IPL 2021: ടീമുകള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെ? പട്ടിക പരിശോധിക്കാം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലേക്കുള്ള താരലേലം ഫെബ്രുവരി 16ന് നടക്കാനിരിക്കുകയാണ്. ഇത്തവണ ഇന്ത്യയില്‍ത്തന്നെയാണ് ഐപിഎല്‍ നടക്കുന്നത്. താരലേലത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി നാല് വരെ അപേക്ഷ നല്‍കാം. ഒഴിവാക്കുന്ന താരങ്ങളുടെ പട്ടിക ഈ മാസം 20നുള്ളില്‍ നല്‍കണമെന്നാണ് ഫ്രാഞ്ചൈസികളെ അറിയിച്ചിരിക്കുന്നത്. ഇത്തവണ മെഗാ താരലേലമല്ല നടക്കുന്നത്. അതിനാല്‍ത്തന്നെ വലിയ മാറ്റങ്ങള്‍ ടീമുകളില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. പുതിയ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടിക പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
അവസാന സീസണില്‍ വളരെ നിരാശപ്പെടുത്തിയ സിഎസ്‌കെയ്ക്ക് ഇത്തവണ തിരിച്ചുവരവ് അനിവാര്യമാണ്. മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ ഒഴിവാക്കാന്‍ സാധ്യതയുള്ളത് പ്രധാനമായും നാല് സീനിയര്‍ താരങ്ങളെയാണ്. കേദാര്‍ ജാദവ്,ഹര്‍ഭജന്‍ സിങ്,പീയൂഷ് ചൗള,മുരളി വിജയ് എന്നിവര്‍ അടുത്ത സീസണില്‍ സിഎസ്‌കെയില്‍ കാണാന്‍ സാധ്യത കുറവാണ്. സുരേഷ് റെയ്‌നയെ തിരിച്ചെത്തിക്കാനും സാധ്യതയില്ല.

മുംബൈ ഇന്ത്യന്‍സ്
അഞ്ച് തവണ ഐപിഎല്ലില്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ജേതാക്കള്‍. മികച്ച ടീം കരുത്തുള്ള മുംബൈയ്ക്ക് അധികം താരങ്ങളെ ഒഴിവാക്കേണ്ടതായിട്ടില്ല. ഓപ്പണര്‍ ക്രിസ് ലിന്‍, പേസര്‍മാരായ പാറ്റിന്‍സന്‍,മിച്ചല്‍ മഗ്ലെങ്ങന്‍ എന്നിവരെ ഒഴിവാക്കുമെന്നാണ് വിവരം. അവസാന സീസണില്‍ മുംബൈ ലിന്നിനെ ടീമിലെത്തിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
അവസാന സീസണിലും കിരീടത്തിലേക്ക് എത്താന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണയും ടീമില്‍ അഴിച്ചുപണി നടത്തുമെന്നുറപ്പാണ്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്,പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍,മോയിന്‍ അലി,ഉമേഷ് യാദവ് എന്നിവരാണ് വിരാട് കോലി നായകനായുള്ള ആര്‍സിബി കൈവിടാന്‍ സാധ്യതയുള്ള താരങ്ങള്‍. മികച്ച പേസര്‍മാരെ ടീമിന് അത്യാവശ്യമാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
കെകെആറില്‍ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. മുന്‍ നായകന്‍ ദിനേഷ് കാര്‍ത്തികിനെ കെകെആര്‍ ഒഴിവാക്കിയേക്കും. ക്രിസ് ഗ്രീന്‍,ടോം ബാന്റന്‍,കുല്‍ദീപ് യാദവ് എന്നിവരെയും കെകെആര്‍ ഒഴിവാക്കിയേക്കുമെന്നാണ് വിവരം. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന് നായകനെന്ന നിലയില്‍ ഒരവസരം കൂടി നല്‍കിയേക്കും. മികച്ച ബാറ്റ്‌സ്മാന്‍മാരെ ടീമിന് വേണം.

ഡല്‍ഹി ക്യാപിറ്റല്‍സ്
അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ വലിയ അഴിച്ചുപണി നടത്താന്‍ സാധ്യത കുറവാണ്. ഡാനിയല്‍ സാംസ്,അലക്‌സ് ക്യാരി,മോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ എന്നിവരെ ഡല്‍ഹി ഒഴിവാക്കിയേക്കുമെന്നാണ് വിവരം. ശിഖര്‍ ധവാന്‍,ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ നിലവില്‍ ടീമിനൊപ്പമുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
അവസാന സീസണില്‍ നിര്‍ഭാഗ്യം കൊണ്ട് പ്ലേ ഓഫ് കാണാതെ പോയ പഞ്ചാബ് ഇത്തവണ തിരിച്ചുവരവ് പ്രതീക്ഷയിലാണ്. ഗ്ലെന്‍ മാക്‌സ് വെല്‍,ഷെല്‍ഡോന്‍ കോട്രല്‍,ജിമ്മി നിഷാം എന്നിവരെ പഞ്ചാബ് ഒഴിവാക്കിയേക്കുമെന്നാണ് വിവരം. മികച്ച പേസര്‍മാരുടെ അഭാവമാണ് ടീമിലുള്ളത്. കെ എല്‍ രാഹുല്‍ നായകനായ ടീമില്‍ മായങ്ക് അഗര്‍വാള്‍,ക്രിസ് ഗെയ്ല്‍ തുടങ്ങിയവര്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
അവസാന സീസണിലും പ്ലേ ഓഫില്‍ കളിച്ച ഹൈദരാബാദ് ഇത്തവണ സിദ്ധാര്‍ത്ഥ് കൗള്‍,മിച്ചല്‍ മാര്‍ഷ് എന്നിവരെ ഒഴിവാക്കിയേക്കും. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം കെയ്ന്‍ വില്യംസന്‍,റാഷിദ് ഖാന്‍,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരെല്ലാം ഹൈദരാബാദ് നിരയിലുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്
അവസാന സീസണില്‍ നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ഇത്തവണ വലിയ മാറ്റങ്ങള്‍ക്ക് ടീം തയ്യാറെടുക്കുകയാണെന്നാണ് വിവരം. സ്റ്റീവ് സ്മിത്ത്,ജയദേവ് ഉനദ്ഘട്ട്,മനാന്‍ വോറ,വരുണ്‍ ആരോണ്‍ എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയേക്കും. സഞ്ജു സാംസണെ നായകനായി നിയമിച്ചേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications