ഐപിഎല്ലിലെ സൂപ്പര്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തുടര്‍ വിജയങ്ങളിലൂടെ പോയന്റ് പട്ടികയില്‍ ഒന്നാമത് എത്തിയ ചെന്നൈ പ്ലേ ഓഫ് ടിക്കറ്റ് നേരത്തെ തന്നെ എടുത്ത് കാത്തിരിക്കുകയാണ്. ഇതുവരെ കളിച്ച പതിനൊന്നില്‍ ഒമ്പതെണ്ണത്തിലും ചെന്നൈയ്ക്ക് വിജയിക്കാനായി. പോയ സീസണില്‍ മോശം പ്രകടനം കാരണം പ്ലേ ഓഫിലെത്താതിരുന്ന ടീമായിരുന്നു ചെന്നൈ. എന്നാല്‍ ഇത്തവണ ചെന്നൈ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. വയസന്‍ പട എന്ന് പലരും കളിയാക്കിയിരുന്നുവെങ്കിലും അവരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് ചെന്നൈ.
ചെന്നൈയുടെ മിന്നും പ്രകടനത്തിനും നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയ്ക്കും കയ്യടിക്കുമ്പോഴും ഒരു കാര്യത്തില്‍ ആരാധകര്‍ നിരാശരാണ്. കഴിഞ്ഞ കുറച്ച് കാലമായി ബാറ്റു കൊണ്ട് ടീമിന് വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ ധോണിയ്ക്ക് സാധിച്ചിട്ടില്ല. മത്സരം ഫിനിഷ് ചെയ്യാനും ധോണിയ്ക്ക് സാധിക്കുന്നില്ല. ഈ സീസണില്‍ 66 റണ്‍സ് മാത്രമാണ് ധോണിയ്ക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സിക്‌സ് നേടി മത്സരം ഫിനിഷ് ചെയ്ത ധോണി പലരിലും പ്രതീക്ഷ ഉണര്‍ത്തിയിരുന്നു.

പക്ഷെ ആ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നാണ് സഞ്ജയ് മഞ്ചരേക്കര്‍ പറയുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയിലായിരുന്നു മഞ്ചേരക്കറുടെ പ്രതികരണം. ധോണിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് വെറുതയാണെന്ന പഴയ ധോണിയായി ബാറ്റിംഗില്‍ ഒരു തിരിച്ചുവരവ് ഇനിയുണ്ടാകില്ലെന്നും മഞ്ചരേക്കര്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
''ഹൈദരാബാദിന് എതിരെ ധോണി നേടിയ സിക്‌സ് കണ്ട് നമ്മളൊക്കെ നൊസ്റ്റാള്‍ജിക്കും റൊമാന്റിക്കുമൊക്കെ ആവുകയാണ്. പക്ഷെ ഇതുവരേയും ബാറ്റു കൊണ്ട് കാര്യമായൊന്നും ധോണി ചെയ്തിട്ടില്ല. ബാറ്റിംഗില്‍ പഴയ ധോണിയായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നാണ് തോന്നുന്നത്. അതേസമയം അദ്ദേഹത്തിന്റെ മോശം ബാറ്റിംഗ് ചെന്നൈയെ ബാധിക്കുന്നില്ല. മറ്റ് താരങ്ങളെല്ലാം നല്ല ഫോമിലാണ്. ബാറ്റു കൊണ്ട് ധോണി ഫോമിലല്ല എന്നത് സത്യമാണ്. പക്ഷെ അദേഹത്തിന്റെ ക്യാപ്റ്റന്‍സി ഇപ്പോഴും നല്ല ഫോമിലാണ്'' എന്നാണ് മഞ്ചരേക്കര്‍ പറഞ്ഞത്.
്അതേസമയം ചരിത്രപരമായ നാഴികക്കല്ല് പിന്നിടുകയാണ് ഇന്നത്തെ മത്സരത്തിലൂടെ ധോണി. രാജസ്ഥാനെതിരായ മത്സരത്തിലൂടെ ക്യാപ്റ്റനായി തന്റെ 200-ാമത്തെ മത്സരത്തിനാണ് ധോണി ഇറങ്ങുന്നത്. 14 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ഇത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണ്. ധോണി നയിച്ച 199 മത്സരങ്ങളില്‍ 119 മത്സരങ്ങളിലും ചെന്നൈ വിജയിച്ചിട്ടുണ്ട്. 79 തവണ മാത്രമാണ് ചെന്നൈ പരാജയപ്പെട്ടത്. 60.1 ശതമാനം വിജയ ശതമാനമുള്ള ധോണി ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ വിജയം നേടിയ നായകനുമാണ്.
''ഐപിഎല്ലിലെ 60 ശതമാനവും വിജയിക്കുക എന്നത് വലിയൊരു നേട്ടമാണ്. ഈ റെക്കര്‍ഡ് ആര്‍ക്കെങ്കിലും തകര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ വര്‍ഷം ഏറ്റവും മോശം അവസ്ഥയിലായിരുന്ന സമയത്ത് വരുത്തിയ മാറ്റങ്ങളാണ് ചെന്നൈയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ വലിയ കാര്യം. തന്റെ കംഫര്‍ട്ട് സോണിന് പുറത്തായിരുന്നു ധോണി. സാധാരണ ധോണിയ്ക്ക് എപ്പോഴും ഒരു സെറ്റ് താരങ്ങളുണ്ടാകും. പക്ഷെ ഈ സീസണില്‍ അദ്ദേഹം കൊണ്ടു വന്ന മാറ്റങ്ങള്‍ നല്ലതായിരുന്നുവെന്ന് മാത്രമല്ല അസാധ്യവുമായിരുന്നു ആ മാറ്റം'' മഞ്ചരേക്കര്‍ പറയുന്നു.
അതേസമയം ചെന്നൈ ഇന്ന് രാജസ്ഥാനെ നേരിടുകയാണ്. നേരത്തെ തന്നെ പ്ലേ ഓഫ് ടിക്കറ്റ് എടുത്തിരിക്കുന്നതിനാല്‍ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരം യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കളിക്കാനാകും. അതേസമയം പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ മങ്ങി നില്‍ക്കുന്ന രാജസ്ഥാന് എന്തെങ്കിലും പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയിക്കണം. ഇന്നത്തെ ആദ്യത്തെ മത്സരത്തില്‍ മുംബൈ പരാജയപ്പെട്ടത് രാജസ്ഥാന് ഗുണമായി മാറും.