
വനിന്‍ഡു ഹസരങ്ക (ആര്‍സിബി)
ഓസീസ് താരം ആദം സാംബ രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ പകരക്കാരനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊണ്ടുവന്ന സ്പിന്നറാണ് വനിന്‍ഡും ഹസരങ്ക. ശ്രീലങ്കന്‍ താരമായ ഹസരങ്ക യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധ്യത കൂടുതല്‍. ഗൂഗ്ലിയും ദൂസ് രയുമടക്കം ബൗളിങ്ങില്‍ വളരെ വ്യത്യസ്തത കൊണ്ടുവരുന്ന ബൗളറാണ് ഹസരങ്ക. ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ബൗളറാണ് അദ്ദേഹം.
അവസാന ഇന്ത്യന്‍ പരമ്പരയില്‍ ഇന്ത്യയുടെ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരെയും വട്ടം കറക്കാന്‍ ഹസരങ്കക്ക് സാധിച്ചിട്ടുണ്ട്. ലങ്ക പ്രീമിയര്‍ ലീഗിലും ഹസരങ്ക ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട്. 24കാരനായ താരം 21 ടി20കളില്‍ നിന്ന് 33 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 6.56 എന്ന മികച്ച ഇക്കോണമിയുള്ള താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം 9 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ ഹസരങ്കക്കാവും. അതിനാല്‍ത്തന്നെ രണ്ടാം പാദത്തിലെ ആര്‍സിബിയുടെ തുറുപ്പുചീട്ടായി ഹസരങ്ക മാറിയേക്കും.

എവിന്‍ ലെവിസ് (രാജസ്ഥാന്‍ റോയല്‍സ്)
വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണറാണ് എവിന്‍ ലെവിസ്. ഐപിഎല്ലില്‍ നേരത്തെ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചിട്ടുള്ള താരത്തെ രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ ടീമിലെത്തിച്ചത്. 45 ടി20കള്‍ കളിച്ചിട്ടുള്ള ഇടംകൈയന്‍ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 158.03 ആണ്. 103 സിക്‌സുകള്‍ ഇതിനോടകം പറത്തിയിട്ടുള്ള ലെവിസ് ബൗളര്‍മാരുടെ പേടി സ്വപ്‌നമാണെന്ന് പറയാം. യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുന്ന ശൈലിയാണ് ലെവിസിന്റേത്. പവര്‍പ്ലേ ഓവറുകളെ നന്നായി മുതലാക്കാന്‍ ലെവിസിന് കഴിവുമുണ്ട്. ആദ്യ പാദം അവസാനിക്കുമ്പോള്‍ ആറാം സ്ഥാനത്തുള്ള രാജസ്ഥാന്റെ രണ്ടാം പാദത്തിലെ തിരിച്ചുവരവിന് നിര്‍ണ്ണായക പങ്കാവും ലെവിസിനുണ്ടാവുക. സിപിഎല്ലിലും തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. നിലവിലെ ഫോമും പ്രതീക്ഷ നല്‍കുന്നതാണ്.

തബ്രൈസ് ഷംസി (രാജസ്ഥാന്‍ റോയല്‍സ്)
നിലവിലെ ലോക ഒന്നാം നമ്പര്‍ ടി20 ബൗളറാണ് തബ്രൈസ് ഷംസി. ദക്ഷിണാഫ്രിക്കക്കാരനായ താരത്തെ രാജസ്ഥാന്‍ റോയല്‍സാണ് രണ്ടാം പാദത്തില്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ ആന്‍ഡ്രേ ടൈക്ക് പകരക്കാരനായാണ് ഷംസിയുടെ വരവ്. ദക്ഷിണാഫ്രിക്കക്കാരായ ക്രിസ് മോറിസ്, ഡേവിഡ് മില്ലര്‍, ജെറാള്‍ഡ് കോറ്റിസി എന്നിവര്‍ രാജസ്ഥാന്‍ നിരയിലുണ്ട്. ഇതിന് പിന്നാലെയാണ് ഷംസിയുടെ വരവ്. യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുമെന്ന് 2020 സീസണോടെ വ്യക്തമാണ്.
അതിനാല്‍ത്തന്നെ ഷംസിയുടെ പ്രകടനം നിര്‍ണ്ണായകമാവും. ആദ്യ പാദത്തില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. രണ്ടാം പാദത്തില്‍ തിരിച്ചുവരാന്‍ തുടര്‍ ജയങ്ങള്‍ ആവിശ്യമാണ്. ഷംസിയുടെ വരവോടെ രാജസ്ഥാന്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധ്യതയുണ്ട്. സിപിഎല്ലിലും തിളങ്ങുന്ന ഷംസി വിക്കറ്റ് വീഴ്ത്താന്‍ വളരെ മിടുക്കുള്ള ബൗളര്‍മാരിലൊരാളാണ്. 39 ടി20യില്‍ നിന്ന് 45 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. 6.79 ആണ് ഇക്കോണമി. 4 ഐപിഎല്ലില്‍ നിന്ന് മൂന്ന് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ആര്‍സിബിക്കുവേണ്ടിയാണ് അദ്ദേഹം കളിച്ചത്.

ഗ്ലെന്‍ ഫിലിപ്‌സ് (രാജസ്ഥാന്‍ റോയല്‍സ്)
രാജസ്ഥാന്‍ റോയല്‍സ് രണ്ടാം പാദത്തില്‍ ടീമിലേക്കെത്തിച്ച താരമാണ് ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ്. വലം കൈയന്‍ ബാറ്റ്‌സ്മാനായ ഫിലിപ്‌സ് വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ മിന്നും പ്രകടനം നടത്തിയ താരം സിപിഎല്ലില്‍ ബാര്‍ബഡോസ് റോയല്‍സിനുവേണ്ടിയും തിളങ്ങുന്നുണ്ട്. വമ്പനടിക്കാരനായ താരം ജോസ് ബട്‌ലറിന്റെ പകരക്കാരനായി രാജസ്ഥാന്റെ പ്ലേയിങ് 11ല്‍ ഇടം പിടിച്ചേക്കും.
പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്. 24കാരനായ താരം 25 ടി20യില്‍ നിന്ന് 505 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 108 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യമായാണ് താരം ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. തിളങ്ങിക്കിട്ടിയാല്‍ രാജസ്ഥാന്റെ തലവര മാറ്റാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് ഫിലിപ്‌സ്.

ടിം ഡേവിഡ് (ആര്‍സിബി)
വിരാട് കോലിയുടെ ആര്‍സിബി രണ്ടാം പാദത്തില്‍ ടീമിലെത്തിച്ചിരിക്കുന്ന താരമാണ് ടിം ഡേവിഡ്. ന്യൂസീലന്‍ഡിന്റെ ഫിന്‍ അലന്റെ പകരക്കാരനായാണ് സിംഗപ്പൂരുകാരനായ ടിം ഡേവിഡിനെ ആര്‍സിബി സ്വന്തമാക്കിയത്. സിംഗപ്പൂരില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യത്തെ താരം കൂടിയാണ് ടിം ഡേവിഡ്. ബിബിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. സിപിഎല്ലിലും തിളങ്ങുന്നുണ്ട്. 11 ടി20യില്‍ നിന്ന് 47.67 ശരാശരിയില്‍ 429 റണ്‍സും അഞ്ച് വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. മീഡിയം പേസറുമായ അദ്ദേഹം വിരാട് കോലിയുടെ പദ്ധതികളെ നടപ്പിലാക്കാന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. ടീമിന്റെ മാച്ച് വിന്നറായി ഡേവിഡ് മാറാനും സാധ്യതകളേറെ.


Click it and Unblock the Notifications











