IPL 2021: പഞ്ചാബ് x രാജസ്ഥാന്‍, മത്സരഗതിയില്‍ വഴിത്തിരിവായ മൂന്ന് സംഭവമിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാല് റണ്‍സിന് പഞ്ചാബ് കിങ്‌സ് തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സെഞ്ച്വറിയോടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ (119) പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പഞ്ചാബ്- രാജസ്ഥാന്‍ മത്സരത്തില്‍ വഴിത്തിരിവായ മൂന്ന് കാര്യങ്ങളിതാ.

രാഹുലിനെ കൈവിട്ട് ബെന്‍ സ്റ്റോക്‌സ്
221 എന്ന വമ്പന്‍ സ്‌കോറിലേക്ക് പഞ്ചാബ് എത്തിയപ്പോള്‍ ടോപ് സ്‌കോററായത് നായകന്‍ കെ എല്‍ രാഹുലായിരുന്നു. 50 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 91 റണ്‍സാണ് രാഹുല്‍ നേടിയത്. എന്നാല്‍ തുടക്കത്തിലെ രാഹുലിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം രാജസ്ഥാന്റെ ബെന്‍ സ്റ്റോക്‌സ് പാഴാക്കിയത് വലിയ തിരിച്ചടിയായി.
ഏഴാം ഓവര്‍ എറിയാനെത്തിയ ശ്രേയസ് ഗോപാലിനെ അതിര്‍ത്തി കടത്താനുള്ള രാഹുലിനെ ശ്രമം ലോങ് ഓഫില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലേക്ക്. അല്‍പ്പം പ്രയാസമുള്ള ക്യാച്ചായിരുന്നെങ്കിലും ബെന്‍ സ്റ്റോക്‌സിനെപ്പോലൊരു ഫീല്‍ഡറെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള ക്യാച്ചായിരുന്നില്ല അത്. എന്നാല്‍ സ്റ്റോക്‌സ് അത് നഷ്ടപ്പെടുത്തി. പന്ത് ബൗണ്ടറിയും പോയി.

സഞ്ജു സാംസണെ കൈവിട്ട് രാഹുല്‍
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയത് പഞ്ചാബിന്റെ പിഴവിലാണ്. പഞ്ചാബ് നായകനും വിക്കറ്റ് കീപ്പറുമായ കെ എല്‍ രാഹുലിന് ലഭിച്ച സഞ്ജുവിന്റെ അനായാസ ക്യാച്ച് താരം നഷ്ടപ്പെടുത്തി. വെറും 12 റണ്‍സായിരുന്നു സഞ്ജു അപ്പോള്‍ നേടിയിരുന്നത്. ഇത് മത്സരത്തില്‍ വഴിത്തിരിവായി. പിന്നീട് കത്തിക്കയറിയ സഞ്ജു അവസാന പന്തുവരെ പഞ്ചാബിനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. നിരവധി ഫീല്‍ഡിങ് പിഴവുകള്‍ ഇരു ടീമിന്റെയും ഭാഗത്ത് നിന്നുണ്ടായി.

ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റ്
രാജസ്ഥാന്‍ നിരയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള താരമാണ് ബെന്‍ സ്‌റ്റോക്‌സ്. അവസാന സീസണില്‍ ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ത്ത സ്റ്റോക്‌സ് ഇത്തവണയും ഓപ്പണറായി ഇറങ്ങിയെങ്കിലും പൂജ്യത്തിന് പുറത്തായി. ഇത് മത്സരത്തിന്റെ ഗതി നിര്‍ണ്ണയിച്ച പുറത്താവലായിരുന്നു. മൂന്ന് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കും മുമ്പ് മുഹമ്മദ് ഷമി റിട്ടേണ്‍ ക്യാച്ചിലൂടെ സ്റ്റോക്‌സിനെ പുറത്താക്കുകയായിരുന്നു. മധ്യനിരയില്‍ ജോസ് ബട്‌ലറിന്റെ വിക്കറ്റ് റിച്ചാര്‍ഡ്‌സന്‍ വീഴ്ത്തിയതും നിര്‍ണ്ണായകമായി. ബട്‌ലര്‍ ക്രീസില്‍ നിന്നിരുന്നെങ്കില്‍ മത്സരഫലം രാജസ്ഥാന് അനുകൂലമാവാനുള്ള സാധ്യത കൂടുതലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications