ഷാര്‍ജ: മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് നാല് വിക്കറ്റിന്റെ വിജയം. മുംബൈ ഉയര്‍ത്തിയ 130 റണ്‍സിന്റെ താരതമ്യേനെ ചെറിയ വിജയലക്ഷ്യം അവസാന ഓവറിലാണ് ഡല്‍ഹി മറി കടന്നത്. സിക്‌സിലൂടെ ആര്‍ അശ്വിനാണ് ഡല്‍ഹിയുടെ വിജയ റണ്‍ നേടിയത്. തുടക്കത്തില്‍ മുംബൈയുടെ ബൗളിംഗ് നിര ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഡല്‍ഹിയ്ക്ക് മുന്‍നിരയെ അതിവേഗം തന്നെ നഷ്ടമായിരുന്നു. എന്നാല്‍ ശ്രേയസ് അയ്യരുടേയും അശ്വിന്റേയും ചെറുത്തു നില്‍പ്പ് ഡല്‍ഹിയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
ഓപ്പണര്‍മാരായ പൃഥ്വി ഷയും ശിഖര്‍ ധവാനും രണ്ടക്കം കടക്കും മുമ്പ് തന്നെ പുറത്തായിരുന്നു. പിന്നാലെ വന്ന സ്റ്റീവ് സ്മിത്തും പത്ത് തികയ്ക്കാതെ പുറത്തായി. പക്ഷെ നായകന്‍ ഋഷഭ് പന്തും ശ്രേയസ് അയ്യരും ചെറുത്തു നില്‍ക്കുകയായിരുന്നു. പന്ത് 26 റണ്‍സെടുത്ത് പുറത്തായെങ്കിലും അയ്യര്‍ ചെറുത്തു നില്‍പ്പ് തുടര്‍ന്നു. 15 റണ്‍സെടുത്ത ഹെറ്റ്‌മെയര്‍ പുറത്തായതോടെ വന്ന അശ്വിനൊപ്പം ചേര്‍ന്ന് അയ്യര്‍ ഡല്‍ഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അയ്യര്‍ 33 പന്തുകളില്‍ നിന്നും 33 റണ്‍സും അശ്വിന്‍ 21 പന്തുകളില്‍ നിന്നും 20 റണ്‍സുമാണ് നേടിയത്.

മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട്, ജയന്ത് യാദവ്, ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, കോള്‍ട്ടര്‍ നീല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. നേരത്തെ, മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞൊതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടിയ ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവച്ച് ഡല്‍ഹി ബൗളര്‍മാര്‍ മുംബൈയെ എറിഞ്ഞിട്ടു. അക്‌സര്‍ പട്ടേലിലൂടെ തുടങ്ങിയ ഡല്‍ഹി ആവേശ് ഖാനിലൂടെ മുംബൈയുടെ അന്ത്യം കുറിക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 129 റണ്‍സ് നേടിയത്.
ഡല്‍ഹിക്കായി അക്‌സര്‍ പട്ടേലും ആവേശ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് അക്‌സര്‍ മൂന്ന് വിക്കറ്റ് നേടിയതെങ്കില്‍ 15 റണ്‍സ് മാത്രമാണ് ആവേശ് ഖാന്‍ വിട്ടു കൊടുത്ത്. ഒരു വിക്കറ്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളുവെങ്കിലും 19 മാത്രം വിട്ടു കൊടുത്ത നോര്‍ക്കിയയും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. അശ്വിനും ഒരു വിക്കറ്റ് നേടി.
33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ രോഹിത് ശര്‍മ ഏഴ് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. ഡി കോക്ക് 19 റണ്‍സും സൗരഭ് തിവാരി 15 റണ്‍സുമാണ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് 17 റണ്‍സ് മാത്രമാണ് ഇന്ന് നേടാനായത്. ക്രുണാല്‍ പാണ്ഡ്യ 13 റണ്‍സും ജയന്ത് യാദവ് 11 റണ്‍സും അവസാനം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ വിജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് ടിക്കറ്റ് എടുക്കുകയും ചെയ്തു. അതേസമയം മുംബെെയുടെ പ്ലേ ഓഫ് മോഹത്തിന് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ പരാജയം.
പ്ലെയിംഗ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍ നീല്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാഡ, ആവേഷ് ഖാന്‍, ആന്റിച്ച് നോര്‍ക്കിയ.