അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഹാട്രിക് വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റിന്റെ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയ ലക്ഷ്യം ചെന്നൈ മറി കടന്നത് അവസാന പന്തിലാണ്. കൊല്‍ക്കത്ത ഏതാണ്ട് വിജയം ഉറപ്പിച്ച മത്സരത്തിലേക്ക് ചെന്നൈയെ തിരികെ കൊണ്ടു വന്നത് അവസാന ഓവറുകളില്‍ കത്തിക്കയറിയ രവീന്ദ്ര ജഡേജയാണ്. ഇന്നത്തെ വിജയത്തോടെ ചെന്നൈ പോയന് പട്ടികയില്‍ ഒന്നാമത് എത്തി.
43 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസ് ആണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. 30 പന്തുകളില്‍ നിന്നും ഏഴ് ഫോറിന്റെ അകമ്പടിയോടെയാണ് ഡുപ്ലെസിസ് ടോപ് സ്കോററായത്. മറ്റൊരു ഓപ്പണറായ ഋതുരാജ് ഗെയ്ഗ്വാദ് 40 റണ്‍സുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. മോയിന്‍ അലി 32 റണ്‍സ് നേടിയപ്പോള്‍ റായിഡു പത്ത് റണ്‍സും സുരേഷ് റെയ്ന 11 റണ്‍സുമാണ് നേടിയത്. നായകന് മഹേന്ദ്ര സിംഗ് ധോണി ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്ന രവീന്ദ്ര ജഡേജ എട്ട് പന്തിലാണ് 22 റണ്‍സ് അടിച്ചെടുത്തത്. ഇതോടെയാണ് കളി ചെന്നൈയുടെ വരുതിയിലാകുന്നത്.
അവസാന ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് നാല് റണ്‍സായിരുന്നു. എന്നാല്‍ രണ്ട് വിക്കറ്റ് അടക്കം നേടി കളി സുനില്‍ നരെയ്ന് അവസാന പന്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം വേണ്ടിയിരുന്ന ചെന്നൈ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. നേരത്തെ, ആറ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 171 റണ്‍സെടുത്തത്. 45 റണ്‍സെടുത്ത രാഹുല്‍ തൃപാഠിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. നിതീഷ് റാണ 33 റണ്‍സും ദിനേശ് കാര്‍ത്തിക് 26 റണ്‍സും നേടി.
കഴിഞ്ഞ മത്സരങ്ങളിലെ താരങ്ങളായ ഓപ്പണര്‍മാരെ ഇന്ന് കൊല്‍ക്കത്തയ്ക്ക് നേരത്തെ തന്നെ നഷ്ടമായിരുന്നു. വെങ്കടേഷ് അയ്യര്‍ 18 റണ്‍സും ശുബ്മാന് ഗില്‍ ഒമ്പതും റണ്‍സെടുത്താണ് പുറത്തായത്. എന്നാല്‍ പിന്നാലെ വന്ന രാഹുല്‍ ത്രിപാഠി ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. 33 പന്തില്‍ നാല് ഫോറും ഒരു സിക്സുമടക്കമാണ് രാഹുല്‍ തൃപാഠി 45 റണ്‍സെടുത്തത്. നായകന് ഇയോന്‍ മോര്‍ഗണ്‍ വെറും ഒരു റണ്‍സെടുത്താണ് പുറത്തായത്. പിന്നാലെ വന്ന നിതീഷ് റാണ തൃപാഠിയ്ക്ക് നല്ല പിന്തുണ നല്കി. റാണ 27 പന്തില്‍ 37 റണ്‍സെടുത്തു.
ആന്ദ്ര റസല്‍ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുകയായിരുന്നു. വെറും 11 പന്തില്‍ ദിനേശ് കാര്‍ത്തിക് 26 റണ്‍സെടുത്തു. മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് ദിനേശ് കാര്‍ത്തിക്കിന്റെ ഇന്നിംഗ്സ്. അതേസമയം ചെന്നൈയ്ക്കായി ജോഷ് ഹെയ്സല്‍ വുഡും ശാര്‍ദുല്‍ ഠാക്കൂറും നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
കൊല്‍ക്കത്തയുടെ നിരയില്‍ മാറ്റങ്ങളൊന്നുമില്ലായിരുന്നു ഇന്ന്. കഴിഞ്ഞ ദിവസം കളിച്ച അതേ ഇലവനുമായാണ് ഇന്ന് കൊല്‍ക്കത്ത ചെന്നൈയെ നേരിട്ടത്. അതേസമയം ചെന്നൈ നിരയില്‍ ഒരു മാറ്റമുണ്ടായിരുന്നു. ഡെയ്ന്‍ ബ്രാവോയ്ക്ക് പകരം സാം കറന് ടീമിലെത്തിയിട്ടുണ്ട്. ബ്രാവോയ്ക്ക് വിശ്രമം നല്‍കാനാണ് ഇന്ന് കറനെ ടീമിലുള്‍പ്പെടുത്തിയത്.
രണ്ടാം പാദത്തിന്റെ ആദ്യത്തെ മത്സരത്തില്‍ ബാംഗ്ലൂരിനെയായിരുന്നു കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. വെറും 93 റണ്‍സിനാണ് പേരുകേട്ട ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയെ കൊല്‍ക്കത്ത പുറത്താക്കിയത്.രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനേയും കൊല്‍ക്കത്ത തകര്‍ത്തു. യുവ ഓപ്പണര്‍ വെങ്കടേഷ് അയ്യരുടെ കടന്നുവരവ് ടീമിന്റെ പ്രകടനത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഈ വിജയങ്ങളോട് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചിരുന്നു.
അതേസമയം ചെന്നൈയാകട്ടെ മിന്നും ഫോമിലാണുള്ളത്. ഇതുവരെ കളിച്ച ഒമ്പതില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈ പരാജയപ്പെട്ടിട്ടുള്ളത്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തിയാണ് ചെന്നൈ തുടങ്ങിയത് തന്നെ. പിന്നാലെ അടുത്ത മത്സരവും ജയിച്ചു. പ്ലേ ഓഫ് സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് ചെന്നൈ. ചെന്നൈയും കൊല്‍ക്കത്തയും അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈയ്ക്കായിരുന്നു വിജയം. 220 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലായിരുന്നു ചെന്നൈ പടുത്തുയര്‍ത്തിയത്. മത്സരം 18 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്.
പ്ലെയിങ് ഇലവന്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുബ്മാന് ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ തൃപാഠി, ഇയോന്‍ മോര്‍ഗണ്‍, നിതീഷ് റാണ, ആ്ന്ദ്രേ റസല്‍, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്ന്, ലോക്കി ഫെര്ഗൂസണ്, പ്രസിദ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഋതുരാജ് ഗെയ്ഗ്വാദ്, ഫാഫ് ഡുപ്ലെസിസ്, മോയിന്‍ അലി, അമ്പാട്ടി റായ്ഡു, സുരേഷ് റെയ്ന, മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ, സാം കറന്, ശാര്‍ദുല്‍ ഠാക്കൂര്‍, ജോഷ് ഹെയ്സല്‍വുഡ്.