IPL 2021: രാജസ്ഥാനെ നയിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല- സഞ്ജു സാംസണ്‍
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പടിവാതുക്കല്‍ നില്‍ക്കുകയാണ്. ഈ മാസം 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നായകന്മാരായി സഞ്ജു സാംസണ്‍,റിഷഭ് പന്ത് തുടങ്ങിയ യുവതാരങ്ങള്‍ എത്തുന്നുവെന്നത് ഈ സീസണിന്റെ സവിശേഷതയാണ്. രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയതോടെയാണ് പകരക്കാരനായി ഇത്തവണ സഞ്ജുവിനെ നായകനാക്കിയത്. ഇപ്പോഴിതാ ഒരിക്കലും രാജസ്ഥാന്റെ നായകനാവുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസണ്‍.
'രാജസ്ഥാനെ നയിക്കുന്നു എന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. തീര്‍ച്ചയായും നിരവധി വ്യത്യസ്തമായ കാര്യങ്ങള്‍ മനസിലുണ്ട്. എന്നാല്‍ എല്ലാത്തിനെയും നിസാരമായി കാണാനാണ് ഇഷ്ടം. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്. സത്യസന്ധമായി പറയട്ടെ അവസാന സീസണ്‍ കഴിയുന്നത് വരെ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ടീമിന്റെ ഉടമയായ മനോജ് ബദാലി എന്നോട് നായകസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു'-സഞ്ജു പറഞ്ഞു.

2013ല്‍ 19 വയസ് ഉള്ളപ്പോഴാണ് കേരള താരമായ സഞ്ജു സാംസണ്‍ രാജസ്ഥാനിലെത്തിയത്. രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ് കവരാന്‍ സഞ്ജുവിനായി. ഇതിനോടകം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം നടത്തിയെങ്കിലും സ്ഥിരതയില്ലായ്മ താരത്തെ വേട്ടയാടി. അവസാന സീസണിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ഥിരത പുലര്‍ത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
രാജസ്ഥാന്‍ റോയല്‍സില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫായി മുന്‍ ശ്രീലങ്കന്‍ ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയുണ്ട്. സംഗക്കാരയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷവും സഞ്ജു പങ്കുവെച്ചു. ' സ്വപ്‌നം സത്യമായതുപോലെയാണ് തോന്നുന്നത്. കുമാര്‍ സംഗക്കാരയെന്ന ഇതിഹാസത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതില്‍ അതിയായ സന്തോഷമുണ്ട്'-സഞ്ജു പറഞ്ഞു.
ഇത്തവണ മികച്ച താരനിര രാജസ്ഥാനൊപ്പം ഉണ്ട്. ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ കരുത്ത് പകരുന്ന ടീമില്‍ ക്രിസ് മോറിസ്,മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ കൂടി ബൗളിങ് നിരയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ പരിക്കേറ്റ ജോഫ്രാ ആര്‍ച്ചര്‍ക്ക് ഈ സീസണില്‍ കളിക്കാന്‍ സാധിക്കാത്തത് രാജസ്ഥാനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ രണ്ടാം കിരീടമാണ് ഇത്തവണ ലക്ഷ്യം വെകുന്നത്.
നേരത്തെ കേരളത്തെ ആഭ്യന്തര ക്രിക്കറ്റില്‍ നയിച്ചുള്ള പരിചയസമ്പത്ത് മാത്രമാണ് സഞ്ജുവിനുള്ളത്. ഐപിഎല്ലില്‍ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരത്തിന് അത്ഭുതം സൃഷ്ടിക്കാനാവുമോയെന്ന് കണ്ടറിയാം. 107 ഐപിഎല്ലില്‍ നിന്ന് 2584 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications