ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് തിരിച്ചടി നേരിടുന്നത് തുടരുകയാണ്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ടീം ഇതിനോടകം തോറ്റു. ആര്‍സിബിയോടും കെകെആറിനോടും തോറ്റ ഹൈദരാബാദ് അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടും തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 19.4 ഓവറില്‍ 137 റണ്‍സിന് കൂടാരം കയറി. 13 റണ്‍സിന് ഹൈദരാബാദിന് മുട്ടുമടക്കേണ്ടി വന്നു.
ഇപ്പോഴിതാ മുംബൈക്കെതിരേ ഹൈദരാബാദ് വിജയം അര്‍ഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 'പറയുന്നതില്‍ ക്ഷമിക്കണം,എന്നാല്‍ അഭിഷേക് ശര്‍മ,വിരാട് സിങ്,അബ്ദുല്‍ സമദ് എന്നിവരെ ഒരുമിച്ച് പ്ലേയിങ് 11ല്‍ കളിപ്പിക്കുന്ന ഏത് ടീമും വിജയം അര്‍ഹിക്കുന്നില്ല' എന്നാണ് സഞ്ജയ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
യുവതാരങ്ങളില്‍ ഹൈദരാബാദ് അമിത പ്രതീക്ഷ വെക്കുന്നതിനെയാണ് സഞ്ജയ് വിമര്‍ശിച്ചത്. മധ്യനിരയില്‍ വിജയ് ശങ്കര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പരിചയസമ്പന്നന്‍ എന്ന് വിളിക്കാനാവുന്നത്. ദേശീയ ടീമില്‍ കളിക്കുന്ന ഒരു താരം പോലും നിലവില്‍ ഹൈദരാബാദിന്റെ മധ്യനിരയിലില്ല. വിരാട് സിങ് (12 പന്തില്‍ 11),വിജയ് ശങ്കര്‍ (25 പന്തില്‍ 28),അഭിഷേക് ശര്‍മ (4 പന്തില്‍ 2) അബ്ദുല്‍ സമദ് (8 പന്തില്‍ 7) എന്നിങ്ങനെയാണ് മുംബൈക്കെതിരേ ഹൈദരാബാദ് മധ്യനിരയുടെ സ്കോര്‍.
കെയ്ന്‍ വില്യംസണിന്റെ സാന്നിധ്യം ടീം ആവിശ്യപ്പെടുന്നുണ്ടെങ്കിലും പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാവാത്ത വില്യംസണ് അടുത്ത മത്സരത്തിലും കളിച്ചേക്കില്ലെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ മധ്യനിരയിലേക്ക് സീനിയര്‍ താരം കേദാര്‍ ജാദവിനെ പരീക്ഷിക്കാന്‍ ഹൈദരാബാദ് നിര്‍ബന്ധിതരാവും. അവസാന സീസണില്‍ സിഎസ്കെയ്ക്കൊപ്പം നിരാശപ്പെടുത്തിയ കേദാറിനെ രണ്ട് കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഒറ്റ സീസണിലെ പ്രകടനം കൊണ്ട് എഴുതിത്തള്ളാവുന്ന താരമല്ല കേദാര്‍. അതിനാല്‍ത്തന്നെ ഹൈദരാബാദ് ഒരു പരീക്ഷണത്തിന് മുതിര്‍ന്നേക്കും.
തുടര്‍ച്ചയായ മൂന്ന് തോല്‍വിയില്‍ തീര്‍ത്തും നിരാശനാണെന്നും എങ്ങനെ ഈ അവസ്ഥയെ മറികടക്കുമെന്ന് അറിയില്ലെന്നും ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടായിരുന്നെങ്കില്‍ ജയിക്കാനാവുമായിരുന്നെന്നാണ് വാര്‍ണര്‍ പറയുന്നത്. മധ്യ നിരയില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം ബൗളര്‍മാരുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.