മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 7,8 തീയ്യതികളില്‍ നടക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഇതിനോടകം ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തിക്കഴിഞ്ഞെങ്കിലും പുതിയ ടീമുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മൂലമാണ് താരലേലം വൈകുന്നത്. ഇത്തവണ പൂര്‍ണ്ണമായും ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. 2020 സീസണ്‍ മുഴുവനായും യുഎഇയിലും 2021 സീസണിന്റെ രണ്ടാം പാദം യുഎഇയിലുമാണ് നടത്തിയത്.
ഇത്തവണ ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെങ്കിലും ഒമിക്രോണ്‍ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലെ സാങ്കേതിക സാഹചര്യത്തില്‍ ഒമിക്രോണ്‍ വ്യാപനമുണ്ടായാല്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോവുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത്തവണയും ടൂര്‍ണമെന്റിനിടെ കോവിഡ് വ്യാപനമുണ്ടായാല്‍ യുഎഇയിലേക്ക് വേദി മാറ്റും. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ഫ്രാഞ്ചൈസികളുമായി ബിസിസി ഐ സംസാരിച്ചിരുന്നു.
അവസാന സീസണില്‍ കോവിഡിനെത്തുടര്‍ന്ന് രണ്ടാം പാദം യുഎഇയിലേക്ക് മാറ്റേണ്ടിവന്നിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിനിടെ നിരവധി താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ പാതി വഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുകയും പിന്നീട് യുഎഇയിലേക്ക് വേദി മാറ്റി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുകയുമായിരുന്നു. അവസാന സീസണില്‍ ഇത്തരത്തിലൊരു വേദി മാറ്റമുണ്ടായത് പല ഫ്രാഞ്ചൈസികളുടെയും പദ്ധതികളെ തകര്‍ക്കുന്നതായിരുന്നു. ഇതിനെതിരേ അവര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതൊഴിവാക്കാനാണ് നേരത്തെ തന്നെ ഇക്കാര്യത്തില്‍ ബിസിസി ഐ ഫ്രാഞ്ചൈസികളെ നിലപാടറിയിച്ചത്.

അവസാന സീസണില്‍ രണ്ടാം പാദത്തിലേക്കെത്തിയപ്പോള്‍ പല സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇത് ടീമുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇത്തരമൊരു സന്ദര്‍ഭം ഒഴിവാക്കുന്നതിനായാണ് നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് സാഹചര്യത്തില്‍ നല്‍കിയ ബയോബബിള്‍ സുരക്ഷ മോശമായിരുന്നെന്ന ആക്ഷേപവും ചില വിദേശ താരങ്ങള്‍ ഉന്നയിച്ചിരുന്നു. നിലവില്‍ കോവിഡ് ആശങ്കകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ബയോബബിള്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായുണ്ട്.
ഇത്തവണ വലിയ മാറ്റങ്ങളോടെയുള്ള സീസണ്‍ തന്നെയാവും നടക്കാന്‍ പോകുന്നത്. ഇതുവരെ എട്ട് ടീമുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇനിയത് 10 ടീമുകളാവും. മെഗാ ലേലത്തില്‍ ഉപയോഗിക്കാവുന്ന തുകയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മെഗാ ലേലത്തിന് മുമ്പ് രണ്ട് പുതിയ ടീമുകള്‍ക്കും മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താനാവും. അങ്ങനെ സംഭവിച്ചാലും വലിയ താരനിര തന്നെ മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടേക്കും.
സിഎസ്‌കെ, മുംബൈ, കെകെആര്‍, ഡല്‍ഹി ടീമുകളാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. ഹൈദരാബാദ്, രാജസ്ഥാന്‍,ആര്‍സിബി ടീമുകള്‍ മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. മെഗാ ലേലത്തില്‍ പല ടീമുകളും വലിയ മാറ്റങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ ലേലവും പ്രതീക്ഷിക്കപ്പെടുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഇത്തവണത്തെ ലേലത്തിലുണ്ട്.
കെ എല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍, ഇഷാന്‍ കിഷന്‍, ക്വിന്റന്‍ ഡീകോക്ക്, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണുള്ളത്. സിഎസ്‌കെ എംഎസ് ധോണിയെ നിലനിര്‍ത്തിയത് ഏവരെയും അത്ഭുതപ്പെടുത്തുന്ന നീക്കമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോലി നായകപദവിയില്ലാതെ ഐപിഎല്ലിനിറങ്ങുന്നുവെന്ന സവിശേഷതയും വരാനിരിക്കുന്ന സീസണിലുണ്ട്. ലേലത്തുകയില്‍ കെ എല്‍ രാഹുല്‍ റെക്കോഡ് സൃഷ്ടിക്കുമോയെന്നതും കണ്ടറിയാം. ആവേശകരമായ സീസണ്‍ എല്ലാവരും പ്രതീക്ഷിക്കവെ വില്ലനായി ഒമിക്രോണ്‍ എത്തുമോയെന്ന് കാത്തിരുന്ന് കാണാം. കാണികളെ ഉള്‍ക്കൊള്ളിച്ച് തന്നെയാവും വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ നടത്തുക.