IPL 2021: ഇത് അവസാന സീസണ്‍, വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ഇതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. അവസാന സീസണില്‍ കളിക്കാതിരുന്ന പല സൂപ്പര്‍ താരങ്ങളും തിരിച്ചെത്തിയതോടൊപ്പം ഇന്ത്യയിലാണ് ഇത്തവണ മത്സരമെന്നതും 14ാം സീസണിന്റെ ആവേശം ഉയര്‍ത്തുന്നു. എന്നാല്‍ ഈ സീസണോടുകൂടി പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി
അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ അവസാന സീസണായി ഇത് മാറാന്‍ സാധ്യതകളേറെയാണ്. 39വയസ് പിന്നിട്ട ധോണിയുടെ ഈ സീസണിലെ പ്രകടനമാവും വിരമിക്കല്‍ തീരുമാനത്തില്‍ നിര്‍ണ്ണായകമാവുക. മൂന്ന് തവണ സിഎസ്‌കെയെ കിരീടം ചൂടിച്ച ധോണി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. അതിനാല്‍ത്തന്നെ ഐപിഎല്ലിലും ഈ സീസണോടെ അദ്ദേഹം കളി നിര്‍ത്തിയേക്കും. 204 മത്സരത്തില്‍ നിന്ന് 4632 റണ്‍സാണ് ധോണി നേടിയത്, ഇതില്‍ 23 ഫിഫ്റ്റിയും ഉള്‍പ്പെടും.

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ അവസാന ഐപിഎല്‍ സീസണായി ഇത്തവണത്തേത് മാറാന്‍ സാധ്യത ഏറെയാണ്. 41കാരനായ ഗെയ്ല്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കളിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇനിയൊരു ഐപിഎല്ലുകൂടി കളിച്ചേക്കുമെന്ന് തോന്നുന്നില്ല. അവസാന സീസണില്‍ 7 മത്സരത്തില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 288 റണ്‍സ് ഗെയ്ല്‍ നേടിയിരുന്നു. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്. 132 മത്സരങ്ങളില്‍ നിന്നായി 4772 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഇമ്രാന്‍ താഹിര്‍
സിഎസ്‌കെയുടെ 42കാരനായ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെയും അവസാന സീസണായി ഇത് മാറിയേക്കും. നിലവില്‍ പിഎസ്എല്ലില്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ടി20 ലീഗുകളിലും സജീവ താരമാണ് താഹിര്‍. പ്രായം അക്കങ്ങളില്‍ മാത്രം ആണെന്ന് തെളിയിച്ച് ഇപ്പോഴും തകര്‍പ്പന്‍ ഫീല്‍ഡിങ്ങും ബൗളിങ്ങുമായി അദ്ദേഹം കളത്തില്‍ സജീവമാണ്. 2019ല്‍ 26 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപിന് ഉടമയായിരുന്നു അദ്ദേഹം. അവസാന സീസണില്‍ ടീമിലുണ്ടായിരുന്നെങ്കിലും വലിയ അവസരങ്ങള്‍ ലഭിച്ചില്ല.

ഹര്‍ഭജന്‍ സിങ്
ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിക്കുന്ന സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെയും അവസാന സീസണായി 14ാം സീസണ്‍ മാറാന്‍ സാധ്യതയുണ്ട്. 40കാരനായ ഹര്‍ഭജന്‍ നാല് തവണ ഐപിഎല്‍ കിരീടം നേടിയ താരമാണ്. 2013,2015,2017 സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഒപ്പമാണ് ഹര്‍ഭജന്റെ നേട്ടം. 150 വിക്കറ്റുകള്‍ ഐപിഎല്‍ നേടിയിട്ടുള്ള ഹര്‍ഭജന്‍ അവസാന സീസണില്‍ കളിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications