ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോറ്റിരിക്കുകയാണ്. ടീമിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സീസണിലെ ആദ്യ മൂന്ന് മത്സരവും തോല്‍ക്കുന്നത്. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോഴും മധ്യനിരയിലെ ബാറ്റിങ് പ്രകടനം ഹൈദരാബാദിന് തിരിച്ചടിയാവുന്നു. മധ്യനിരയില്‍ ടീമിന് കരുത്തേകാന്‍ സീനിയര്‍ താരം വരണമെന്നാണ് പൊതുവേയുള്ള ആവിശ്യം. കെയ്ന്‍ വില്യംസണിന് പരിക്കായതിനാല്‍ത്തന്നെ പകരം ആരെ മധ്യനിരയില്‍ ഇറക്കുമെന്നത് ഹൈദരാബാദിനെ സംബന്ധിച്ച് കുഴപ്പിക്കുന്ന ചോദ്യമാണ്.
ഇപ്പോഴിതാ ഹൈദരാബാദിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഉത്തരവുമായി എത്തിയിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആരാധകര്‍. കേദാര്‍ ജാദവിനെ കളിപ്പിക്കണമെന്നാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്. ഹൈദരാബാദിനെ രക്ഷിക്കാന്‍ കേദാര്‍ ജാദവ് വരണമെന്ന നിലയില്‍ വലിയ പ്രചാരമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. ട്വിറ്ററില്‍ നിരവധി പേരാണ് ഇതേ ആവിശ്യവുമായി എത്തിയിരിക്കുന്നത്. ഇതിനോടകം വലിയ ട്രന്റായി കേദാര്‍ ജാദവ് മാറിക്കഴിഞ്ഞു.

അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം വളരെ നിരാശപ്പെടുത്തിയ താരമാണ് കേദാര്‍ ജാദവ്. വലിയ വിമര്‍ശനവും താരം നേരിട്ടിരുന്നു. സിഎസ്‌കെ ഒഴിവാക്കിയ കേദാറിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്്്ക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഹൈദരാബാദിനെതിരെയും നിരവധി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഹൈദരാബാദ് തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെയാണ് കേദാര്‍ ജാദവ് ട്രന്റ് വീണ്ടും തരംഗം സൃഷ്ടിക്കുന്നത്.
'ബെഞ്ചിലിരുത്താനാണോ കേദാര്‍ ജാദവിനെപ്പോലൊരു സീനിയര്‍ താരത്തെ രണ്ട് കോടി രൂപയ്ക്ക് ടീമിലെടുത്തത് എന്നാണ് രാജ് മോഹന്‍ എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തത്,പറയുമ്പോള്‍ മണ്ടത്തരമാണെന്ന് തോന്നുമെങ്കിലും അതാണ് ശരി.പരിചയസമ്പന്നനായ കേദാര്‍ ജാദവിന് ഒരു അവസരം നല്‍കണമെന്ന് നോ വണ്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരാള്‍ പ്രതികരിച്ചു'.
ഇത്തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഷ്ടപ്പെടുന്ന മനീഷ് പാണ്ഡെയെ ഒഴിവാക്കി കേദാര്‍ ജാദവിനെ കളിപ്പിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പലരും കാര്യമായാണ് പ്രതികരിക്കുന്നതെങ്കിലും ട്രോളെന്ന നിലയിലാണ് കൂടുതല്‍ പ്രചാരണം ലഭിക്കുന്നത്. എന്തായാലും അടുത്ത മത്സരത്തില്‍ ഹൈദരാബാദ് നിരയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. വില്യംസണ് പരിക്കായതിനാല്‍ത്തന്നെ കേദാറിന് ചിലപ്പോള്‍ അവസരം നല്‍കിയേക്കും.