മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രില്‍ 9ന് ആരംഭിച്ച് മെയ് 30നാണ് ഐപിഎല്‍ അവസാനിക്കുന്നത്. എല്ലാ ടീമുകളും സജീവമായി തങ്ങളുടെ പരിശീലനം മുന്നോട്ട് കൊണ്ടുപോവുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ചില താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ആരാധകര്‍ക്ക് വളരെ ആവേശം നല്‍കുന്നതാണ്. ഐപിഎല്ലില്‍ ഒരു ബാറ്റ്‌സ്മാനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരുടെ കണക്കുകള്‍ പരിശോധിക്കാം.
സഹീര്‍ ഖാന്‍-എംഎസ് ധോണി പോരാട്ടമാണ് ഇതില്‍ തലപ്പത്ത്. മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുണ്ട്. സിഎസ്‌കെ ക്യാപ്റ്റനായ എംഎസ് ധോണിയെ ഏഴ് തവണയാണ് സഹീര്‍ ഖാന്‍ പുറത്താക്കിയിട്ടുള്ളത്. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ധോണിയെ ഏറ്റവും കൂടുതല്‍ വിറപ്പിച്ച ബൗളര്‍ സഹീര്‍ ഖാനാണ്.

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേടി സ്വപ്‌നം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സന്ദീപ് ശര്‍മയാണ്. ഏഴ് തവണ സന്ദീപിന് മുന്നില്‍ കോലി പുറത്തായിട്ടുണ്ട്. പന്ത് നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ മിടുക്കുള്ള സന്ദീപിനെ നേരിടാന്‍ അവസാന സീസണിലും കോലി പ്രയാസപ്പെട്ടിരുന്നു. ഐപിഎല്ലില്‍ അഞ്ച് സെഞ്ച്വറിയുള്‍പ്പെടെ ഏറ്റവും റണ്‍സുള്ള താരമായ കോലിയെ ഇത്തവണയും സന്ദീപ് എറിഞ്ഞിടുമോയെന്ന് കാത്തിരുന്ന് കാണാം.
ആശിഷ് നെഹ്‌റ-കോലി നേര്‍ക്കുനേര്‍ പോരാട്ടവും ശ്രദ്ധേയമാണ്. കോലിയെ ആറ് തവണയാണ് നെഹ്‌റ പുറത്താക്കിയിട്ടുള്ളത്. ആര്‍സിബിക്കുവേണ്ടിയും കളിച്ചിട്ടുള്ള താരമാണ് നെഹ്‌റ. മറ്റൊരു പോരാട്ടം അക്ഷര്‍ പട്ടേലും-ഷെയ്ന്‍ വാട്‌സണും തമ്മിലാണ്. ആറ് തവണ വാട്‌സണെയും സ്പിന്നറായ അക്ഷര്‍ പുറത്താക്കിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് അക്ഷര്‍ പട്ടേല്‍.
നമാന്‍ ഓജ-എംഎസ് ധോണി പോരാട്ടവും ശ്രദ്ധേയമാണ്. ആറ് തവണ ധോണിയെ ഓജ മുട്ടുകുത്തിച്ചിട്ടുണ്ട്. സഹീര്‍ ഖാന് ഗൗതം ഗംഭീറിനെതിരെയും മികച്ച റെക്കോഡാണുള്ളത്. ഗംഭീറിനെ ആറ് തവണയാണ് സഹീര്‍ പുറത്താക്കിയത്. പാര്‍ഥിവ് പട്ടേലിനെയും അജിന്‍ക്യ രഹാനെയേയും ആറ് തവണ വീതം ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയിട്ടുണ്ട്.
അമ്പാട്ടി റായിഡുവിന്റെ പ്രധാന എതിരാളി മോഹിത് ശര്‍മയാണ്. ആറ് തവണയാണ് അദ്ദേഹം റായിഡുവിന്റെ വിക്കറ്റെടുത്തത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ പ്രധാന എതിരാളി സുനില്‍ നരെയ്‌നാണ്. ആറ് തവണ നരെയ്‌ന്റെ സ്പിന്നിന് മുന്നില്‍ രോഹിത് പുറത്തായിട്ടുണ്ട്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത് ശര്‍മ.