളരെ മോശമാണ്. 2021 ഐപിഎല്ലിലും ടി20 ലോകകപ്പിലും അദ്ദേഹം നിരാശപ്പെടുത്തി. അവസാന ഐപിഎല്ലില്‍ 10 മത്സരത്തില്‍ നിന്ന് 193 റണ്‍സാണ് അദ്ദേഹം നേടിയത്.

സുരേഷ് റെയ്‌ന
സിഎസ്‌കെയില്‍ ഇനിയൊരു സീസണില്‍ കൂടി സുരേഷ് റെയ്‌നക്ക് അവസരം ലഭിച്ചേക്കില്ല. അവസാന സീസണില്‍ 12 മത്സരത്തില്‍ 160 റണ്‍സ് മാത്രമാണ് റെയ്‌ന നേടിയത്. അതും 125 സ്‌ട്രൈക്കറേറ്റില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ വിരമിച്ച റെയ്‌നക്ക് പഴയ മികവിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. ലേലത്തിന് മുമ്പ് സിഎസ്‌കെ റെയ്‌നയെ നിലനിര്‍ത്തിയേക്കില്ല. റെയ്‌നയെ ഒഴിവാക്കിയാല്‍ വാങ്ങാന്‍ മറ്റൊരു ടീമും തയ്യാറാവാനും സാധ്യത കുറവാണ്. റെയ്‌നയെ ആരെങ്കിലും വാങ്ങിയാല്‍ത്തന്നെ വലിയ പ്രതിഫലവും ലഭിക്കില്ലെന്നുറപ്പ്.

അജിന്‍ക്യ രഹാനെ
ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെക്ക് അടുത്ത സീസണില്‍ വാങ്ങാന്‍ ആളുണ്ടാവുമോയെന്നത് കണ്ടറിയണം. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ രഹാനെ സമീപകാലത്തായി മോശം ഫോമിലാണ്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ രഹാനെ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. അവസാന സീസണില്‍ എട്ട് റണ്‍സ് മാത്രമാണ് രഹാനെക്ക് നേടാനായത്. ഡല്‍ഹി രഹാനെയെ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. പുതിയ രണ്ട് ടീമുകളിലൊന്ന് രഹാനെയെ സ്വന്തമാക്കാനാണ് സാധ്യത.

സ്റ്റീവ് സ്മിത്ത്
ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. അടുത്ത സീസണിന് മുമ്പ് ഡല്‍ഹി സ്മിത്തിനെ ഒഴിവാക്കുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ പുതിയൊരു ടീം സ്മിത്തിനെ വാങ്ങിയാലും വലിയ പ്രതിഫലം ലഭിച്ചേക്കില്ല. സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം വളരെ മോശമാണ്. എട്ട് മത്സരത്തില്‍ നിന്ന് 112.59 സ്‌ട്രൈക്കറേറ്റില്‍ 152 റണ്‍സാണ് സ്മിത്ത് നേടിയത്. ടി20 ലോകകപ്പിലും നിരാശപ്പെടുത്തി. ഈ പ്രകടനങ്ങള്‍ സ്മിത്തിനെ പ്രതികൂലമായി ബാധിച്ചേക്കും. ലഖ്‌നൗ ടീമിനെ നയിക്കാന്‍ സ്മിത്ത് എത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ ടീമുകള്‍ക്കുവേണ്ടി കളിച്ചിരുന്ന ഹര്‍ഭജന്‍ അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു. രണ്ട് കോടി രൂപയാണ് ഹര്‍ഭജന്‍ സിങ്ങിന് അവസാന സീസണില്‍ ലഭിച്ചത്. എന്നാല്‍ ഇത്തവണ ലേലത്തില്‍ പങ്കെടുത്താല്‍ ഹര്‍ഭജനെ വാങ്ങാന്‍ ആളുണ്ടായേക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications