IPL 2021: സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി പാഴായി, സന്നാഹത്തില്‍ ജയിച്ച് രാഹുല്‍ തെവാത്തിയയുടെ ടീം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കമാവുകയാണ്. മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തോടെയാവും രണ്ടാം പാദം ആരംഭിക്കുക. ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ രണ്ടാം പാദത്തിലേക്കെത്തുന്നതോടെ പോയിന്റ് പട്ടിക മാറി മറിയാനുള്ള സാധ്യത കൂടുതലാണ്.
അഞ്ചാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സുള്ളത്. രണ്ടാം പാദത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചാല്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ രാജസ്ഥാന് സാധിക്കും. അതിനാല്‍ത്തന്നെ പ്രതീക്ഷയില്‍ത്തന്നെയാണ് ടീമുള്ളത്. ഇപ്പോഴിതാ രണ്ടാം പാദത്തിന് മുന്നോടിയായുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ സന്നാഹ മത്സരത്തില്‍ സഞ്ജു സാംസണിന്റെ ടീമിനെ തോല്‍പ്പിച്ചിരിക്കുകയാണ് രാഹുല്‍ തെവാത്തിയയുടെ നേതൃത്വത്തിലുള്ള ടീം. സഞ്ജുവും ടീമും മുന്നോട്ടുവെച്ച 219 റണ്‍സ് വിജയലക്ഷ്യമാണ് രാഹുല്‍ തെവാത്തിയയും സംഘവും ചേര്‍ന്ന് മറികടന്നത്.

അനൂജ് റാവത്ത്, റിയാന്‍ പരാഗ്, മഹിപാല്‍ ലോംറോര്‍ എന്നിവര്‍ രാഹുലിന്റെ ടീമിനൊപ്പം അര്‍ധ സെഞ്ച്വറി നേടി. സീനിയര്‍ പേസര്‍ ജയദേവ് ഉനദ്ഘട്ട് 18 പന്തില്‍ 36 റണ്‍സും നേടി. സഞ്ജു സാംസണ്‍ 40 പന്തില്‍ 52 റണ്‍സാണ് നേടിയത്. പതിവ് വെടിക്കെട്ട് ബാറ്റിങ് സന്നാഹത്തില്‍ കാഴ്ചവെക്കാന്‍ സഞ്ജുവിനായില്ല. നായകനായെങ്കിലും പഴയ വെടിക്കെട്ട് ബാറ്റിങ് ശൈലി മാറ്റില്ലെന്ന് കഴിഞ്ഞ ദിവസം സഞ്ജു സാംസണ്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനൊത്ത പ്രകടനം സന്നാഹത്തില്‍ നടത്താനായില്ല.
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് സൂപ്പര്‍ താരങ്ങളുടെ അഭാവം തിരിച്ചടിയാണ്. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവമാണ് ടീമിനെ ഏറ്റവും പ്രതിസന്ധിയിലാക്കുന്നത്. സ്റ്റോക്‌സ് മാനസിക വിശ്രമം ആവിശ്യപ്പെട്ട് വിശ്രമത്തിന് പോയപ്പോള്‍ ബട്‌ലര്‍ രണ്ടാം പാദത്തില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. പരിക്കേറ്റ ജോഫ്രാ ആര്‍ച്ചര്‍ക്ക് ആദ്യ പാദത്തിന് പിന്നാലെ രണ്ടാം പാദവും നഷ്ടമാവും.

സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും രാജസ്ഥാന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമാവുക. 2020ല്‍ യുഎഇ വേദിയായ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജു സാംസണിനായിരുന്നു. സെഞ്ച്വറി പ്രകടനമടക്കം നടത്തിയ സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഇത്തവണയും ടീം പ്രതീക്ഷവെക്കുന്നു. എന്നാല്‍ സമീപകാല ഫോം നിരാശപ്പെടുത്തുന്നതാണ്. ശ്രീലങ്കന്‍ പര്യടനത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സഞ്ജുവിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിക്കാനായില്ല.
ക്രിസ് മോറിസ്, മുസ്തഫിസുര്‍ റഹ്മാന്‍, ജയദേവ് ഉനദ്ഘട്ട്, ചേതന്‍ സക്കറിയ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് ബൗളിങ് നിര ടീമിന് ആത്മവിശ്വാസം പകരുന്നു. മധ്യനിരയില്‍ മോറിസും തെവാത്തിയയും നടത്തുന്ന ബാറ്റിങ് വെടിക്കെട്ടും രാജസ്ഥാന് നിര്‍ണ്ണായകമാവും. ഇരുവരും ആദ്യ പാദത്തില്‍ ബാറ്റിങ്ങില്‍ വലിയ പ്രകടനം കാഴ്ചവെച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

ടോപ് ഓഡറിന്റെ പ്രകടനം കണ്ടറിയണം. മനാന്‍ വോറയും യശ്വസി ജയ്‌സ്വാളും ഓപ്പണര്‍മാരായി എത്തുമ്പോള്‍ മൂന്നാം നമ്പറില്‍ സഞ്ജു സാംസണ്‍ എത്താനാണ് സാധ്യത. യുവതാരം റിയാന്‍ പരാഗിന്റെ പ്രകടനത്തിലും രാജസ്ഥാന്‍ വലിയ പ്രതീക്ഷവെക്കുന്നു. യുവതാരത്തിന് വളര്‍ന്നുവരാനുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണ മുന്നിലുള്ളത്. ബാറ്റിങ്ങില്‍ വലിയ കരുത്ത് രാജസ്ഥാന് അവകാശപ്പെടാനാവില്ല. അതിനാല്‍ത്തന്നെ യുവതാരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാവും.
ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയം നേടിയ രാജസ്ഥാന്‍ നാല് മത്സരവും തോറ്റു. 277 റണ്‍സുമായി നായകന്‍ സഞ്ജു തന്നെയാണ് രാജസ്ഥാന്‍ നിരയിലെ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. 14 വിക്കറ്റുമായി ക്രിസ് മോറിസാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications