IPL 2021: മുംബൈ ഹാട്രിക് കിരീടം നേടുമോ? ഈ അഞ്ച് പേരുടെ പ്രകടനം നിര്‍ണ്ണായകം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഒട്ടുമിക്ക താരങ്ങളും അവരുടെ ടീമുകളോടൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഇത്തവണയും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഫേവറേറ്റുകള്‍. അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യം വെക്കുന്നത്. ഇത്തവണ തട്ടകത്തിന്റെ ആധിപത്യം ഇല്ലാത്തതാണ് ടീമുകള്‍ക്ക് തിരിച്ചടി. മുംബൈയുടെ താരങ്ങളെല്ലാം മികച്ച ഫോമിലാണുള്ളത്. അതിനാല്‍ ടീം സജീവ കിരീട പ്രതീക്ഷയിലുമാണ്. എന്നാല്‍ ഈ അഞ്ച് താരങ്ങളുടെ പ്രകടനം മുംബൈക്ക് നിര്‍ണ്ണായകമാവും.

ക്വിന്റന്‍ ഡീ കോക്ക്
മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഡീകോക്കിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം ഇറങ്ങുന്ന ഡീകോക്ക് കടന്നാക്രമിക്കുന്ന താരമാണ്. എന്നാല്‍ മാനസിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്ന ഡീകോക്ക് ഇത്തവണത്തെ ഐപിഎല്ലില്‍ എങ്ങനെ കളിക്കുമെന്ന് കണ്ടറിയാം. രോഹിതിനൊപ്പം ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ള താരമാണ് ഡീകോക്ക്. 2019ല്‍ 529 റണ്‍സും അവസാന സീസണില്‍ 503 റണ്‍സുമാണ് അദ്ദേഹം നേടിയത്.

ജസ്പ്രീത് ബുംറ
മുംബൈയുടെ ബൗളിങ് നട്ടെല്ലാണ് ജസ്പ്രീത് ബുംറ. വിവാഹത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷമാണ് ബുംറയുടെ തിരിച്ചുവരവ്. ഇടവേള അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവസാന സീസണില്‍ എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു ബുംറ. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങിയ ബുംറ 15 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് അവസാന സീസണില്‍ നേടിയത്.

ഹര്‍ദിക് പാണ്ഡ്യ
മധ്യനിരയില്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിര്‍ണ്ണായകമാവും. ഇംഗ്ലണ്ടിനെതിരായ ഏകദിന,ടി20 പരമ്പരകളില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു. അവസാന സീസണില്‍ ഹര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. എന്നാല്‍ നിലവില്‍ നന്നായി പന്തെറിയുന്നുണ്ട്. ഇത് മുംബൈക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. അവസാന സീസണില്‍ 179.98 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റില്‍ 281 റണ്‍സാണ് അദ്ദേഹം നേടിയത്.

സൂര്യകുമാര്‍ യാദവ്
അവസാന സീസണോടെ മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലായി മാറിയ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. മൂന്നാം നമ്പറില്‍ തിളങ്ങുന്ന താരം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ മികവുള്ള സൂര്യയില്‍ മുംബൈ വളരെ പ്രതീക്ഷ വെക്കുന്നു. നിലവില്‍ മികച്ച ഫോമിലാണ് സൂര്യയെന്നത് ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

രോഹിത് ശര്‍മ
ഓപ്പണറും ടീമിന്റെ ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ പ്രകടനവും നിര്‍ണ്ണായകമാണ്. അവസാന സീസണില്‍ പരിക്ക് വേട്ടയാടിയ രോഹിത് ഇത്തവണയും പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ പന്തേറ്റ് പരിക്കേറ്റത് അദ്ദേഹത്തിന്റെ പ്രകടന മികവിനെ ബാധിച്ചിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ പ്രമുഖനാണെങ്കിലും ഇതുവരെ ഓറഞ്ച് ക്യാപ് നേടാന്‍ രോഹിതിന് സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications