മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുമ്പായി പേരുമാറ്റാനൊരുങ്ങി കിങ്‌സ് ഇലവന്‍ പഞ്ചാബ്. പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സ് എന്ന പേരില്‍ ടീം ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത പഞ്ചാബ് നിര ഇത്തവണ പേരുമാറ്റി പോരാട്ടത്തിനിറങ്ങി ഭാഗ്യം പ്രതീക്ഷിക്കുകയാണ്. എന്നാല്‍ പേരുമാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കഴിഞ്ഞ 13 സീസണിലും കിങ്‌സ് 11 പഞ്ചാബ് എന്ന പേരിലാണ് ടീം ഇറങ്ങിയത്. പ്രീതി സിന്ദയുടെ ഉടമസ്ഥതയിലുള്ള ടീം അവസാന സീസണിലും പ്ലേ ഓഫ് കാണാനാവാതെ പുറത്തായിരുന്നു. ഇതോടെയാണ് ഇത്തവണ ഇത്തരമൊരു പേരുമാറ്റത്തിന് ടീം തയ്യാറെടുക്കുന്നതെന്നാണ് വിവരം. 18ന് ചെന്നൈയില്‍ 14ാം സീസണിന് മുന്നോടിയായി താരലേലം നടക്കുന്നുണ്ട്. അതില്‍ പുതിയ പേരിലാവും പഞ്ചാബ് എത്തുകയെന്നാണ് വിവരം.

കെ എല്‍ രാഹുല്‍ നായകനായ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം മികച്ച താരനിരയുണ്ട്. മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍ എന്നിവരെല്ലാണ് പ്രധാന താരങ്ങള്‍. പേര് മാറ്റുന്നതിനായി ബിസിസി ഐയുമായി ടീമുടമകള്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ക്രിക്ക് ബസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ വെച്ച് പുതിയ പേര് വലിയൊരു പരിപാടിയായി പ്രഖ്യാപിക്കാനും ടീം പദ്ധയിതിയിടുന്നുണ്ടെന്നാണ് വിവരം.
നേരത്തെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഡല്‍ഹി ക്യാപിറ്റല്‍സെന്ന് പേരുമാറ്റിയിരുന്നു. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാതെ വന്നതോടെയാണ് ടീമിന്റെ പേരിലെ ചെകുത്താനെ നീക്കി ക്യാപിറ്റല്‍സ് എന്നാക്കി മാറ്റിയത്. അവസാന സീസണിലെ റണ്ണറപ്പുകളാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് ടീം പരാജയപ്പെടുകയായിരുന്നു.
18ന് ചെന്നൈയില്‍ വൈകീട്ട് മൂന്ന് മണിക്കാണ് താരലേലം പ്രഖ്യാപിച്ചിരിക്കുന്നത്. 1114 താരങ്ങള്‍ താരലേലത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 292 പേരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. മിനി താരലേലമാണെങ്കിലും പ്രമുഖരായ നിരവധി താരങ്ങള്‍ ലേലത്തിലേക്ക് എതിപ്പെട്ടതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ആരോണ്‍ ഫിഞ്ച്, ക്രിസ് മോറിസ്, ഡേവിഡ് മലാന്‍, ജേസന്‍ റോയി എന്നിവരെല്ലാം ലേലത്തില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങളാണ്.
കിങ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച പേസ് ബൗളര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയും ആവിശ്യമാണ്. മൂന്ന് വിദേശ താരങ്ങളെ ടീമിലെത്തിക്കാന്‍ ഇനിയും പഞ്ചാബിന് സാധിക്കും. 53.20,00000 കോടി പഞ്ചാബിന്റെ പേഴ്‌സിലുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് കൂടുതല്‍ പണം ബാക്കിയുള്ള മറ്റ് പ്രധാന ടീമുകള്‍.