IPL 2021: രാജകീയ പോരില്‍ സൂപ്പര്‍ ചെന്നൈ, പഞ്ചാബ് നാണംകെട്ടു

മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ആഞ്ഞടിച്ച ചഹര്‍ ചുഴലിക്കാറ്റില്‍ പഞ്ചാബ് കിങ്‌സ് കടപുഴകി. രാജകീയ പോരാട്ടത്തില്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ് ഐപിഎല്ലിലേക്കു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ധോണിപ്പട പഞ്ചാബിനെ വാരിക്കളഞ്ഞത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും സിഎസ്‌കെയുടെ സമ്പൂര്‍ണ ആധിപത്യത്തിന് മുന്നില്‍ പഞ്ചാബിനു മറുപടിയില്ലായിരുന്നു.

റണ്ണൊഴുകുന്ന മുംബൈയിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട പഞ്ചാബ് 106 റണ്‍സിലൊതുങ്ങിയപ്പോള്‍ തന്നെ ചെന്നൈ വിജയമുറപ്പിച്ചിരുന്നു. അസാധാരണമായി എന്തെങ്കിലും സംഭവിച്ചാല്‍ പഞ്ചാബിനു പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നു. കാരണം ഇത്രയും ചെറിയ ടോട്ടല്‍ ഐപിഎല്ലില്‍ ഇതുവരെ ഒരു ടീമും പ്രതിരോധിച്ചു വിജയിച്ചിട്ടില്ല. കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 26 ബോളുകള്‍ ബാക്കിനില്‍ക്കെ സിഎസ്‌കെ വിജയത്തില്‍ കുതിച്ചെത്തി. സ്‌കോര്‍: പഞ്ചാബ് എട്ടു വിക്കറ്റിന് 106. ചെന്നൈ 15.4 ഓവറില്‍ നാലു വിക്കറ്റിന് 107. പഞ്ചാബിനെതിരായ ആധികാരിക വിജയം സിഎസ്‌കെയെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ത്തി. മികച്ച റണ്‍റേറ്റാണ് കുതിപ്പിനു പിന്നില്‍. ഈ മല്‍സരത്തിനു മുമ്പ് അവസാനസ്ഥാനത്തായിരുന്ന സിഎസ്‌കെയാണ് ഒറ്റയടിക്കു രണ്ടാംസ്ഥാനത്തേക്കു കുതിച്ചത്.

46 റണ്‍സെടുത്ത മോയിന്‍ അലിയാണ് സിഎസ്‌കെയുടെ ടോപ്‌സ്‌കോറര്‍. 31 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും അലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഫഫ് ഡുപ്ലെസിയാണ് (36*) മറ്റൊരു പ്രധാന സ്‌കോറര്‍. 33 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും ഡുപ്ലെസി നേടി. റുതുരാജ് ഗെയ്ക്വാദ് (5), സുരേഷ് റെയ്‌ന (5), അമ്പാട്ടി റായുഡു (0) എന്നിവരാണ് പുറത്തായത്. അഞ്ചു റണ്ണോടെ സാം കറെന്‍ ഡുപ്ലെസിക്കൊപ്പം പുറത്താവാതെ നിന്നു.

ഓപ്പണിങ് വിക്കറ്റില്‍ ഗെയ്ക്വാദ്- ഡുപ്ലെസി ജോടി 24 റണ്‍സ് നേടിയിരുന്നു. ടൈമിങ് കണ്ടെത്താന്‍ പാടുപെട്ട ഗെയ്ക്ക്വാദിനെ അര്‍ഷ്ദീപിന്റെ ബൗളിങില്‍ ദീപക് ഹൂഡ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഡുപ്ലെസി- അലി ജോടി ചേര്‍ന്നെടുത്ത 66 റണ്‍സ് സിഎസ്‌കെയുടെ വിജയമുറപ്പാക്കി. 90 കളില്‍ അലി, റെയ്‌ന, അമ്പാട്ടി റായുഡു എന്നിവര്‍ പുറത്തായെങ്കിലും സിഎസ്‌കെയെ ഇതു വിജയം നേടുന്നതില്‍ നിന്നും തടഞ്ഞില്ല. മുഹമ്മദ് ഷമി പഞ്ചാബിനായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ പഞ്ചാബ് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 108 റണ്‍സെടുത്തത്. കരിയറിലെ ആദ്യ സീസണ്‍ കളിക്കുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ ഷാരൂഖ് ഖാന്റെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ പഞ്ചാബ് വലിയ ദുരന്തത്തിലേക്കു കൂപ്പുകുത്തുമായിരുന്നു. 47 റണ്‍സോടെ ഷാരൂഖ് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 36 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മറ്റുള്ളവരൊന്നും 15ന് മുകളില്‍ നേടിയില്ല.

ജൈ റിച്ചാര്‍ഡ്‌സണ്‍ (15), ക്രിസ് ഗെയ്ല്‍ (10), ദീപക് ഹൂഡ (10) എന്നിവരാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നവര്‍. നായകന്‍ കെഎല്‍ രാഹുല്‍ (5), മായങ്ക് അഗര്‍വാള്‍ (0), നിക്കോളാസ് പൂരന്‍ (0), മുരുഗന്‍ അശ്വിന്‍ (6) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. ദീപക് ചഹറിന്റെ മാരക ബൗളിങാണ് പഞ്ചാബിന്റെ നടുവൊടിച്ചത്. പഞ്ചാബ് മുന്‍നിരയെ ചഹര്‍ തനിച്ച് എറിഞ്ഞൊതുക്കുകയായിരുന്നു. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 13 റണ്‍സ് മാത്രം വഴങ്ങി നാലു പേരെ പേസര്‍ പുറത്താക്കി. മായങ്ക്, ഗെയ്ല്‍, ഹൂഡ, പൂരന്‍ തുടങ്ങിയ വമ്പനടിക്കാരായിരുന്നു ചഹറിന്റെ ഇരകള്‍. ഐപിഎല്‍ കരിയറില്‍ ചഹലിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ മായങ്കിനെ ബൗള്‍ഡാക്കി ചഹര്‍ പഞ്ചാബിന്റെ പതനത്തിനു തുടക്കമിട്ടു. ജഡേജയുടെ മാസ്‌കമരിക ഫീല്‍ഡിങായിരുന്നു മികച്ച ഫോമിലുള്ള രാഹുലിനെ വീഴ്ത്തിയത്. സിംഗളിനായി ഓടിയ രാഹുലിനെ ജഡേജയുടെ നേരിട്ടുള്ള ത്രോ ഞെട്ടിക്കുകയായിരുന്നു. ഗെയ്ല്‍, പൂരന്‍ എന്നിവര്‍ ചഹറിന്റെ ഒരേ ഓവറില്‍ പുറത്തായതോടെ പഞ്ചാബ് നാലിന് 19 റണ്‍സിലേക്കു കൂപ്പുകുത്തി. പിന്നീടൊരു തിരിച്ചുവരവ് അവര്‍ക്കുണ്ടായില്ല. ആറാം വിക്കറ്റില്‍ ഷാരൂഖ്- റിച്ചാര്‍ഡ്‌സണ്‍ സഖ്യം ചേര്‍ന്നെടുത്ത 32 റണ്‍സാണ് പഞ്ചാബിന്റെ ഉയര്‍ന്ന കൂട്ടുകെട്ട്. ഏഴാം വിക്കറ്റില്‍ ഷാരൂഖ്- മുരുഗന്‍ ജോടി 30 റണ്‍സും നേടി. ഇരുടീമുകളും ആദ്യ മല്‍സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.

പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ഷാരൂഖ് ഖാന്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, മുരുഗന്‍ അശ്വിന്‍, റിലേ മെറെഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

ചെന്നൈ സൂപ്പര്‍കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസി, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, സാം കറെന്‍, ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, April 16, 2021, 18:14 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X