
സനത് ജയസൂര്യ-സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ലോക ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന താരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സനത് ജയസൂര്യയും. ഇരുവരും മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ളത് ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മയാണ്. 2008ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ഇരുവരും ആദ്യമായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 12.2 ഓവറില്‍ 127 റണ്‍സിന്റെ കൂട്ടുകെട്ടും അവരുണ്ടാക്കി. ജയസൂര്യ 32 പന്തില്‍ 52 റണ്ഡസും സച്ചിന്‍ 45 പന്തില്‍ 68 റണ്‍സുമാണ് നേടിയത്. ഐപിഎല്ലിലെ വിജയകരമായ ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു ഇത്.

ഗൗതം ഗംഭീര്‍-റോബിന്‍ ഉത്തപ്പ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയ ഓപ്പണിങ് കൂട്ടുകെട്ടാണ് ഗൗതം ഗംഭീര്‍-റോബിന്‍ ഉത്തപ്പ. 2014ലാണ് ഇരുവരും ആദ്യമായി ഓപ്പണിങ്ങില്‍ ഒന്നിക്കുന്നത്. സെഞ്ച്വറി കൂട്ടുകെട്ടോടെ തുടങ്ങിയ ഈ കൂട്ടുകെട്ട് കെകെആറിന്റെ നട്ടെല്ലായി പിന്നീട് മാറി. എന്നാല്‍ പിന്നീട് ഗംഭീര്‍ ടീം വിട്ടതോടെ ഈ കൂട്ടുകെട്ട് പൊളിയുകയായിരുന്നു. എന്നിരുന്നാലും ഐപിഎല്ലിലെ ശക്തമായ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഒന്നായിരുന്നു ഇത്.

ക്രിസ് ഗെയ്ല്‍-വിരാട് കോലി
ക്ലാസും മാസും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്. ആര്‍സിബിക്കായി കോലിയും ഗെയ്‌ലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മത്സരങ്ങളെല്ലാം വളരെ ആവേശം നിറഞ്ഞ കാഴ്ചകളാണ് സമ്മാനിച്ചിട്ടുള്ളത്. പഞ്ചാബിനെതിരേ 66 പന്തില്‍ 147 റണ്‍സ് കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത് ആരാധകര്‍ പെട്ടെന്ന് മറക്കില്ല. കോലി 50 പന്തില്‍ നിന്ന് 113 റണ്‍സ് ഈ മത്സരത്തില്‍ നേടി.

മുരളി വിജയ്-മൈക്കല്‍ ഹസി
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുരളി വിജയ്-മൈക്കല്‍ ഹസി കൂട്ടുകെട്ടും ആരാധകര്‍ പെട്ടെന്ന് മറക്കില്ല. 2010,11 സീസണുകളിലാണ് ഇരുവരും കൂടുതല്‍ തിളങ്ങിയത്. 2011ല്‍ 15 ഓവറില്‍ 159 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. 2012ലെ ഫൈനലില്‍ 87 റണ്‍സാണ് ഓപ്പണിങ്ങില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. സിഎസ്‌കെയ്‌ക്കൊപ്പം മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ഇരുവരും.

രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക്
നിലവിലെ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത് ശര്‍മയും ക്വിന്റന്‍ ഡീകോക്കും. സമീപകാലത്തെ മുംബൈയുടെ മികച്ച പ്രകടനത്തിന് പിന്നില്‍ ഇരുവരും നല്‍കുന്ന ഗംഭീര തുടക്കം വളരെ നിര്‍ണ്ണായകമാണ്. 2019ലാണ് ഡീകോക്ക് മുംബൈയിലെത്തിയത്. 2019ലും 2020ലും കിരീടം മുംബൈക്കായിരുന്നു. രണ്ട് താരങ്ങളും ക്ലാസിക് ശൈലിയില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരങ്ങളാണ്.


Click it and Unblock the Notifications