Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉപേക്ഷിക്കേണ്ടിയിരുന്നത് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സി, ഇന്ത്യ ലോകകപ്പ് നേടിയാല്‍ തീരുമാനം മാറ്റരുത്: നെഹ്‌റ

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീമിന്റെ ട്വന്റി-20 ക്യാപ്റ്റന്‍സിയില്‍ നിന്നും താന്‍ ഒഴിയുന്നതായി വിരാട് കോഹ്ലി അറിയിച്ചത്. ക്രിക്കറ്റ് ആരാധകരെയെല്ലാം അമ്പരപ്പിച്ച, അപ്രതീക്ഷിത തീരുമാനമായിരുന്നു വിരാട് അറിയിച്ചത്. നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പോടെ താന്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു വിരാട് അറിയിച്ചത്. കോഹ്ലിയ്ക്ക് ശേഷം ആരായിരിക്കും ഇന്ത്യയെ കുട്ടി ക്രിക്കറ്റില്‍ നയിക്കുക എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ തുടങ്ങിയ താരങ്ങളുടെ പേരുകളാണ് ഉയര്‍ന്നു വരുന്നത്.

ഇതിനിടെ ഇപ്പോഴിതാ കോഹ്ലിയുടെ തീരുമാനത്തില്‍ തന്റെ നിലപാട് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആശിഷ് നെഹ്‌റ. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ ക്രിക്ക് ബസിനോടായിരുന്നു നെഹ്‌റ മനസ് തുറന്നത്. തന്റെ അഭിപ്രായത്തില്‍ കോഹ്ലി ഉപേക്ഷിക്കേണ്ടിയിരുന്നത് ഐപില്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സിയാണെന്നാണ് നെഹ്‌റ പറയുന്നത്.

virat kohli

കൂടുതല്‍ ട്വന്റി-20 മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നത് ഐപിഎല്ലിലാണെന്നും സമ്മര്‍ദ്ദമാണ് കാരണമെങ്കില്‍ അത് ഐപിഎല്‍ ടീമിന്റെ നായകനാകുമ്പോള്‍ കൂടുതലാണെന്നുമായിരുന്നു നെഹ്‌റയുടെ വാദം.''ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇന്ത്യ ഒരു കൊല്ലം അഞ്ചോ ഏഴോ ട്വന്റി-20 കളാണ് കളിക്കുന്നത്. അതൊന്നും നിങ്ങള്‍ കളിക്കാതെയിരിക്കില്ലല്ലോ. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കളിക്കുക തന്നെ ചെയ്യും. തന്റെ കുടുംബം, എല്ലാ ഫോര്‍മാറ്റിലേയും നായകസ്ഥാനം, പ്രത്യേകിച്ചും ടെസ്റ്റിലേത്, ഈ ചിന്തകളൊക്കെ ഭാരമാകുന്നുണ്ടെങ്കില്‍ ആദ്യം ഐപിഎല്‍ ക്യാപ്റ്റന്‍സി വേണ്ടെന്ന് വെക്കുന്നതാകും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്'' എന്നാണ് നെഹ്‌റ പറഞ്ഞത്.

''കാരണം, ഇത് രണ്ട്-രണ്ടര മാസം നീണ്ടു നില്‍ക്കുന്നൊരു ടൂര്‍ണമെന്റാണ്. കോച്ചും മാനേജുമെന്റും അതിനും മുമ്പ് തന്നെ നിങ്ങളെ ബന്ധപ്പെട്ട് കൊണ്ടിരിക്കും. അതുകൊണ്ട് ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റന്‍സി വേണ്ടെന്ന് വെക്കുന്നതിനേക്കാള്‍ നല്ലത് ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റന്‍സി വേണ്ടെന്ന് വെക്കുന്നതായിരുന്നു കോഹ്ലിയ്ക്ക് നല്ലത്'' നെഹ്‌റ വ്യക്തമാക്കുന്നു. സെപ്തംബര്‍ 16 നായിരുന്നു താന്‍ ഇന്ത്യയുടെ ട്വന്റി-20 നായകസ്ഥാനത്തു നിന്നും പിന്മാറുന്നതായി കോഹ്ലി അറിയിച്ചത്. രോഹിത് ശര്‍മ്മയുമായും കോച്ച് രവി ശാസ്ത്രിയുമായും ആലോചിച്ച ശേഷമാണ് തന്റെ തീരുമാനമെന്നും വിരാട് അറിയിച്ചിരുന്നു.

അതേസമയം ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ കോഹ്ലി തന്റെ തീരുമാനം മാറ്റരുതെന്നും ആശിഷ് നെഹ്‌റ പറഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരുപാട് നേട്ടങ്ങള്‍ ഇതിനോടകം തന്നെ കോഹ്ലി സ്വന്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ ലോകകപ്പിന്റെ റിസള്‍ട്ട് അദ്ദേഹത്തിന്റെ തീരുമാനത്തെ ബാധിക്കരുതെന്നുമാണ് നെഹ്‌റ പറയുന്നത്.

''അതവനെ ബാധിക്കരുത്. അവന്‍ ഇതിനോടകം തന്നെ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാലഞ്ച് വര്‍ഷം ടീമിനെ നയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ പരമ്പരകള്‍ ജയിച്ചു. ഇതൊന്നും അവനെ ബാധിക്കാനേ പാടില്ല. ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും അത് കോഹ്ലിയുടെ തീരുമാനത്തെ ബാധിക്കാന്‍ പാടില്ല'' എന്നായിരുന്നു നെഹ്‌റ പറഞ്ഞത്.

അതേസമയം നേരത്തെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവച്ച ഐപിഎല്ലിന്റെ രണ്ടാം പകുതിയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. ഐപിഎല്ലിലെ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് രണ്ടാം പകുതിയിലെ ആദ്യത്തെ മത്സരം. ടോസ് നേടിയ ചെന്നൈ നായകന്‍ എംഎസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ ചെന്നൈയുടെ മുന്‍നിരയെ മുംബൈ തുടക്കത്തില്‍ തന്നെ മടക്കിയയച്ചു. ഋതുരാജ് ഗെയ്ഗ്വാദിന്റെ ചെറുത്തു നില്‍പ്പാണ് ചെന്നൈയെ 20 ഓവറില്‍ 156 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട്, ആഡം മില്‍നെ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തുകയായിരുന്നു.

Story first published: Sunday, September 19, 2021, 22:35 [IST]
Other articles published on Sep 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+