IPL 2021: 'ഞങ്ങള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല', രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷയുണ്ട്- സഞ്ജു സാംസണ്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ഏഴ് വിക്കറ്റിന് തോറ്റത് രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 17.1 ഓവറില്‍ വിജയം നേടിയെടുത്തു.
മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ രാജസ്ഥാന്‍ ബാറ്റിങ് നിരയ്ക്കായില്ല. എവിന്‍ ലെവിസ് (58), യശ്വസി ജയ്‌സ്വാള്‍ (31), സഞ്ജു സാംസണ്‍ (19) എന്നിവര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറ്റാര്‍ക്കും വലിയൊരു പ്രകടനം നടത്താനായിട്ടില്ല.നാല് പ്രമുഖ താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. നിലവില്‍ 11 മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ പറയാം.

എന്നാല്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും രാജസ്ഥാന് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷകളുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍. 'ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല.ഈ ചിന്ത കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനും കൂടുതല്‍ തുറന്നുകാട്ടാനും ഞങ്ങളെ സഹായിക്കുന്നു. ഐപിഎല്ലില്‍ രസകരമായ കാര്യങ്ങള്‍ സംഭവിച്ചേക്കാം. ഞങ്ങള്‍ കളിക്കുന്ന അവസാന മത്സരംവരെ പ്രതീക്ഷയുണ്ട്'- സഞ്ജു സാംസണ്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യത വളരെ കുറവാണ്.ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും 14 പോയിന്റാണ് രാജസ്ഥാന് ലഭിക്കുക. ഡല്‍ഹി, സിഎസ്‌കെ ടീമുകള്‍ക്ക് 16 പോയിന്റും ആര്‍സിബിക്ക് 14 പോയിന്റും ഇതിനോടകമുണ്ട്. അതിനാല്‍ത്തന്നെ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക. എന്നാല്‍ കെകെആര്‍, പഞ്ചാബ്, മുംബൈ ടീമുകളെയെല്ലാം രാജസ്ഥാന് മറികടക്കേണ്ടതായുണ്ട്.

സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, കെകെആര്‍ എന്നീ ശക്തരായ എതിരാളികളാണ് വരുന്ന മത്സരത്തില്‍ രാജസ്ഥാന് നേരിടേണ്ടത്. അതിനാല്‍ത്തന്നെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുകയെന്നത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. മധ്യനിരയുടെ ബാറ്റിങ്ങാണ് ടീമിന്റെ പ്രധാന പ്രശ്‌നം. അവസരത്തിനൊത്ത് ഉയരാന്‍ മധ്യനിരയില്‍ ആര്‍ക്കുമാവുന്നില്ല. സഞ്ജു സാംസണും മധ്യനിരയുടെ പ്രകടനം മെച്ചപ്പെടണമെന്ന് ചൂണ്ടിക്കാട്ടി.
'ആര്‍സിബിക്കെതിരേ മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഓപ്പണര്‍മാര്‍ മനോഹരമായി കളിച്ചു. എന്നാല്‍ അതിനെ മുതലാക്കാന്‍ ഞങ്ങള്‍ക്കായില്ല. വിക്കറ്റിന് നല്ല വേഗമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ടൈമിങ് നഷ്ടമായി. ഞങ്ങളുടെ മധ്യനിരക്ക് കൂടുതല്‍ ആത്മവിശ്വാസം ആവിശ്യമാണ്. കഠിനമായ ആഴ്ചയാണ് ഞങ്ങള്‍ക്ക് കടന്നുപോകുന്നത്. മികച്ച പോരാട്ടത്തിലേക്ക് ഞങ്ങള്‍ ഉയരേണ്ടതായുണ്ട്. ബൗളര്‍മാരുടെ ശ്രമത്തില്‍ സന്തോഷവാനാണ്'- സഞ്ജു പറഞ്ഞു.

മഹിപാല്‍ ലോംറോര്‍ (3), ലിയാം ലിവിങ്‌സ്റ്റന്‍ (6), രാഹുല്‍ തെവാത്തിയ (2), റിയാന്‍ പരാഗ് (9) എന്നിവര്‍ മധ്യനിരയില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. റിയാന്‍ പരാഗ് ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ടീമിന് ബാധ്യതയാണ്. എന്നിട്ടും വീണ്ടും വീണ്ടും അവസരം നല്‍കുന്നു. അടുത്ത മത്സരത്തില്‍ ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ രാജസ്ഥാന്‍ നിരയിലേക്കെത്തിയേക്കും. ക്രിസ് മോറിസിന്റെ മോശം ബൗളിങ് പ്രകടനവും രാജസ്ഥാന് തിരിച്ചടിയാണ്. അതേ സമയം ചേതന്‍ സക്കറിയയും കാര്‍ത്തിക് ത്യാഗിയും മുസ്തഫിസുര്‍ റഹ്മാനും ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.
ആര്‍സിബിക്കെതിരേ ഏഴ് ബൗളര്‍മാരെയാണ് രാജസ്ഥാന്‍ പരീക്ഷിച്ചത്. ഇതില്‍ രണ്ട് വിക്കറ്റുമായി മുസ്തഫിസുര്‍ മാത്രമാണ് തിളങ്ങിയത്. ക്രിസ് മോറിസ് നാല് ഓവറില്‍ 50 റണ്‍സാണ് വിട്ടുകൊടുത്തത്. വരുന്ന മത്സരങ്ങള്‍ രാജസ്ഥാന്‍ നിരയില്‍ വലിയൊരു പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാം. ഒരു മത്സരം കൂടി തോറ്റാല്‍ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications