IPL 2021: ഡല്‍ഹിയെ തകര്‍ത്ത് കെകെആറിന്റെ തിരിച്ചുവരവ്, പ്ലേഓഫ് പ്രതീക്ഷ കാത്തു

ഷാര്‍ജ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നു വിക്കറ്റിനാണ് ഡിസിയെ ഒയ്ന്‍ മോര്‍ഗന്റെ ടീം കെട്ടുകെട്ടിച്ചത്. തൊട്ടമുമ്പത്തെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അവസാന ബോളില്‍ ജയം കൈവിട്ടതിന്റെ ക്ഷീണം ഡിസിക്കെതിരേ കെകെആര്‍ തീര്‍ക്കുകയായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ബൗളിങ് മികവിലാണ് കെകെആര്‍ വിജയം പിടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ അനായാസ ജയത്തിലേക്കു നീങ്ങിയ കെകെആര്‍ കൈമാക്‌സില്‍ അല്‍പ്പം പതറിയെങ്കിലും അപ്പോഴേക്കും വിജയം കൈയെത്തുംദൂരത്ത് എത്തിയിരുന്നു.

ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഡിസിയെ ഒമ്പതു വിക്കറ്റിനു 127 റണ്‍സിലൊതുക്കാന്‍ കെകെആറിനു കഴിഞ്ഞു. മൂന്നു പേര്‍ മാത്രമേ ഷാര്‍ജയിലെ സ്ലോ പിച്ചില്‍ ചെറുത്തുനില്‍പ്പ് നടത്തിയുള്ളൂ. മറുപടിയില്‍ 18.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ 10 പോയിന്റുമായി കൊല്‍ക്കത്ത നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 16 പോയിന്റുള്ള ഡിസി രണ്ടാംസ്ഥാനത്തു തുടരുകയാണ്. ജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കു കയറാന്‍ അവര്‍ക്കാവുമായിരുന്നു. ഒപ്പം പ്ലേഓഫിലെത്തിയ ആദ്യ ടീമും ആവുമായിരുന്നു.

വിജയലക്ഷ്യം ചെറുതായതിനാല്‍ തന്നെ കെകെആര്‍ വളരെ പോസിറ്റീവായാണ് റണ്‍ചേസിനു തുടക്കമിട്ടത്. ഗില്‍- വെങ്കടേഷ് ജോടി ആദ്യ വിക്കറ്റില്‍ 28 റണ്‍സെടുത്തിരുന്നു. വെങ്കടേഷാണ് ആദ്യം പുറത്തായത്. 15 ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 14 റണ്‍സെടുത്ത അദ്ദേഹത്തെ ലളിത് ബൗള്‍ഡാക്കി. അറ്റാക്കി ഷോട്ടുകള്‍ക്കു ശ്രമിച്ചാണ് ത്രിപാഠിയും ഗില്ലും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ബാറ്റിങില്‍ മോശം ഫോം തുടരുന്ന മോര്‍ഗന്‍ ഈ കളിയിലും പതിവ് തെറ്റിച്ചില്ല. അശ്വിന്റെ ബോളില്‍ എഡ്ജ് ചെയ്ത മോര്‍ഗനെ റണ്ണെടുക്കുമുമ്പ് സ്ലിപ്പില്‍ ലളിത് യാദവ് പിടികൂടി. കാര്‍ത്തിക് 15ാം ഓവറില്‍ ഇന്‍ഡൈസ് എഡ്ജിലൂടെ ബൗള്‍ഡായി മടങ്ങുമ്പോള്‍ കെകെആര്‍ അഞ്ചിന് 96. എന്നാല്‍ ആറാം വിക്കറ്റില്‍ റാണ- നരെയ്ന്‍ ജോടി 26 റണ്‍സ് അതിവേഗം അടിച്ചെടുത്തതോടെ കെകെആര്‍ വിജയമുറപ്പാക്കി. നരരെയ്‌നാണ് മാന്‍ ഓഫ് ദി മാച്ച്.

