IPL 2021: രാജസ്ഥാന്‍ X ഹൈദരാബാദ്, ജീവന്‍മരണ പോരാട്ടം, സഞ്ജുവിനും വാര്‍ണര്‍ക്കും നിര്‍ണ്ണായകം
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (2-5) നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. സീസണില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ടീമുകളായതിനാല്‍ തിരിച്ചുവരവ് നടത്താന്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. ആറ് മത്സരത്തില്‍ രണ്ട് ജയവും നാല് തോല്‍വിയുമായി രാജസ്ഥാന്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തിലെ പാതി മത്സരങ്ങള്‍ പിന്നിടവെ ഇരു ടീമിനും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ ജയം അനിവാര്യമാണ്. വൈകീട്ട് 3.30ന് ഡല്‍ഹിയിലാണ് മത്സരം. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് മുമ്പ് കളിക്കണക്കുകള്‍ പരിശോധിക്കാം.

ഹൈദരാബാദിന് നേരിയ മുന്‍തൂക്കം
ഹൈദരാബാദും രാജസ്ഥാനും തമ്മില്‍ 13 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ് മത്സരത്തില്‍ ജയം ഹൈദരാബാദിനൊപ്പം നിന്നപ്പോള്‍ ആറ് മത്സരത്തില്‍ രാജസ്ഥാനും ജയിച്ചു. രാജസ്ഥാനെതിരേ ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 201 റണ്‍സും കുറഞ്ഞ സ്‌കോര്‍ 127 റണ്‍സുമാണ്. മറുവശത്ത് രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 198 റണ്‍സും കുറഞ്ഞ സ്‌കോര്‍ 102 റണ്‍സുമാണ്. ഡല്‍ഹിയിലാണ് മത്സരമെന്നതില്‍ ബാറ്റിങ് കരുത്തിന്റെ പോരാട്ടമായി മാറും. നിലവിലെ ഫോമില്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം പ്രവചിക്കാനാവില്ല.

ബാറ്റിങ്ങില്‍ പഴിച്ച് ഹൈദരാബാദ്
അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പിഴക്കുന്നു. നായകന്‍ ഡേവിഡ് വാര്‍ണറിന്റെ മോശം പ്രകടനമാണ് ടീമിന്റെ പ്രധാന തലവേദന. ജോണി ബെയര്‍സ്റ്റോയ്ക്ക് സ്ഥിരതയില്ല. കെയ്ന്‍ വില്യംസണിലാണ് ടീമിന്റെ എല്ലാ പ്രതീക്ഷയും. സിഎസ്‌കെയ്്‌ക്കെതിരായ പ്രകടനത്തോടെ മനീഷ് പാണ്ഡെ,കേദാര്‍ ജാദവ് എന്നിവരും പ്രതീക്ഷ നല്‍കുന്നു. പ്രതിഭാശാലികളായ ബൗളര്‍മാര്‍ ഏറെയുണ്ടെങ്കിലും ഫോമിലുള്ളത് സ്പിന്നര്‍ റാഷിദ് ഖാന്‍ മാത്രം.

രാജസ്ഥാനും ബാറ്റിങ് പ്രശ്‌നം
200ന് മുകളിലേക്ക് സ്‌കോര്‍ കണ്ടെത്താന്‍ പറ്റുന്ന പിച്ചാണ് ഡല്‍ഹിയിലേത്. അതിനാല്‍ത്തന്നെ ആദ്യം ബാറ്റിങ് ലഭിച്ചാല്‍ വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്തേണ്ടതായുണ്ട്. ജോസ് ബട്‌ലറില്‍ നിന്ന് വലിയൊരു ഇന്നിങ്‌സുണ്ടാവാത്തത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങും തലവേദനയാണ്. ഡേവിഡ് മില്ലറും ക്രിസ് മോറിസും മധ്യനിരയില്‍ കൂടുതല്‍ കരുത്ത് കാട്ടേണ്ടതായുണ്ട്. ജയദേവ് ഉനദ്ഘട്ട്,മുസ്തഫിസുര്‍ റഹ്മാന്‍,ചേതന്‍ സക്കറിയ എന്നിവര്‍ ഭേദപ്പെട്ട ബൗളിങ് കാഴ്ചവെക്കുന്നതാണ് ആശ്വാസം. എന്നാല്‍ മികച്ച സ്പിന്നര്‍മാരില്ലാത്തതും ടീമിനെ ബാധിച്ചിട്ടുണ്ട്.

സാധ്യതാ ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ജയദേവ് ഉനദ്ഘട്ട്, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ജഗദീഷ് സുചിത്, സന്ദീപ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications