ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ആര്‍സിബി. ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച ആര്‍സിബി രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 6 റണ്‍സിനാണ് തോല്‍പ്പിച്ചത്. കരുത്തരായ ഹൈദരാബാദിനെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 149ല്‍ ഒതുങ്ങിയിട്ടും ഹൈദരാബാദിനെ വിജയം നേടുന്നതില്‍ നിന്ന് തടയാനായി. മത്സരത്തില്‍ എവിടെയാണ് ആര്‍സിബിക്ക് ആധിപത്യം നേടാനായതെന്നത് നായകന്‍ വിരാട് കോലി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ടീമിന്റെ എക്‌സ്ട്രാ ബൗളര്‍മാരാണ് ഇത്തവണ വിജയം നേടിത്തന്നതെന്നാണ് കോലി പറഞ്ഞത്. 'ഇത്തവണ ഞങ്ങള്‍ക്ക് എക്‌സ്ട്രാ ബൗളര്‍മാര്‍ ഉണ്ടായിരുന്നു. ഇതാണ് മധ്യ ഓവറുകളില്‍ കരുത്ത് നല്‍കിയത്. കെകെആര്‍- മുംബൈ മത്സരത്തിലും ഇത് കണ്ടതാണ്. എക്‌സ്ട്രാ ബൗളര്‍മാര്‍ മധ്യഓവറുകളില്‍ കളി നിയന്ത്രിക്കുന്നു.

നമ്മള്‍ 149ല്‍ ഒതുങ്ങിയെങ്കില്‍ എതിരാളികള്‍ക്കും കാര്യങ്ങള്‍ പ്രയാസമായിരിക്കും എന്നാണ് ഞാന്‍ സഹതാരങ്ങളോട് പറഞ്ഞത്. 150 റണ്‍സ് പ്രതിരോധിക്കാനാവുമെന്ന് വലിയ വിശ്വാസം എനിക്കുണ്ടായിരുന്നു. ഈ പിച്ചില്‍ ബാറ്റ് ചെയ്യുക എളുപ്പമായിരുന്നില്ല. സമ്മര്‍ദ്ദത്തില്‍ ഞങ്ങള്‍ക്ക് പദ്ധതി നന്നായി പ്രാവര്‍ത്തികമാക്കാനായി. പഴയ ബോളില്‍ ബാറ്റിങ് വളരെ ബുദ്ധിമുട്ടായിരുന്നു'-കോലി പറഞ്ഞു.
ചെന്നൈയില്‍ ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ ആധിപത്യമുള്ളത്. നന്നായി ടേണും സ്വിങ്ങും ലഭിക്കുന്ന പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാണ്. ആര്‍സിബിക്കായി ഗ്ലെന്‍ മാക്‌സ് വെല്‍ (59), വിരാട് കോലി (33) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഹൈദരാബാദിനായി ഡേവിഡ് വാര്‍ണര്‍ (54), മനീഷ് പാണ്ഡെ (38) എന്നിവരാണ് തിളങ്ങിയത്. എന്നാല്‍ അവസാന അഞ്ച് ഓവറിനുള്ളില്‍ ഹൈദരാബാദിന്റെ ഏഴ് വിക്കറ്റ് വീഴ്ത്താന്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് സാധിച്ചതോടെ മത്സരം കൈപ്പിടിയിലാവുകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം ജയം നേടിയതോടെ ആര്‍സിബി 14ാം സീസണിലെ പ്രതീക്ഷകള്‍ സജീവമാക്കുകയാണ്. എന്നാല്‍ വിജയങ്ങളില്‍ അമിത ആഹ്ലാദം ഇല്ലെന്ന് കോലി പറഞ്ഞു. 'ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഇന്നിങ്‌സാണ് 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ വിജയങ്ങളില്‍ അമിത ആഹ്ലാദമില്ല. ഞങ്ങള്‍ക്ക് കൃത്യമായ പദ്ധതിയും താരങ്ങളെക്കുറിച്ച് കാഴ്ചപ്പാടുമുണ്ട്. ഇത്തവണ ഹര്‍ല്‍ പട്ടേലിനെ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ലഭിച്ചു. വളരെ മനോഹരമായാണ് അവന്‍ കളിക്കുന്നത്'-കോലി പറഞ്ഞു.