IPL 2021: അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ്, വിറപ്പിച്ച് തുടങ്ങിയ അഞ്ച് ബൗളര്‍മാര്‍ ഇവര്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ ആരംഭിക്കാനൊരുങ്ങുകയാണ്. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെയാണ് ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിനിടെ വില്ലനായി കോവിഡ് എത്തിയതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. രണ്ടാം പാദത്തിന് പിന്നാലെ യുഎഇയില്‍ത്തന്നെ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിനെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കാണുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റായി ഇതിനോടകം മാറാന്‍ ഐപിഎല്ലിന് സാധിച്ചിട്ടുണ്ട്. നിരവധി മികച്ച ബൗളിങ് പ്രകടനങ്ങള്‍ക്ക് ഐപിഎല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഗംഭീരമായി തുടങ്ങിയവര്‍ ചുരുക്കമാണ്. ഇത്തരത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയ അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷുഹൈബ് അക്തര്‍ (കെകെആര്‍)
പാകിസ്താന്‍ പേസ് ഇതിഹാസമാണ് ഷുഹൈബ് അക്തര്‍. പ്രഥമ ഐപിഎല്‍ സീസണില്‍ പാകിസ്താന്‍ താരങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന അക്തര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റുമായാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന് വിളിപ്പേരുള്ള അക്തര്‍ വരവറിയിച്ചത്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, തിലകര്തന ദില്‍ഷന്‍, ശിഖര്‍ ധവാന്‍ എന്നിവരെയാണ് അക്തര്‍ പുറത്താക്കിയത്. 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അക്തറായിരുന്നു കളിയിലെ താരം.

കിവോന്‍ കൂപ്പര്‍ (രാജസ്ഥാന്‍ റോയല്‍സ്)
2012ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച കിവോന്‍ കൂപ്പര്‍ അരങ്ങേറ്റ മത്സരത്തില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബിന്റെ പോള്‍ വാല്‍ത്താട്ടി, ഷോണ്‍ മാര്‍ഷ്, അഭിഷേക് നായര്‍, പീയൂഷ് ചൗള എന്നിവരെയാണ് കൂപ്പര്‍ പുറത്താക്കിയത്. 26 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

ഡേവിഡ് വൈസി (ആര്‍സിബി)
ആര്‍സിബി താരമായിരുന്ന ഡേവിഡ് വൈസി 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തില്‍ത്തന്നെ നാല് വിക്കറ്റ് അദ്ദേഹം വീഴ്ത്തി. മുംബൈയുടെ പാര്‍ഥിവ് പട്ടേല്‍, കീറോന്‍ പൊള്ളാര്‍ഡ്, അമ്പാട്ടി റായിഡു, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 25 പന്തില്‍ 47* റണ്‍സുമായി ബാറ്റുകൊണ്ടും അദ്ദേഹം തിളങ്ങി.

ആന്‍ഡ്രേ ടൈ (പഞ്ചാബ് കിങ്‌സ്)
ഓസീസ് പേസര്‍ ആന്‍ട്രേ ടൈ ഗുജറാത്ത് ലയണ്‍സിനുവേണ്ടിയാണ് ഐപിഎല്ലില്‍ ആദ്യമായി കളിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ആദ്യ താരമാണ് ടൈ. റൈസിങ് പൂനെ സൂപ്പര്‍ ജെയ്ന്റിനെതിരായ മത്സരത്തില്‍ ഗുജറാത്തിനുവേണ്ടി 17 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. അതില്‍ ഹാട്രികും ഉള്‍പ്പെടും. രാഹുല്‍ ത്രിപാതി, ബെന്‍ സ്റ്റോക്‌സ്, മനോജ് തിവാരി, ശര്‍ദുല്‍ ഠാക്കൂര്‍, അങ്കിത് ശര്‍മ എന്നിവരുടെ വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതിലെ അവസാന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഹാട്രിക് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഗുജറാത്ത് ജയിച്ചിരുന്നു.

അല്‍സാരി ജോസഫ് (മുംബൈ ഇന്ത്യന്‍സ്)
വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ അല്‍സാരി ജോസഫ് 2019ലാണ് മുംബൈ ഇന്ത്യന്‍സിലൂടെ വരവറിയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 3.4 ഓവറില്‍ 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് താരം പിഴുതത്. ഇതിലൊരു മെയ്ഡനും ഉള്‍പ്പെടും. ഡേവിഡ് വാര്‍ണര്‍, വിജയ് ശങ്കര്‍, ദീപക് ഹൂഡ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരുടെ വിക്കറ്റാണ് അദ്ദേഹം നേടിയത്. ഐപിഎല്ലിലെ അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications