Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'ഈ സന്ദര്‍ഭത്തെ വിവരിക്കാന്‍ വാക്കുകളില്ല', തോല്‍വിയില്‍ ചങ്ക് തകര്‍ന്ന് റിഷഭ് പന്ത്

ഷാര്‍ജ: ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുക. ഫൈനലില്‍ പ്രവേശിക്കാനുള്ള രണ്ടവസരത്തിലും പരാജയപ്പെടുക. ഇതിനെയൊക്കെ നിര്‍ഭാഗ്യമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഈ സീസണിലെ കുതിപ്പിന് ഒടുവില്‍ വിരാമമായിരിക്കുകയാണ്. ആദ്യ ക്വാളിഫയറില്‍ സിഎസ്‌കെയോട് തോറ്റ ഡല്‍ഹി രണ്ടാം ക്വാളിഫയറില്‍ കെകെആറിന് മുന്നില്‍ തലകുനിച്ചാണ് ഫൈനല്‍ കാണാതെ പുറത്തായിരിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കിനിര്‍ത്തി വിജയം നേടുകയായിരുന്നു. റണ്‍സ് കണ്ടെത്താന്‍ വളരെ പ്രയാസമുള്ള പിച്ചില്‍ അവസാന നിമിഷംവരെ ഡല്‍ഹി പൊരുതിയെങ്കിലും വിജയം നേടിയെടുക്കാനായില്ല. ഇതോടെ മൂന്നാം സ്ഥാനക്കാരായി സീസണോട് ഡല്‍ഹിക്ക് വിടപറയേണ്ടി വന്നു. അവസാന സീസണില്‍ ഫൈനലില്‍ തോറ്റ ഡല്‍ഹിക്ക് ഇത്തവണ ഫൈനല്‍ കാണുന്നതിന് മുമ്പെ തോല്‍വി സമ്മതിക്കേണ്ടി വന്നു.

1

ഡല്‍ഹിയുടെ തോല്‍വിയില്‍ താരങ്ങളും ആരാധകരുമെല്ലാം കടുത്ത നിരാശയിലാണ്. ഏറ്റവും നിരാശ നായകന്‍ റിഷഭ് പന്തിനാണെന്ന് തന്നെ പറയാം. ഈ സമയത്തെ വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് റിഷഭ് പന്ത് മത്സരശേഷം പറഞ്ഞത്. 'ഈ സന്ദര്‍ഭത്തെ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. മത്സരശേഷം ഒന്നും മാറ്റാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഞങ്ങള്‍ വിശ്വാസം കാത്ത് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. സാധിക്കുന്നിടത്തോളം മത്സരത്തില്‍ തുടരാന്‍ ഞങ്ങള്‍ ശ്രമിച്ചു. ബൗളര്‍മാര്‍ മികച്ച പിന്തുണയും നല്‍കി. ദൗര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ ഞങ്ങള്‍ക്കനുകൂലമായില്ല.

2

മധ്യ ഓവറുകളില്‍ അവര്‍ നന്നായി പന്തെറിഞ്ഞു. പ്രത്യേകിച്ച് പവര്‍പ്ലേക്ക് പിന്നാലെ. സ്‌ട്രൈക്ക് കൈമാറി കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കാതെ വന്നു. ഞങ്ങള്‍ പോസിറ്റീവായി ചിന്തിക്കുന്ന ടീമാണ്. അടുത്ത സീസണില്‍ ഇതിലും മികച്ച പ്രകടനവുമായി എത്താന്‍ സാധിക്കുമെന്ന് കരുതുന്നു. ഞങ്ങള്‍ മികച്ച ക്രിക്കറ്റ് തന്നെയാണ് കളിച്ചത്. ഞങള്‍ ഓരോരുത്തരെയും ബഹുമാനിക്കുകയും അവരില്‍ നിന്ന് പഠിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്.മെച്ചപ്പെട്ട പ്രകടനത്തോടെ അടുത്ത സീസണില്‍ തിരിച്ചെത്തും'- റിഷഭ് പന്ത് പറഞ്ഞു.

അവസാന ഓവറില്‍ കെകെആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സാണ്. ആദ്യ ബോള്‍ സിംഗിള്‍ നേടുകയും രണ്ടാം പന്ത് ഡോട്ട് ആക്കുകയും ചെയ്ത അശ്വിന്‍ മൂന്നും നാലും പന്തുകളില്‍ വിക്കറ്റ് നേടി ഡല്‍ഹിക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം പന്തില്‍ ഫ്‌ളാറ്റ് പന്തെറിഞ്ഞ അശ്വിന് പിഴച്ചു. രാഹുല്‍ ത്രിപാഠി തകര്‍പ്പന്‍ സിക്‌സറിലൂടെ കെകെആറിനെ ഫൈനലിലേക്കെത്തിക്കുകയായിരുന്നു.

3

ബാറ്റിങ് നിരയുടെ മെല്ലപ്പോക്കാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. പൃഥ്വി ഷാ (18), ശിഖര്‍ ധവാന്‍ (36), മാര്‍ക്കസ് സ്റ്റോയിനിസ് (18) എന്നിവരെല്ലാം അതിവേഗം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. റിഷഭ് പന്ത് (6) പെട്ടെന്ന് മടങ്ങിയത് ടീമിന് തിരിച്ചടിയായി. ശ്രേയസ് അയ്യര്‍ (30), ഷിംറോന്‍ ഹെറ്റ്‌മെയര്‍ (17) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെയെത്തിച്ചത്. കെകെആറിന്റെ സ്പിന്‍ ബൗളര്‍മാരുടെ മികവാണ് ഡല്‍ഹിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ഡല്‍ഹിയുടെ ബൗളര്‍മാര്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയിട്ടാണ് തോല്‍വി സമ്മതിച്ചത്. ആന്‍ റിച്ച് നോക്കിയേ,ആര്‍ അശ്വിന്‍,കഗിസോ റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേഷ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. മികച്ച തുടക്കം കെകെആറിന് ലഭിച്ചെങ്കിലും ദിനേഷ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍, ഷക്കീബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍ എന്നിവരെ പൂജ്യത്തിന് പുറത്താക്കിയ ഡല്‍ഹി ബൗളര്‍മാര്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ഭാഗ്യം തുണക്കാതിരുന്നതോടെ ഫൈനല്‍ കാണാതെ പുറത്താകേണ്ടി വന്നു.

Story first published: Thursday, October 14, 2021, 11:34 [IST]
Other articles published on Oct 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+