IPL 2021: ക്യാപ്റ്റനായി സഞ്ജു എത്തുന്നു, മലയാളി താരത്തെ കാത്തിരിക്കുന്ന അഞ്ച് റെക്കോഡുകളിതാ
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാവുന്നത് മലയാളി താരം സഞ്ജു സാംസണാണ്. നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ അവസാന സീസണോടെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. ഇതിന് പകരക്കാരനായാണ് സഞ്ജു നായകസ്ഥാനത്തെത്തിയത്. ഐപിഎല്ലില്‍ ക്യാപ്റ്റനാവുന്ന ആദ്യ മലയാളിയാണ് സഞ്ജു. ഈ സീസണില്‍ സഞ്ജുവിനെ കാത്ത് ചില റെക്കോഡുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഐപിഎല്ലില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാം
107 ഐപിഎല്ലില്‍ നിന്നായി നിലവില്‍ 2584 റണ്‍സാണ് സഞ്ജു സാംസണിന്റെ പേരിലുള്ളത്. 416 റണ്‍സ് ഈ സീസണില്‍ നേടാനായാല്‍ സഞ്ജുവിനെ 3000 റണ്‍സ് നേട്ടത്തിലെത്താം. ഇതോടെ മുരളി വിജയ് (2619),വീരേന്ദര്‍ സെവാഗ് (2728),യുവരാജ് സിങ് (2750) എന്നിവരെ മറികടക്കാനും സഞ്ജുവിനാവും. സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നം. അവസാന സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ഥിരതയില്ലായിരുന്നു.

ബൗണ്ടറികളിലും റെക്കോഡ്
ഐപിഎല്ലില്‍ 200 ബൗണ്ടറി ക്ലബ്ബിലെത്താനുള്ള അവസരവും സഞ്ജുവിന്റെ മുന്നിലുണ്ട്. നിലവില്‍ 191 ബൗണ്ടറികളാണ് സഞ്ജുവിന്റെ പേരിലുള്ളത്. 9 ബൗണ്ടറികള്‍ കൂടിയാല്‍ ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിനാവും. 115 സിക്‌സും സഞ്ജു പറത്തിയിട്ടുണ്ട്. കടന്നാക്രമിക്കാന്‍ ഇഷ്ടപ്പെടുന്ന സഞ്ജുവിനെ ഈ സീസണില്‍ നായകനെന്ന ഉത്തരവാദിത്തം സമ്മര്‍ദ്ദത്തിലാക്കുമോയെന്ന് കണ്ടറിയണം.

സെഞ്ച്വറികളില്‍ വാര്‍ണര്‍ക്കൊപ്പമെത്താം
ഐപിഎല്ലില്‍ രണ്ട് തവണ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ഈ സീസണില്‍ രണ്ട് സെഞ്ച്വറി നേടാനായാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓപ്പണറുമായ ഡേവിഡ് വാര്‍ണറിന്റെ (4 സെഞ്ച്വറി) സെഞ്ച്വറി റെക്കോഡിനൊപ്പമെത്താന്‍ സഞ്ജുവിനാവും. ഒരു സെഞ്ച്വറി നേടിയാല്‍ മൂന്ന് സെഞ്ച്വറി നേടിയ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിനൊപ്പമെത്താനാവും.

രാജസ്ഥാനായി 2000 റണ്‍സ്
രാജസ്ഥാന്‍ റോയല്‍സിനായി 2000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാവാനുള്ള അവസരവും സഞ്ജു സാംസണിന് മുന്നിലുണ്ട്. രാജസ്ഥാനുവേണ്ടിയും ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയുമാണ് സഞ്ജു കളിച്ചിട്ടുള്ളത്. നിലവില്‍ സഞ്ജു രാജസ്ഥാനായി 79 മത്സരത്തില്‍ നിന്ന് 1907 റണ്‍സാണ് നേടിയിട്ടുള്ളത്. അജിന്‍ക്യ രഹാനെ (2810),ഷെയ്ന്‍ വാട്‌സണ്‍ (2272) എന്നിവരാണ് ഈ റെക്കോഡില്‍ സഞ്ജുവിന് മുന്നിലുള്ളത്.

ഒരു സീസണില്‍ കൂടുതല്‍ സിക്‌സ്
അവസാന സീസണില്‍ 26 സിക്‌സുമായി സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു സഞ്ജു സാംസണ്‍. ഇത്തവണ ഈ നേട്ടം സ്വന്തം പേരിലാക്കാനുള്ള സുവര്‍ണ്ണാവസരം സഞ്ജുവിന് മുന്നിലുണ്ട്. 30 സിക്‌സര്‍ നേടിയ ഇഷാന്‍ കിഷനാണ് അവസാന സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ഇത്തവണ സഞ്ജുവിന് സ്ഥിരതയോടെ കളിക്കാനായാല്‍ സീസണിലെ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications