IPL 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍, ആശ്വാസ ജയം തേടി ഹൈദരാബാദ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (27-9-2021) മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. നിലവില്‍ ആറാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ ജയം അത്യാവശ്യമാണ്. അതേ സമയം തുടര്‍ച്ചയായി എട്ട് തോല്‍വി വഴങ്ങിയെത്തുന്ന ഹൈദരാബാദ് പ്രതീക്ഷിക്കുന്നത് ആശ്വാസ ജയമാണ്. വൈകീട്ട് 7.30നാണ് മത്സരം.
ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായിരുന്നു. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോല്‍വി വഴങ്ങേണ്ടി വന്നു. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ അവസാനം വരെ പൊരുതി നോക്കിയെങ്കിലും മികച്ച പിന്തുണ ലഭിക്കാത്തതിനാല്‍ രാജസ്ഥാന് തോല്‍വി സമ്മതിക്കേണ്ടി വന്നു. ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായക മത്സരമായതിനാല്‍ ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജസ്ഥാന് പരിക്ക് തിരിച്ചടി
ക്രിസ് മോറിസ്, എവിന്‍ ലെവിസ് എന്നിവരുടെ ഫിറ്റ്‌നസ് പ്രശ്‌നം രാജസ്ഥാന് കടുത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ ടീമിലെത്തിച്ച എവിന്‍ ലെവിസ് പഞ്ചാബ് കിങ്‌സിനെതിരേ തല്ലിത്തകര്‍ത്തെങ്കിലും ഡല്‍ഹിക്കെതിരേ പുറത്തിരിക്കേണ്ടി വന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും പരിക്കിന്റെ പിടിയിലാണെന്നത് രാജസ്ഥാനെ ആശങ്കപ്പെടുത്തുന്നു. ലിയാം ലിവിങ്സ്റ്റണും യശ്വസി ജയ്‌സ്വാളിനും മികച്ച തുടക്കം നല്‍കാന്‍ ഡല്‍ഹിക്കെതിരേ സാധിച്ചില്ല. ഡേവിഡ് മില്ലറും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ബാറ്റിങ് നിര മെച്ചപ്പെടാത്തപക്ഷം ടീമിന്റെ തിരിച്ചുവരവ് പ്രയാസമാവും.
അതേ സമയം ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചേതന്‍ സക്കറിയ പക്വതയോടെ പന്തെറിയുമ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ അനുഭവസമ്പത്തിന്റെ മികവ് കാട്ടുന്നു. കാര്‍ത്തിക് ത്യാഗിയും അവസരത്തിനൊത്ത് ഉയരുന്നുണ്ട്. സഞ്ജു സാംസണ്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഭേദപ്പെട്ട് നില്‍ക്കുന്നത് ടീമിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുകയാണ്.

ഹൈദരാബാദിനും ബാറ്റിങ് പ്രശ്‌നം
റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ് തുടങ്ങിയ സൂപ്പര്‍ ബൗളര്‍മാര്‍ ഹൈദരാബാദിനൊപ്പമുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മുന്‍ നായകനും സൂപ്പര്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹൈദരാബാദിന് തിരിച്ചടിയാവുന്നത്. നായകന്‍ കെയ്ന്‍ വില്യംസണും അവസരത്തിനൊത്ത് ഉയരാനാവുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ആരും തന്നെ ടീമിലില്ല എന്ന് പറയാം.
വൃദ്ധിമാന്‍ സാഹക്കും അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. മനീഷ് പാണ്ഡെയും കേദാര്‍ ജാദവും ടെസ്റ്റ് ശൈലിയിലാണ് കളിക്കുന്നത്. മധ്യനിരയില്‍ ജേസന്‍ ഹോള്‍ഡര്‍ മാത്രമാണ് അല്‍പ്പം വമ്പനടിക്ക് മുതിരുന്നത്. വാര്‍ണറും വില്യംസണും ഫോമിലേക്കുയര്‍ന്നാല്‍ ഹൈദരാബാദിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാവും. ബൗളിങ് നിരയില്‍ ആശങ്കകള്‍ കുറവാണെങ്കിലും ബാറ്റിങ് നിര മെച്ചപ്പെടാത്ത പക്ഷം തുടര്‍ തോല്‍വികള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം.

നേര്‍ക്കുനേര്‍ കണക്ക്
ഇതുവരെ 14 മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ് മത്സരങ്ങള്‍ വീതം ഇരു കൂട്ടരും ജയിച്ചു. ഏഴ് മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു. രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 220 റണ്‍സും കുറഞ്ഞ സ്‌കോര്‍ 102 റണ്‍സുമാണ്. ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 201 റണ്‍സും കുറഞ്ഞ സ്‌കോര്‍ 127 റണ്‍സുമാണ്. നേര്‍ക്കുനേര്‍ കണക്കില്‍ ഇരു കൂട്ടരും തുല്യത പുലര്‍ത്തുന്നതിനാല്‍ ആര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല.

സാധ്യതാ 11
രാജസ്ഥാന്‍: ലിയാം ലിവിങ്സ്റ്റന്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, തബ്രൈസ് ഷംസി, കാര്‍ത്തിക് ത്യാഗി, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍.
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, അബ്ദുല്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications