നേര്‍ക്കുനേര്‍ പോരാട്ടം
നേര്‍ക്കുനേര്‍ കണക്കുകളില്‍ അല്‍പ്പം മുന്‍തൂക്കം രാജസ്ഥാന് റോയല്‍സിനുണ്ട്. 21 മത്സരത്തില്‍ 12 മത്സരത്തിലും രാജസ്ഥാന് വിജയിച്ചപ്പോള്‍ 9 മത്സരത്തിലാണ് പഞ്ചാബിന് ജയിക്കാനായത്. എന്നാല്‍ ഈ കണക്കുകള്‍ക്ക് ഇപ്പോള്‍ വലിയ പ്രസക്തി ഇല്ല. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്, നിക്കോളാസ് പുരാന് എന്നിവരില്‍ പഞ്ചാബ് പ്രതീക്ഷ വെക്കുമ്പോള്‍ ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്, സഞ്ജു സാംസണ് എന്നിവരിലാണ് രാജസ്ഥാന്റെ പ്രധാന പ്രതീക്ഷ.
കൂടുതല്‍ റണ്‍സ്- വിക്കറ്റ്
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പേരിലാണ്. 406 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്ത് പഞ്ചാബ് നായകന് രാഹുലാണ് (350). ജോസ് ബട്ലര് (251),ക്രിസ് ഗെയ്ല് (217) എന്നിവരാണ് കൂടുതല്‍ റണ്‍സ് നേടിയ മറ്റ് പ്രധാന താരങ്ങള്‍.
കൂടുതല്‍ വിക്കറ്റ് രാജസ്ഥാന് റോയല്‍സിന്റെ ജോഫ്രാ ആര്‍ച്ചറുടെ പേരിലാണ്(7). ആന്‍ഡ്രേ ടൈ (6),ബെന്‍ സ്റ്റോക്സ് (6) എന്നിവരാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. ജോഫ്രാ ആര്‍ച്ചര്‍ ഈ സീസണില്‍ കളിക്കാനില്ലാത്തത് രാജസ്ഥാനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്.
ക്രിസ് മോറിസ് എന്ന വന്മരം
ഇത്തവണ 16.25 കോടി മുടക്കി രാജസ്ഥാന് റോയല്‍സ് ടീമിലെത്തിച്ച ക്രിസ് മോറിസിന്റെ പ്രകടനം എങ്ങനെയെന്ന് ഇന്നറിയാം. ആര്‍ച്ചറുടെ അഭാവത്തില്‍ ഡെത്ത് ഓവറില്‍ പ്രധാന ആശ്രയം മോറിസായിരിക്കും. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ഇത്തവണ ടീമിലുണ്ട്. ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാന് ലിയാം ലിവിങ്സ്റ്റണ്, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ, ആന്‍ഡ്രേ ടൈ എന്നിവരെല്ലാം ഇത്തവണ രാജസ്ഥാന് കരുത്ത് പകരാന്‍ എത്തിയവരാണ്.
സാധ്യതാ 11
രാജസ്ഥാന് റോയല്‍സ്: ജോസ് ബട്ലര്, യശ്വസി ജയ്സ്വാള്‍, സഞ്ജു സാംസണ്, മനാന് വോറ, ബെന്‍ സ്റ്റോക്സ്, ക്രിസ് മോറിസ്, രാഹുല്‍ തെവാത്തിയ, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്ഘട്ട്, കാര്‍ത്തിക് ത്യാഗി, മായങ്ക് മാര്‍ക്കണ്ഡെ.
പഞ്ചാബ് കിങ്സ്: ക്രിസ് ഗെയ്ല്, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, നിക്കോളാസ് പുരാന്, മന്ദീപ് സിങ്, ഷാരൂഖ് ഖാന്, മോയിസസ് ഹെന്റിക്വസ്, ഇഷാന് പോറല്‍, രവി ബിഷ്നോയ്, മുഹമ്മദ് ഷമി, ജൈ റിച്ചാര്ഡ്സന്.