ഷാര്‍ജയിലെ വേഗം കുറഞ്ഞ പിച്ചില്‍ ഡിസി ബാറ്റിങ് നിരയ്ക്കു ഒമ്പതു വിക്കറ്റിനു 127 റണ്‍സാണ് നേടാനായത്. ഡല്‍ഹി നിരയില്‍ ആര്‍ക്കും തന്നെ അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. മൂന്നു പേര്‍ മാത്രമേ രണ്ടക്കം തികച്ചുള്ളൂ. 30 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തും ഓപ്പണര്‍ സ്റ്റീവ് സ്മിത്തുമാണ് ഡിസിയുടെ പ്രധാന സ്‌കോറര്‍മാര്‍. സ്മിത്ത് 34 ബോളില്‍ മൂന്നു ബൗണ്ടറികളടിച്ചപ്പോള്‍ റിഷഭ് 36 ബോളില്‍ മൂന്നു ബൗണ്ടറികളും നേടി. 24 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഡിസിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.ഡിസി ഇന്നിങ്‌സില്‍ ഒരു സിക്‌സര്‍ പോലുമില്ലായിരുന്നു. ശ്രേയസ് അയ്യര്‍ (1), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), ലളിത് യാദവ് (0), അക്ഷര്‍ പട്ടേല്‍ (0), ആര്‍ അശ്വിന്‍ (9), ആവേശ് ഖാന്‍ (5), കാഗിസോ റബാഡ (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. രണ്ടു വിക്കറ്റ് വീതമെടുത്ത ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിസിയെ വലിയ ടോട്ടല്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തിയത്. ടിം സോത്തി ഒരു വിക്കറ്റ് വീഴ്ത്തി.

ധവാനും സ്മിത്തും ചേര്‍ന്നായിരുന്നു ഡിസിക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സെടുക്കുകയും ചെയ്തു. ധവാനെ വെങ്കടേഷ് അയ്യര്‍ക്കു സമ്മാനിച്ച് ഫെര്‍ഗൂസനാണ് കെകെആറിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നീട് ഡിസിക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. മികച്ച ഫോമിലുള്ള ശ്രേയസ് വന്നതും പോയതും പെട്ടെന്നായിരുന്നു. ഒരു റണ്‍സ് മാത്രമെടുത്ത ശ്രേയസിനെ നരെയ്ന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഡിസി രണ്ടിന് 40. തുടര്‍ന്നായിരുന്നു ഡിസി ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. മൂന്നാം വിക്കറ്റില്‍ സ്മിത്ത്- റിഷഭ് ജോടി 37 റണ്‍സെടുത്തു. പക്ഷെ സ്മിത്തിന്റെ പുറത്താവലിനു ശേഷം ഡിസി തകരുകയായിരുന്നു. ഫെര്‍ഗൂസന്റെ ബൗളിങില്‍ ബൗള്‍ഡായാണ് സ്മിത്ത് ക്രീസ് വിട്ടത്. അടുത്ത 50 റണ്‍സെടുക്കുന്നതിനിടെ ഡിസിയുടെ ആറു വിക്കറ്റുകളാണ് കടപുഴകിയത്.

ടോസിനു ശേഷം കൊല്‍ക്കത്ത നായകന്‍ മോര്‍ഗന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളുമായാണ് ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമിലില്ല. പകരം ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ടി സൗത്തി കന്നി മല്‍സരം കളിച്ചപ്പോള്‍ മലയാളി താരം സന്ദീപ് വാര്യരും ടീമിലേക്കു വന്നു. ഡിസി ടീമില്‍ ഒരു മാറ്റമാണുണ്ടായിരുന്നത്. പരിക്കു കാരണം പൃഥ്വി ഷായ്ക്കു വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ പകരം സ്റ്റീവ് സ്മിത്ത് പ്ലെയിങ് ഇലവനിലെത്തി.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, September 28, 2021, 14:44 [IST]
Other articles published on Sep 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X