ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഹൈദരാബാദിനെ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്. എട്ട് റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഹൈദരാബാദിനെതിരേ ഡല്‍ഹിക്കായി ബാറ്റിങ്ങിനിറങ്ങിയത് റിഷഭ് പന്തും ശിഖര്‍ ധവാനുമായിരുന്നു. പൃത്ഥ്വി ഷായെ പ്രതീക്ഷിച്ചിരുന്നിടത്താണ് ധവാനും റിഷഭും ബാറ്റിങ്ങിനിറങ്ങിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനിറങ്ങാത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി ഓപ്പണര്‍ പൃത്ഥ്വി ഷാ.
'ഞങ്ങള്‍ക്കുവേണ്ടി സൂപ്പര്‍ ഓവറില്‍ വളരെ മികച്ച രീതിയിലാണ് അക്ഷര്‍ പട്ടേല്‍ പന്തെറിഞ്ഞത്. റാഷിദ് ഖാനാണ് പന്തെറിയുന്നതെന്നതില്‍ റിഷഭും ധവാനുമാവും സൂപ്പര്‍ ഓവറില്‍ ഇറങ്ങുകയെന്നത് അറിയാമായിരുന്നു. ടീം മാനേജ്‌മെന്റിന്റെ തീരുമാനവും അത് തന്നെയായിരുന്നു'-പൃത്ഥ്വി പറഞ്ഞു. ഡല്‍ഹിയുടെ കുതിപ്പിന് പിന്നില്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക പങ്കാണ് പൃത്ഥ്വി വഹിക്കുന്നത്.

ഹൈദരാബാദിനെതിരേ ഏറ്റവും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത് ഡല്‍ഹി നിരയില്‍ പൃത്ഥ്വിയായിരുന്നു. 39 പന്തില്‍ ഏഴ് ഫോറും 1 സിക്‌സുമടക്കം 53 റണ്‍സാണ് പൃത്ഥ്വി ഷാ നേടിയത്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരേ താരം വളരെ ബുദ്ധിമുട്ടിയിരുന്നു. ഹൈദരാബാദിനായി റാഷിദ് ഖാന്‍ പന്തെറിയാന്‍ എത്തുമെന്ന് ഉറപ്പായതിനാലാണ് ടീം മാനേജ്‌മെന്റ് പൃത്ഥ്വിയെ ഇറക്കാതിരുന്നത്. സ്പിന്നില്‍ അത്ര മികവില്ലെങ്കിലും സീനിയര്‍ താരമെന്ന നിലയിലാണ് ധവാനെ പരിഗണിച്ചത്.
'ആദ്യ ആറ് ഓവറില്‍ ബാറ്റിങ്ങിന് മികച്ച പിച്ചായാണ് തോന്നിയത്. എന്നാല്‍ പിന്നീട് പിച്ച് സ്ലോവാകാന്‍ തുടങ്ങി. പിച്ച് സ്ലോവാകുന്നുവെന്ന് എനിക്ക് മനസിലായി. സ്പിന്നര്‍മാര്‍ വളരെ നന്നായി പന്തെറിഞ്ഞു. പ്രതിരോധിക്കാന്‍ കഴിയുന്ന ടോട്ടലാണ് 160.എന്നാല്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരമായിരുന്നു ഇത്. ഞാന്‍ പരിശീലിച്ചതെന്തോ അതാണ് ചെയ്യാന്‍ ശ്രമിച്ചത്. ആ പരിശീലനം എന്നെ സഹായിക്കുന്നുണ്ട്. അത് തുടരാനാണ് ശ്രമം. വില്യംസണിന്റെ ഇന്നിങ്‌സ് മനോഹരമായിരുന്നു. മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.'-പൃത്ഥ്വി പറഞ്ഞു.
നാലാം ജയത്തോടെ ഡല്‍ഹി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ശിഖര്‍ ധവാനും പൃത്ഥ്വിയും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കം ഡല്‍ഹിയെ വളരെയധികം സഹായിക്കുന്നുണ്ട്. 259 റണ്‍സുമായി ധവാന്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 166 റണ്‍സുമായി 10ാം സ്ഥാനത്താണ് പൃത്ഥ്വി. കഗിസോ റബാദയുടെ മോശം ഫോമാണ് നിലവില്‍ ടീമിനെ വേട്ടയാടുന്ന പ്രധാന പ്രശ്‌നം. ആര്‍സിബിയാണ് ഡല്‍ഹിയുടെ അടുത്ത എതിരാളി.