മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ആവേശ പോരാട്ടത്തിനായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇത്തവണ നാല് വിക്കറ്റ് കീപ്പര്‍മാരാണ് ഐപിഎല്ലില്‍ നായകന്മാരാവുന്നത്. ധോണി പ്രശസ്തമാക്കിയ വിക്കറ്റ് കീപ്പര്‍-ക്യാപ്റ്റന്‍ ശൈലി പിന്തുടര്‍ന്ന് പഞ്ചാബ് കിങ്‌സിനെ രാഹുല്‍ ഡല്‍ഹിയെ റിഷഭും രാജസ്ഥാനെ സഞ്ജു സാംസണും നയിക്കുന്നു. വിക്കറ്റ് കീപ്പര്‍മാരിലെ നിരവധി റെക്കോഡുകളുടെ തലപ്പത്ത് എംഎസ് ധോണിയാണ്. എന്നാല്‍ ഒരു സീസണില്‍ കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പര്‍ ആരാണ്?
മുന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ക്യാപ്റ്റനും പഞ്ചാബ് കിങ്‌സ് താരവുമായ ആദം ഗില്‍ക്രിസ്റ്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2009 സീസണില്‍ എട്ട് പേരെയാണ് അദ്ദേഹം സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. മുന്‍ ഓസീസ് നായകനായിരുന്ന ആദം ഗില്‍ക്രിസ്റ്റ് ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ്. ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഗില്‍ക്രിസ്റ്റ്.

സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറല്ലാത്ത റോബിന്‍ ഉത്തപ്പയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് വിക്കറ്റ് കീപ്പറായി ഉത്തപ്പയെ പരിഗണിച്ചിരുന്നത്. 2014 സീസണില്‍ ഏഴ് താരങ്ങളെ സ്റ്റംപിങ്ങിലൂടെ പുറത്താക്കാന്‍ ഉത്തപ്പയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ പട്ടികയിലെ മൂന്നാം സ്ഥാനവും ഉത്തപ്പയുടെ പേരിലാണ്. 2017ല്‍ ആറ് താരങ്ങളെ ഉത്തപ്പ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയിട്ടുണ്ട്. നിലവില്‍ സിഎസ്‌കെയുടെ ഭാഗമാണ് അദ്ദേഹം.
മുന്‍ സിഎസ്‌കെ,കെകെആര്‍,ആര്‍സിബി,ഗുജറാത്ത് ലയണ്‍സ് താരമായ ബ്രണ്ടന്‍ മക്കല്ലം 2012ല്‍ ആറ് താരങ്ങളെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയിട്ടുണ്ട്. ന്യൂസീലന്‍ഡ് വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന മക്കല്ലം കീപ്പറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് അദ്ദേഹം.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ നായകന്‍ റിഷഭ് പന്തും ആറ് താരങ്ങളെ ഒരു സീസണില്‍ പുറത്താക്കിയിട്ടുണ്ട്. 2019 സീസണിലായിരുന്നു ഡല്‍ഹിക്കുവേണ്ടി പന്ത് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും റിഷഭാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. ദിനേഷ് കാര്‍ത്തികും ആറ് പേരെ ഒരു സീസണില്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയിട്ടുണ്ട്. 2010 സീസണിലായിരുന്നു ഇത്. സിഎസ്‌കെ നായകനും ഇതിഹാസ നായകനുമായ ധോണിയും ആറ് പേരെയാണ് ഒരു സീസണില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. 2010 സീസണിലായിരുന്നു ഇത്.