IPL 2021: അരങ്ങേറ്റത്തില്‍ കസറി വെങ്കടേഷ്, മത്സരശേഷം ബാറ്റിങ് ടെക്‌നിക്ക് പറഞ്ഞ് നല്‍കി കോലി
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ കൈയടി നേടിയിരിക്കുകയാണ് വെങ്കടേഷ് അയ്യര്‍. മധ്യപ്രദേശുകാരനായ 26കാരന്‍ അരങ്ങേറ്റത്തിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ആര്‍സിബിക്കെതിരേ കാഴ്ചവെച്ചത്. 93 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കെകെആറിനായി 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും അടക്കം പുറത്താകെ 41 റണ്‍സാണ് യുവതാരം നേടിയത്. 151.85 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം.

മത്സരത്തില്‍ 60 പന്തുകള്‍ ബാക്കിനിര്‍ത്തി ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കെകെആര്‍ നേടിയെടുക്കുകയും ചെയ്തു. മത്സരശേഷം ആര്‍സിബി നായകനായ വിരാട് കോലിയോട് വെങ്കടേഷ് ബാറ്റിങ് ടെക്‌നിക്ക് ചോദിക്കുന്നതും കോലി യുവതാരത്തിന് ടെക്‌നിക്കുകള്‍ പറഞ്ഞു നല്‍കുന്നതിന്റെയും വീഡിയോ കെകെആര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. വെങ്കടേഷിനോട് ബാറ്റിങ്ങിനെക്കുറിച്ച് സംസാരിക്കുന്നതോടൊപ്പം ഷോട്ടുകളെക്കുറിച്ചും കോലി പറഞ്ഞുനല്‍കുന്നതായാണ് വീഡിയോയിലുള്ളത്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് കോലി. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ വാക്കുകളെ വളരെ ശ്രദ്ധയോടെ തന്നെ വെങ്കടേഷ് ശ്രവിക്കുന്നതും കാണാം.
ഇതിനോടകം നിരവധി ആളുകള്‍ ഈ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. മത്സരത്തില്‍ വിരാട് കോലിക്ക് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. 200ാം ഐപിഎല്‍ മത്സരത്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് ആര്‍സിബി നായകന് നേടാനായത്. സമീപകാലത്തെ കോലിയുടെ ബാറ്റിങ് പ്രകടനവും മോശമാണ്. കോലിയുടെ വമ്പന്‍ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കെകെആറില്‍ വെങ്കടേഷിനൊപ്പം ഓപ്പണറായ ശുഭ്മാന്‍ ഗില്‍ യുവതാരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു. 'പരിശീലന മത്സരത്തിലും വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ വെങ്കടേഷിനായിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ ഇത്രയും മികച്ച പ്രകടനമെന്നത് ശ്രദ്ധേയമായ കാര്യമാണ്'-ഗില്‍ പറഞ്ഞു. 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമടക്കം 48 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്.
ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കെകെആറിന് ശക്തമായ തിരിച്ചുവരവിനുള്ള പ്രചോദനമാണ് ആര്‍സിബിക്കെതിരായ ജയത്തിലൂടെ ലഭിച്ചിരിക്കുന്നത്. വരുണ്‍ ചക്രവര്‍ത്തിയും ആന്‍ഡ്രേ റസലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയതാണ് ആര്‍സിബിയെ തകര്‍ത്തത്. ദേവ്ദത്ത് പടിക്കലെ ലോക്കി ഫെര്‍ഗൂസനും മടക്കി അയച്ചു. എബി ഡിവില്ലിയേഴ്‌സിനെ റസല്‍ ഗോള്‍ഡന്‍ ഡെക്കാക്കിയത് മത്സരത്തില്‍ വഴിത്തിരിവായി.

ആര്‍സിബിയുടെ ടീം ഘടനക്കെതിരേ വലിയ വിമര്‍ശനം ഉയരുന്നു. പാട്ടിധാറെ പുറത്തിരുത്തി കെ എസ് ഭരതിനെ കളിപ്പിച്ചതും ആറാം നമ്പറില്‍ സച്ചിന്‍ ബേബിയെ കളിപ്പിച്ചതുമെല്ലാം വലിയ വിമര്‍ശനത്തിന് കാരണമായി. എന്നാല്‍ എബി ഡിവില്ലിയേഴ്‌സിന് വിക്കറ്റ് കീപ്പറാവാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായതിനാല്‍ ഭരതിനെ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നാണ് ആര്‍സിബി പരിശീലകന്‍ മൈക്ക് ഹെസന്‍ പറഞ്ഞത്. ടീം ഘടനയിലല്ല പ്രശ്‌നം സംഭവിച്ചതെന്നും ബാറ്റിങ് നിരയിലെ പ്രമുഖര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതുവരെ കിരീടം നേടാനാവാത്ത ആര്‍സിബി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ആദ്യ പാദം അവസാനിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ആര്‍സിബിക്ക് രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വി കടുത്ത തിരിച്ചടിയായിരിക്കുകയാണ്. എങ്കിലും ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോഴും സജീവമാണ്. വരുന്ന മത്സരങ്ങളില്‍ ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആര്‍സിബിക്ക് സാധിക്കും. ഈ സീസണോടുകൂടി ആര്‍സിബിയുടെ നായകസ്ഥാനം കോലി ഒഴിയുമെന്നതിനാല്‍ത്തന്നെ ഈ സീസണ്‍ ആര്‍സിബിക്ക് വളരെ പ്രധാനപ്പെട്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications