
പന്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയായിരുന്നു ധവാന്‍. മത്സരശേഷം സംസാരിക്കുകയായിരുന്നു ധവാന്‍. കിടിലന്‍ പ്രകടനമായിരുന്നു ഡല്‍ഹിക്കായി ധവാന്‍ കാഴ്ചവച്ചത്. ഓപ്പണര്‍മാരായ ധവാനും പൃഥ്വി ഷായും തകര്‍ത്തടിച്ചതോടെ ഡല്‍ഹി ഏഴ് വിക്കറ്റിന് കളി സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഐപിഎല്‍ 2021 ന് മികച്ചൊരു തുടക്കം സ്വന്തമാക്കാനും ഡല്‍ഹിയ്ക്ക് സാധിച്ചു.

ക്യാപ്റ്റനെന്ന നിലയില്‍ പന്തിന്റെ ആദ്യ മത്സരത്തെ കുറിച്ചുള്ള അഭിപ്രായം പറയാന്‍ ധവാനോട് മത്സരശേഷം ആവശ്യപ്പെടുകയായിരുന്നു. പന്ത് തന്നായി തന്നെ ചെയ്തുവെന്നും അനുഭവങ്ങളിലൂടെ കൂടുതല്‍ നന്നാകുമെന്നും ധവാന്‍ പറഞ്ഞു. ധവാന്റെ വാക്കുകളിലേക്ക്.
അവന്‍ നന്നായി തന്നെ ചെയ്തു. അവന്‍ ടോസ് ജയിച്ചുവെന്നതില്‍ സന്തോഷിക്കുന്നു. അല്‍പ്പം സ്റ്റിക്കിയായ വിക്കറ്റായിരുന്നു. അതുകൊണ്ട് രണ്ടാമത് ബാറ്റ് ചെയ്യാനുള്ള തീരുമാനം നല്ലതായിരുന്നു. അവന്‍ ശാന്തത കൈവിട്ടില്ല. താരങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. നല്ല മാറ്റങ്ങളും വരുത്തി. ക്യാപ്റ്റനെന്ന നിലയില്‍ അവന്റെ ആദ്യ മത്സരമാണ്. ഇനിയും നന്നാകുമെന്നുറപ്പാണ്. തുടങ്ങിയതല്ലേയുള്ളൂ, അനുഭവങ്ങളിലൂടെ പഠിക്കും. ഇനിയും നന്നാകുമെന്നുറപ്പാണ്. അവന്റെ ഏറ്റവും വലിയ ഗുണം എന്നത് അവനെപ്പോഴും ശാന്തനാണെന്നതാണ്. അവന്റെ പ്രസന്‍സ് ഓഫ് മൈന്റും നല്ലതാണ്. എന്നായിരുന്നു ധവാന്‍ പറഞ്ഞത്.

അതേസമയം ടീമിലെ മുതിര്‍ന്ന താരമെന്ന നിലയില്‍ ടീമിലെ മറ്റ് താരങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ തനിക്ക് സന്തോഷമാണെന്നും ധവാന്‍ പറഞ്ഞു. മുതിര്‍ന്ന താരമെന്ന നിലയില്‍ പലരും തന്നോട് ഉപദേശം തേടാറുണ്ട്. അവര്‍ക്ക് തന്റെ അനുഭവത്തില്‍ നിന്നുമുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ സന്തോഷമേയുള്ളൂവെന്ന് ധവാന്‍ പറഞ്ഞു.

189 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിയെ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു. 13 ഓവറില്‍ 138 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ധവാന്‍ 85 റണ്‍സെടുത്തപ്പോള്‍ പൃഥ്വി 72 റണ്‍സുമായി തിളങ്ങി. ഇരുവരും തുടക്കത്തില്‍ തന്നെ ആഞ്ഞടിക്കുകയായിരുന്നു. പിന്നാലെ വന്ന നായകന്‍ പന്ത് 15 റണ്‍സും മാര്‍ക്കസ് സ്റ്റോയ്‌നിസ് 14 റണ്‍സും നേടി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡല്‍ഹി ലക്ഷ്യത്തിലെത്തിയത്.


Click it and Unblock the Notifications