മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാശിയേറിയ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനോട് നാല് റണ്‍സിന് പരാജയപ്പെട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന പന്തിലേക്ക് നീണ്ട ആവേശത്തില്‍ രാജസ്ഥാനുവേണ്ടി നായകന്‍ സഞ്ജു സാംസണ്‍ (119) അവസാന നിമിഷം വരെ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. നെഞ്ചിടിപ്പേറ്റിയ മത്സരത്തിനൊടുവിലാണ് പഞ്ചാബിന്റെ ജയം. ഇപ്പോഴിതാ മത്സരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍.
'ഹൃദയമിടിപ്പ് ഏറ്റവും ഉയരത്തിലായിരുന്നു. എന്നാല്‍ വിശ്വാസം കൈവിടാന്‍ തയ്യാറല്ലായിരുന്നു. ഒന്ന് രണ്ട് വിക്കറ്റുകള്‍ മത്സരത്തിലേക്ക് ഞങ്ങളെ തിരികെ എത്തിക്കുമെന്ന് അറിയാമായിരുന്നു. ആദ്യത്തെ 11 ഓവര്‍വരെ വളരെ നന്നായി പന്തെറിയാന്‍ ഞങ്ങള്‍ക്കായി. ഞാനടക്കം കുറച്ച് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഒരു ബൗളിങ് കൂട്ടായ്മ എന്ന നിലയില്‍ പദ്ധതിക്കനുസരിച്ച് പന്തെറിയാനായി. സഞ്ജുവിനെതിരേ പന്തെറിയുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്'-മത്സര ശേഷം കെ എല്‍ രാഹുല്‍ പറഞ്ഞു.

അവസാന ഓവറില്‍ 13 റണ്‍സ് ജയിക്കാന്‍ എന്ന നിലയിലേക്ക് മത്സരത്തെ എത്തിക്കാന്‍ സഞ്ജുവിനായി. സഹതാരങ്ങളിലൊരാള്‍ക്കും മികച്ച പിന്തുണ നല്‍കാന്‍ കഴിയാതിരുന്നിട്ടും ടീമിന്റെ നായകനെന്ന നിലയില്‍ പൊരുതാന്‍ സഞ്ജുവിനായി. ആ പോരാട്ട വീര്യത്തിനുള്ള ബഹുമതി എന്ന നിലയിലാണ് കളിയിലെ താരമായി സഞ്ജുവിനെ തിരഞ്ഞെടുത്തതും. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സഞ്ജുവിന്റെ ഷോട്ട് ദീപക് ഹൂഡയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി കെ എല്‍ രാഹുലിനൊപ്പം (91) ദീപക് ഹൂഡയും (64),ക്രിസ് ഗെയ്‌ലും (40) തിളങ്ങിയിരുന്നു. ഇതില്‍ ഹൂഡയുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. മൂന്നാം വിക്കറ്റില്‍ രാഹുലുമായി 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹൂഡ ഉണ്ടാക്കിയത്. 28 പന്തില്‍ നാല് ഫോറും 6 സിക്‌സുമടക്കമായിരുന്നു ഹൂഡയുടെ പ്രകടനം. ഈ ബാറ്റിങ്ങാണ് രാജസ്ഥാന്റെ പ്രതീക്ഷ തെറ്റിച്ചതും പഞ്ചാബിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചതും.
ഹൂഡയുടെ പ്രകടനത്തെയും രാഹുല്‍ പ്രശംസിച്ചു. 'വളരെ മനോഹരമായ ഇന്നിങ്‌സായിരുന്നു ഹൂഡയുടേത്. അത്തരത്തിലുള്ള ബാറ്റിങ് പ്രകടനങ്ങളാണ് ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നത്. പേടിയില്ലാതെ ബൗളര്‍മാരെ നേരിടാന്‍ സാധിക്കണം.വളരെ ശക്തമായ ബാറ്റിങ് നിരയാണ് ടീമിലുള്ളത്. എന്താണോ ടീം ആവിശ്യപ്പെടുന്നത് അത് മനസിലാക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യമാണ്. ഗെയ്‌ലിന്റെ ബാറ്റിങ്ങും മികച്ചതായിരുന്നു'-രാഹുല്‍ പറഞ്ഞുനിര്‍ത്തി.