IPL 2021: 'എന്റെ പ്രതിഫലം ഉയര്‍ത്തി നല്‍കുമോ', അമിത് മിശ്രയുമായുള്ള ഓര്‍മ്മ പങ്കുവെച്ച് സെവാഗ്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചപ്പോള്‍ ശ്രദ്ധേയമായത് അമിത് മിശ്രയും ബൗളിങ് പ്രകടനമായിരുന്നു. ആദ്യ മൂന്ന് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന അമിത് മിശ്രക്ക് മുംബൈക്കെതിരെയാണ് അവസരം ലഭിക്കുന്നത്. പരിചയസമ്പത്ത് മുതലാക്കി പന്തെറിഞ്ഞ താരം നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് വീഴ്ത്തിയത്. രോഹിത്,പൊള്ളാര്‍ഡ്,ഇഷാന്‍,ഹര്‍ദിക് എന്നീ വമ്പന്മാരെയാണ് അമിത് മടക്കിയത്. കളിയിലെ താരമായതും അമിതാണ്.
മുംബൈക്കെതിരായ അമിതിന്റെ ഗംഭീര പ്രകടനത്തിന്റെ പിന്നാലെ താരവുമായുള്ള പഴയ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്) ഒപ്പം കളിക്കവെ ഉണ്ടായ രസകരമായ സംഭവം പങ്കുവെച്ചാണ് സെവാഗ് അമിത് മിശ്രയുടെ പ്രകടനത്തെ അഭിനന്ദിച്ചത്.

ഐപിഎല്ലില്‍ കൂടുതല്‍ ഹാട്രിക് നേടിയ താരമായ അമിത് മിശ്ര 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയാണ് തന്റെ ആദ്യ ഹാട്രിക് നേടുന്നത്. അന്ന് ഡല്‍ഹിയെ നയിച്ചിരുന്നത് സെവാഗായിരുന്നു. 'എല്ലാവരോടും സൗമ്യതയോട് പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന താരമാണ് അമിത് മിശ്ര. വളരെ വേഗം എല്ലാവരുമായി അവന്‍ ബന്ധം സ്ഥാപിക്കും. അതിനാല്‍ത്തന്നെ സഹതാരങ്ങള്‍ക്കെല്ലാം അവന്‍ വളരെ പ്രിയപ്പെട്ടവനാണ്. അവന് തല്ല്കിട്ടിയാല്‍ സഹാതാരങ്ങള്‍ക്ക് വിഷമമാവുകയും വിക്കറ്റ് കിട്ടിയാല്‍ എല്ലാവരും സന്തോഷമാവുകയും ചെയ്യുന്നത്് ഈ ബന്ധംകൊണ്ടാണ്.
അവന് ആദ്യ ഹാട്രിക് കിട്ടിയ സംഭവം ഞാന്‍ ഓര്‍ക്കുന്നു. എന്താണ് നിനക്ക് വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. വീരു ഭായ് ദയവായി എന്റെ പ്രതിഫലം ഉയര്‍ത്തി നല്‍കൂ എന്നാണ് അന്ന് അവന്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് ആരോടും ചോദിക്കാതെ തന്നെ അവന് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇനിയൊരു ഹാട്രിക് നേടുമ്പോള്‍ ശമ്പള വര്‍ധനവ് ആവിശ്യപ്പെടേണ്ട സാഹചര്യം അവനില്ല'-സെവാഗ് പറഞ്ഞു.
39ാം വയസിലും തന്റെ സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടാന്‍ മിശ്രയ്ക്ക് സാധിക്കുന്നു. ടി20 ഫോര്‍മാറ്റില്‍ 250ലധികം വിക്കറ്റുള്ള താരമാണ് അമിത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് അമിത്. 152 മത്സരത്തില്‍ നിന്ന് 164 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്. 170 വിക്കറ്റുള്ള ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഈ സീസണിന്റെ അവസാനത്തോടെ ഈ റെക്കോഡില്‍ മലിംഗയെ കടത്തിവെട്ടാന്‍ മിശ്രക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications