ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസം മാത്രം ബാക്കി നില്‍ക്കെ ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം. ഏറ്റവും ഒടുവിലായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദേവ്ദത്ത് പടിക്കലിന് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 20കാരനായ താരം നിലവില്‍ ക്വാറന്റെയ്‌നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തവണത്തെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയും തമ്മിലായിരുന്നു. അതിനാല്‍ത്തന്നെ ആദ്യ മത്സരത്തില്‍ ഇനി ദേവ്ദത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ആര്‍സിബിയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണത്. കാരണം അവസാന സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ദേവ്ദത്തിന്റെ സമീപകാലത്തെ പ്രകടനവും വളരെ മികച്ചതാണ്.

ഓപ്പണറായ ദേവ്ദത്തിന്റെ അഭാവം ആര്‍സിബിയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരത്തില്‍ നിന്ന് 147.40 ശരാശരിയില്‍ 737 റണ്‍സാണ് ദേവ്ദത്ത് അടിച്ചെടുത്തത്. അവസാന സീസണിലൂടെ ഐപിഎല്ലിലെത്തിയ ദേവ്ദത്ത് 15 മത്സരത്തില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 473 റണ്‍സാണ് നേടിയത്.
കോവിഡ് കേസുകള്‍ ഉയരുന്നത് ബിസിസി ഐയേയും ആശങ്കപ്പെടുത്തുന്നുണ്ട്. പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഐപിഎല്ലില്‍ ഇത്തവണ കാണികളെ പ്രവേശിപ്പിക്കുന്നില്ല. കൂടാതെ കര്‍ശന നിയമങ്ങളാണ് താരങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ ഇനിയും കോവിഡ് കേസുകള്‍ ഉയരാനുള്ള സാധ്യതയുണ്ട്.
ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ് ആര്‍സിബി. ദേവ്ദത്ത്,വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങിയ കരുത്തുറ്റ നിര ഇത്തവണ ടീമിനൊപ്പമുണ്ട്. എന്നാല്‍ ദേവ്ദത്തിന് എത്ര ദിവസം വേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാനാവാത്ത അവസ്ഥയാണ്. ഇടം കൈയന്‍ യുവ ഓപ്പണറുടെ അഭാവം നികത്തുക ആര്‍സിബിയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്.
നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അക്ഷര്‍ പട്ടേല്‍,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിധീഷ് റാണ എന്നിവര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായ നിധീഷ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അക്ഷര്‍ ക്വാറന്റെയ്‌നില്‍ തുടരുകയാണ്. മുംബൈ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.