ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യറിന് കടുത്ത തിരിച്ചടി. ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിടിച്ച് വീണ ശ്രേയസിനെ ഏപ്രില്‍ എട്ടിന് ശസ്ത്രക്രിയക്ക് വിധേയനാക്കും. നാല് മാസത്തോളം അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.ഇതോടെ ഇത്തവണത്തെ ഐപിഎല്ലില്‍ ശ്രേയസ് ഉണ്ടാകില്ലെന്നുറപ്പായി. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലേക്ക് നയിച്ച നായകനാണ് ശ്രേയസ്.
ശ്രേയസിന്റെ ശസ്ത്രക്രിയ ബിസിസി ഐ മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ട് പര്യടനവും ശ്രേയസിന് നഷ്ടമാവും. ടി20 ലോകകപ്പ് മുമ്പായി പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്ത് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ശ്രേയസ്. നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. രണ്ടാം ഏകദിനത്തില്‍ ശ്രേയസിന്റെ പകരക്കാരനായി സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചേക്കും.

ശ്രേയസിന്റെ അഭാവം നികത്താന്‍ പ്രതിഭയുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ഇത്തവണത്തെ ഐപിഎല്ലിലും ദേശീയ ടീമിനൊപ്പമുള്ള മത്സരങ്ങളിലും സൂര്യകുമാര്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ മാനേജ്‌മെന്റിന് പണികൂടും. സൂര്യകുമാര്‍ സ്ഥിരതയോടെ തിളങ്ങിയാല്‍ മടങ്ങിവരുമ്പോഴും ശ്രേയസിന് പുറത്ത് നില്‍ക്കേണ്ടതായി വരും. ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാര്‍.
ശ്രേയസിന്റെ പരിക്ക് ഏറ്റവും തിരിച്ചടിയായിരിക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. ശ്രേയസിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് ഡല്‍ഹിയെ നയിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഡല്‍ഹിയുടെ സഹ ഉടമ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന സൂചന പ്രകാരം റിഷഭ് പന്ത് ഡല്‍ഹിയുടെ ക്യാപ്റ്റനായേക്കും. എന്നാല്‍ അടിച്ച് തകര്‍ത്ത് കളിക്കുന്ന റിഷഭിന് അമിത സമ്മര്‍ദ്ദം നല്‍കാന്‍ ക്യാപ്റ്റന്‍സി കാരണമായേക്കാം. അങ്ങനെ സംഭവിച്ചാല്‍ ടീമിന്റെ പ്രകടനത്തെ അത് ബാധിക്കുമെന്നുറപ്പാണ്.
അജിന്‍ക്യ രഹാനെ,ശിഖര്‍ ധവാന്‍,ആര്‍ അശ്വിന്‍ തുടങ്ങിയവരും ഡല്‍ഹിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരങ്ങളാണ്. ഏപ്രില്‍ 9 മുതല്‍ മെയ് 30വരെയാണ് ഐപിഎല്‍ നടക്കുന്നത്. ടീമുകളുടെ പരിശീലന ക്യാംപുകള്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്. അതിനാല്‍ ഉടന്‍ തന്നെ ഡല്‍ഹി പുതിയ നായകനെ പ്രഖ്യാപിക്കും. എങ്കിലും ശ്രേയസിന്റെ ബാറ്റിങ്ങിന് പകരം വെക്കാന്‍ പറ്റുന്ന താരത്തെ കണ്ടെത്തുക ഡല്‍ഹിയെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്.
26കാരനായ ശ്രേയസ് ഇന്ത്യക്കായി 22 ഏകദിനത്തില്‍ നിന്ന് 813 റണ്‍സും 28 ടി20യില്‍ നിന്ന് 550 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല. 79 ഐപിഎല്ലില്‍ നിന്ന് 2200 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം.