IPL 2021: പഞ്ചാബ് രാജാക്കന്‍മാരെ കീഴടക്കി ഡല്‍ഹി, മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. രാജസ്ഥാനോട് തോറ്റ ഡല്‍ഹി പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് തിരിച്ചുവരവ് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ 10 പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി വിജയം സ്വന്തമാക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ (49 പന്തില്‍ 92) ബാറ്റിങ്ങാണ് ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്. പൃത്ഥ്വി ഷായും (17 പന്തില്‍ 32) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബാറ്റിങ് കരുത്ത് കണ്ട മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തെക്കെയാണെന്ന് നോക്കാം.

ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഡേവിഡ് വാര്‍ണറെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്താന്‍ ശിഖര്‍ ധവാനായി. 5383 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. വാര്‍ണറുടെ പേരില്‍ 5347 റണ്‍സും. വിരാട് കോലി,സുരേഷ് റെയ്‌ന എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെയാണ് ധവാന്‍ പഞ്ചാബിനെതിരേ പുറത്തായത്. ടൂര്‍ണമെന്റില്‍ ഇത് നാലാം തവണയാണ് ധവാന്‍ 90നും സെഞ്ച്വറിക്കും ഇടയില്‍ സ്‌കോര്‍ നേടുന്നത്. അഞ്ച് തവണ ഈ നേട്ടത്തിലെത്തിയ ഡേവിഡ് വാര്‍ണറാണ് ഈ നേട്ടത്തില്‍ ധവാന് മുകളിലുള്ളത്. നേരത്തെ മൂന്ന് തവണയും 90നും 100നും ഇടയില്‍ സ്‌കോര്‍ നേടിയപ്പോള്‍ ധവാന്‍ നോട്ടൗട്ട് ആയിരുന്നു. ആദ്യമായാണ് പുറത്തായത്.

ഐപിഎല്ലില്‍ 45ാം അര്‍ധ സെഞ്ച്വറിയാണ് ശിഖര്‍ ധവാന്‍ കുറിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് ഇതോടെ ധവാന്‍ സ്വന്തമാക്കി. ആര്‍സിബി നായകന്‍ വിരാട് കോലിയെയാണ് (44) ധവാന്‍ മറികടന്നത്.

ടി20യില്‍ 250 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ആര്‍ അശ്വിന്‍. ഒരു വിക്കറ്റ് നേടിയിരുന്നെങ്കില്‍ 250 വിക്കറ്റ് നേട്ടത്തിലെത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ പഞ്ചാബിനെതിരേ വിക്കറ്റ് നേടാന്‍ അശ്വിനായില്ല. നാല് ഓവറില്‍ 28 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.

പഞ്ചാബ് കിങ്‌സിനായി ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ കെ എല്‍ രാഹുലും (51 പന്തില്‍ 61), മായങ്ക് അഗര്‍വാളും (36 പന്തില്‍ 69) ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത്. പഞ്ചാബ് കിങ്‌സിന്റെ ഉയര്‍ന്ന അഞ്ചാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണിത്. പവര്‍പ്ലേയിലടക്കം മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചെങ്കിലും മധ്യ ഓവറുകളിലെ മെല്ലെപ്പോക്ക് ടീമിന് തിരിച്ചടിയായി.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ വിക്കറ്റ് നേടാതെ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളിങ് പ്രകടനം എന്ന നാണംകെട്ട റെക്കോഡ് ഇനി മുഹമ്മദ് ഷമിക്ക് സ്വന്തം. 53 റണ്‍സാണ് നാല് ഓവറില്‍ ഷമി വിട്ടുകൊടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications