IPL 2021: എസ്ആര്‍എച്ചിന് രക്ഷയില്ല, ഹാട്രിക്ക് തോല്‍വി- മുംബൈക്കു രണ്ടാം ജയം

ചെന്നൈ: ഐപിഎല്ലില്‍ ജയിക്കാമായിരുന്ന മറ്റൊരു മല്‍സരം കൂടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ടു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടു 13 റണ്‍സിനായിരുന്നു എസ്ആര്‍എച്ച് കീഴടങ്ങിയത്. ഈ സീസണില്‍ അവരുടെ ഹാട്രിക്ക് തോല്‍വി കൂടിയാണിത്. ഇത്തവണ ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത ഏക ടീമും ഓറഞ്ച് ആര്‍മിയാണ്. ചെന്നൈയിലെ പിച്ച് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് എത്ര മാത്രം ദുഷ്‌കരമാണെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ച മല്‍സരം കൂടിയായിരുന്നു ഇത്. 151 റണ്‍സായിരുന്നു എസ്ആര്‍എച്ചിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ വിക്കറ്റിനു റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് അഞ്ചു വിക്കറ്റിന് 150. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.4 ഓവറില്‍ 137. ഈ വിജയം മുംബൈയെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ത്തിയപ്പോള്‍ എസ്ആര്‍എച്ച് അവസാന സ്ഥാനത്തു തന്നെ തുടരുകയാണ്.

ജോണി ബെയര്‍സ്‌റ്റോ (43), നായകന്‍ ഡേവിഡ് വാര്‍ണര്‍ (36), വിജയ് ശങ്കര്‍ (28) എന്നിവര്‍ മാത്രമേ എസ്ആര്‍എച്ച് നിരയില്‍ വിജയത്തിനു വേണ്ടി പൊരുതി നോക്കിയുള്ളൂ. മനീഷ് പാണ്ഡെ (2), വിരാട് സിങ് (11), അഭിഷേക് ശര്‍മ (2), അബ്ദുള്‍ സമദ് (7), റാഷിദ് ഖാന്‍ (0), ഭുവനേശ്വര്‍ കുമാര്‍ (1), മുജീബുര്‍ റഹ്മാന്‍ (1), ഖലീല്‍ അഹമ്മദ് (1) എന്നിവരെല്ലാം ഒറ്റയക്ക സ്‌കോറിനു മടങ്ങി. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത രാഹുല്‍ ചഹറും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നാണ് എസ്ആര്‍എച്ചിനെ വാരിക്കളഞ്ഞത്. ഉജ്ജ്വല ബൗളിങും ഹാര്‍ദിക് പാണ്ഡ്യയുടെ രണ്ടു റണ്ണൗട്ടുകളും എസ്ആര്‍എച്ചിനെ തകര്‍ക്കുകയായിരുന്നു. വാര്‍ണറും സമദുമാണ് ഹാര്‍ദിക്കിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്തായത്.

സ്‌ഫോടനാത്മക തുടക്കമായിരുന്നു എസ്ആര്‍എച്ചിനു പുതിയ ഓപ്പണിങ് ജോടികളായ വാര്‍ണറും ബെയര്‍സ്‌റ്റോയും ചേര്‍ന്നു നല്‍കിയത്. വാര്‍ണറെ ക്രീസിന്റെ മറുഭാഗത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി ബെയര്‍സ്‌റ്റോ ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറി. ഏഴോവറില്‍ 62 റണ്‍സുമായി കുതിച്ച എസ്ആര്‍എച്ചിനു തിരിച്ചടിയായത് ബെയര്‍സ്‌റ്റോയുടെ നിര്‍ഭാഗ്യകരമായ പുറത്താവലാണ്. ഹിറ്റ് വിക്കറ്റായാണ് താരം ക്രീസ് വിട്ടത്. 22 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമാണ് 43 റണ്‍സ് ബെയരര്‍‌സ്റ്റോ വാരിക്കൂട്ടിയത്. പിന്നീട് എസ്ആര്‍ച്ചിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒരു സഖ്യത്തെയും മുംബൈ ക്രീസില്‍ നിലയുറപ്പിച്ചില്ല.

ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ മുംബൈയെ ഉജ്ജ്വല ബൗളിങിലൂടെ എസ്ആര്‍എച്ച് അഞ്ചു വിക്കറ്റിനു 151 റണ്‍സിനു പിടിച്ചുനിര്‍ത്തുകയായിരുന്നു മുംബൈ നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല. ക്വിന്റണ്‍ ഡികോക്ക് (40), കരെണ്‍ പൊള്ളാര്‍ഡ് (35*), നായകന്‍ രോഹിത് ശര്‍മ (32) എന്നിവര്‍ മാത്രമേ മുംബൈ നിരയില്‍ പിടിച്ചുനിന്നുള്ളൂ. സൂര്യകുമാര്‍ യാദവ് (10), ഇഷാന്‍ കിഷന്‍ (12), ഹാര്‍ദിക് പാണ്ഡ്യ (7) എന്നിവരില്‍ നിന്നൊന്നും കാര്യമായ സംഭാവന ലഭിച്ചില്ല. എസ്ആര്‍എച്ചിനായി വിജയ് ശങ്കറും മുജീബുര്‍ റഹ്മാനും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ രോഹിത്തും ഡികോക്കും മുംബൈയ്ക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.3 ഓവറില്‍ 55 റണ്‍സ് നേടിയിരുന്നു. രോഹിത്തിനെ പുറത്താക്കിയ വിജയ് ശങ്കറാണ് എസ്ആര്‍എച്ചിന് കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. 25 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടിച്ച രോഹിത് മറ്റൊരു വമ്പന്‍ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു. ഡീപ്പ് മിഡ് വിക്കറ്റില്‍ വിരാട് സിങിന് സിംപിള്‍ ക്യാച്ച് സമ്മാനിച്ചായിരുന്നു ഹിറ്റ്മാന്റെ മടക്കം.

തന്റെ രണ്ടാം ഓവറില്‍ വിജയ് മുംബൈയ്ക്കു അടുത്ത പ്രഹരമേല്‍പ്പിച്ചു. മിന്നുന്ന ഫോമിലുള്ള സൂര്യകുമാറിനെയാണ് വിജയ് മടക്കിത്. ഒമ്പതാം ഓവറിലെ രണ്ടാമത്തെ ബോളില്‍ വിജയ്‌ക്കെതിരേ സൂര്യ എക്‌സ്ട്രാ കവറിനു മുകളിലൂടെ തകര്‍പ്പന്‍ സിക്‌സര്‍ പറത്തി. എന്നാല്‍ അടുത്ത ബോളില്‍ തന്നെ സൂര്യയെ പുറത്താക്കി വിജയ് ചാംപ്യന്‍മാരെ സ്തബ്ധരാക്കി. ഡ്രൈവിനു ശ്രമിച്ച സൂര്യയെ വിജയ് സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു. ഇതോടെ മുംബൈയുടെ സ്‌കോറിങിനു വേഗം കുറഞ്ഞു. അടുത്ത രണ്ടോവറുകളില്‍ ഒരു ബൗണ്ടറിയോ, സിക്‌സറോ അവര്‍ക്കു നേടാനായില്ല.

ഡികോക്കാണ് മൂന്നാമനായി ക്രീസ് വിട്ടത്. മൂജീബിന്റെ ബൗളിങില്‍ പകരക്കാരനായി ഇറങ്ങിയ സുചിത്ത് ഡികോക്കിനെ ക്യാച്ച് ചെയ്യുകയായിരുന്നു. ഇഷാന്‍, ഹാര്‍ദിക് എന്നിവര്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനാവാതെ ക്രീസ് വിട്ടതോടെ മുംബൈ 150 കടക്കുമോയെന്ന കാര്യം സംശയത്തിലായി. 19ാം ഓവര്‍ കഴിഞ്ഞപ്പോള്‍ മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ 133 റണ്‍സാണുണ്ടായിരുന്നത്. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ മുംബൈ 17 റണ്‍സ് വാരിക്കൂട്ടി. അവസാന രണ്ടു ബോളും പൊള്ളാര്‍ഡ് സിക്‌സറിലേക്കു പറത്തി. 22 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 35 റണ്‍സോടെ പൊള്ളാര്‍ഡ് പുറത്താവാതെ നിന്നപ്പോള്‍ ക്രുനാല്‍ പാണ്ഡ്യയായിരുന്നു (3*) ക്രീസില്‍ ഒപ്പം.

ഒരു മാറ്റവുമായാണ് മുംബൈ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെ മുംബൈയ്ക്കു വേണ്ടി കന്നി മല്‍സരത്തില്‍ ഇറങ്ങി. മാര്‍ക്കോ ജാന്‍സണാണ് പുറത്തായത്. മറുഭാഗത്ത് എസ്ആര്‍എച്ച് ടീമില്‍ നാലു മാറ്റങ്ങളുണ്ടായിരുന്നു. വിരാട് സിങ്, അഭിഷേക് ശര്‍മ, മുജീബുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ് എന്നിവാണ് പുതുതായി ടീമിലേക്കു വന്നത്. വൃധിമാന്‍ സാഹ, ടി നടരാജന്‍, ഷഹബാസ് നദീം, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ടീമില്‍ നിന്നു പുറത്തായി.

പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, ആദം മില്‍നെ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, വിരാട് സിങ്, വിജയ് ശങ്കര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുജീബുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, April 17, 2021, 18:04 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X