ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി എട്ട് ദിവസം മാത്രം. ടീമുകളെല്ലാം അവസാനഘട്ട പരിശീലനത്തിലാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ആര്‍സിബിയെ നേരിടും. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. എന്നാല്‍ ഒരു എതിരാളിക്കെതിരേ ഒരിക്കല്‍ പോലും പൂജ്യത്തിന് പുറത്താവാതെ കൂടുതല്‍ റണ്‍സ് നേടിയ താരമാരാണ്?പട്ടിക പരിശോധിക്കാം.
വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഒരു തവണ പോലും കോലി പൂജ്യത്തിന് പുറത്തായിട്ടില്ല. 897 റണ്‍സാണ് അദ്ദേഹം ഡല്‍ഹിക്കെതിരേ അടിച്ചെടുത്തിട്ടുള്ളത്. ഈ റെക്കോഡിലെ രണ്ടാം സ്ഥാനത്തും കോലി തന്നെയാണ്. സിഎസ്‌കെയ്‌ക്കെതിരേ 887 റണ്‍സാണ് കോലി നേടിയത്. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയ്‌ക്കെതിരേ ഒരു തവണ പോലും കോലി പൂജ്യത്തിന് പുറത്തായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
മൂന്നാം സ്ഥാനത്ത് എംഎസ് ധോണിയാണ്. വിരാട് കോലി നയിക്കുന്ന ആര്‍സിബിക്കെതിരേ ഒരു തവണ പോലും പൂജ്യത്തിന് പുറത്താവാതെ 823 റണ്‍സാണ് ധോണി അടിച്ചെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി അവസാന സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ നേരത്തെ തന്നെ പരിശീലനം ആരംഭിച്ച ധോണി ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ സിഎസ്‌കെയുടെ സുരേഷ് റെയ്‌ന 818 റണ്‍സും നേടിയിട്ടുണ്ട്. മൂന്നാം നമ്പറില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച താരമായ റെയ്‌നയെ ഒരു തവണ പോലും ഡെക്കില്‍ പുറത്താക്കാന്‍ കെകെആറിന് സാധിച്ചിട്ടില്ല. മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീര്‍ പഞ്ചാബ് കിങ്‌സിനെതിരേ ഒരു തവണ പോലും ഡെക്കില്‍ പുറത്താവാതെ 730 റണ്‍സും നേടിയിട്ടുണ്ട്.
മുംബൈ ഇന്ത്യന്‍സിനെതിരേ ഒരു തവണ പോലും എബിഡി പൂജ്യത്തിന് പുറത്തായിട്ടില്ല. നേടിയത് 726 റണ്‍സും. മുംബൈ-ആര്‍സിബി പോരാട്ടങ്ങളില്‍ ആര്‍സിബിക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ എബിഡിക്ക് സാധിച്ചിട്ടുണ്ട്. ആര്‍സിബിക്കെതിരേ ഡെക്കില്‍ പോവാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ 700 റണ്‍സും നേടിയിട്ടുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാന്‍ കെകെആറിനെതിരേ ഡെക്കിന് പുറത്താവാതെ 688 റണ്‍സ് നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ക്രിസ് ഗെയ്ല്‍ പൂജ്യത്തിന് പുറത്താവാതെ 664 റണ്‍സും നേടിയിട്ടുണ്ട്. റോബിന്‍ ഉത്തപ്പയാണ് ഈ റെക്കോഡിലെ 10ാമന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഇതുവരെ പൂജ്യത്തിന് പുറത്താവാത്ത ഉത്തപ്പ 658 റണ്‍സാണ് നേടിയത്.