IPL 2021: മുംബൈ x കെകെആര്‍, റസലിനെ വീഴ്ത്തുമോ ബുംറ? ഈ അഞ്ച് പോരാട്ടങ്ങളെ കരുതിയിരിക്കുക
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് രണ്ട് വിക്കറ്റിന് തോറ്റ ക്ഷീണത്തിലിറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കെകെആറിന്റെ വരവ്. ഹാട്രിക് കിരീടം സ്വപ്‌നം കാണുന്ന മുംബൈ ഇന്ത്യന്‍സ് ശക്തമായ താരനിരയുമായാണ് ഇത്തവണയും ഇറങ്ങിയിരിക്കുന്നത്. ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന അഞ്ച് താരപോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ- പാറ്റ് കമ്മിന്‍സ്
മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെകെആര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് സാധിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അസാമാന്യ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ മിടുക്കനാണ് കമ്മിന്‍സ്. ന്യൂബോളില്‍ കെകെആര്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നതും കമ്മിന്‍സിലാവും. ആദ്യ മത്സരത്തില്‍ തിളങ്ങിയ കമ്മിന്‍സും രോഹിതും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാവും.

ആന്‍ഡ്രേ റസല്‍- ജസ്പ്രീത് ബുംറ
കെകെആറിന്റെ വജ്രായുധമാണ് ആന്‍ഡ്രേ റസല്‍. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള റസലിനെ പിടിച്ചുകെട്ടാന്‍ മുംബൈയുടെ ജസ്പ്രീത് ബുംറയ്ക്ക് സാധിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ റസലിനായില്ല. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാകും റസല്‍ പ്രതീക്ഷിക്കുന്നത്.

കീറോണ്‍ പൊള്ളാര്‍ഡ്- യുസ്‌വേന്ദ്ര ചഹാല്‍
മുംബൈയുടെ മധ്യനിരയെ നിയന്ത്രിക്കുന്നത് കീറോണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങ്ങാണ്. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ പൊള്ളാര്‍ഡ് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയിലിറങ്ങുമ്പോള്‍ പിടിച്ചുനിര്‍ത്താന്‍ യുസ് വേന്ദ്ര ചഹാലിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. സ്പിന്നറെ കടന്നാക്രമിക്കുന്ന താരമാണ് പൊള്ളാര്‍ഡ്. അവസാന സീസണുകളിലെല്ലാം പൊള്ളാര്‍ഡിന്റെ ബാറ്റിങ് ചൂട് ചഹാല്‍ അറിഞ്ഞിട്ടുമുണ്ട്. അതിനാല്‍ ഇത്തവണ ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആ പോരാട്ടം കൂടുതല്‍ ആവേശകരമാവും.

ഹര്‍ദിക് പാണ്ഡ്യ- ഷക്കീബ് അല്‍ഹസന്‍
മുംബൈയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. തല്ലിത്തകര്‍ത്ത് കളിക്കുന്ന ഹര്‍ദിക്കിനെ എത്രയും നേരത്തെ പിടിച്ചുകെട്ടാന്‍ സാധിക്കുന്നുവോ അത്രയും കെകെആറിന് കാര്യങ്ങള്‍ എളുപ്പമാവും. ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ഹസന്‍ ഹര്‍ദികിന് ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ഡെത്ത് ഓവറിലടക്കം പന്തെറിയാന്‍ മിടുക്കുള്ള താരമാണ് ഷക്കീബ് അല്‍ ഹസന്‍. ആദ്യ മത്സരത്തില്‍ തിളങ്ങാതിരുന്ന ഹര്‍ദികിന് രണ്ടാം മത്സരത്തില്‍ തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണ്.

സൂര്യകുമാര്‍ യാദവ്- പ്രസിദ്ധ് കൃഷ്ണ
സ്പിന്നിനെയും പേസിനെയും ഒരുപോലെ മനോഹരമായി നേരിടുന്ന താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. ആര്‍സിബിക്കെതിരെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച സൂര്യകുമാറിനെ തളക്കാന്‍ പ്രസിദ്ധ് കൃഷ്ണയ്ക്കാവുമോയെന്ന് കണ്ടറിയാം. കൃത്യമായ ലൈനും ലെങ്തും നിലനിര്‍ത്തി പന്തെറിയുന്ന താരമാണ് പ്രസിദ്ധ്. ഓഫ് സൈഡില്‍ ലഭിക്കുന്ന പന്തുകളെ കടന്നാക്രമിക്കുന്ന സൂര്യകുമാറിനെ ഓഫ് സൈഡില്‍ത്തന്നെ കുരുക്കാന്‍ പ്രസിദ്ധിനാവുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications