IPL 2021: ബൗളിങ് മികവില്‍ പഞ്ചാബ് നേടി, ത്രില്ലിങ് ജയം- എസ്ആര്‍എച്ച് പുറത്തേക്ക്

ഷാര്‍ജ: ഐപിഎല്ലില്‍ നിലനില്‍പ്പിനു വേണ്ടിയുള്ള ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പഞ്ചാബ് കിങ്‌സിനു ത്രസിപ്പിക്കുന്ന വിജയം. ബൗളര്‍മാര്‍ അരങ്ങുവാണ മല്‍സരത്തില്‍ ഇരുടീമുകളുടെയും ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ടു. വിക്കറ്റുകളാണ് രണ്ടിന്നിങ്‌സുകളിലായി വീണത്. ഈ വിജയത്തോടെ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ കാത്തപ്പോള്‍ അവസാന സ്ഥാനക്കാരായ ഹൈദരാബാദിന്റെ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.

മികച്ച ബൗളിങിലൂടെ പഞ്ചാബിനെ 125 റണ്‍സിലൊതുക്കിയപ്പോള്‍ ഹൈദരാബാദ് ഇതു കാര്യമായ വെല്ലുവിളിയില്ലാതെ നേടിയെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പഞ്ചാബും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇതോടെ ഏഴു വിക്കറ്റിന് 120 റണ്‍സെടുത്ത് എസ്ആര്‍എച്ച് സീസണിലെ എട്ടാമത്തെ തോല്‍വിയും സമ്മതിക്കുകയായിരുന്നു. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ടോപ്‌സ്‌കോറായ ജാസണ്‍ ഹോള്‍ഡറിലായിരുന്നു ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും. നതാന്‍ എല്ലിസെറിഞ്ഞ അവസാന ഓവറിലെ രണ്ടാമത്തെ ബോളില്‍ സിക്‌സറടിക്കാന്‍ ഹോള്‍ഡര്‍ക്കു സാധിച്ചു. പക്ഷെ ശേഷിച്ച ബോളുകളില്‍ അഞ്ച് റണ്‍സെടുക്കാനേ ആയുള്ളൂ. അവസാന ബോളില്‍ സിക്‌സറടിച്ചാല്‍ ഹോള്‍ഡര്‍ക്കു മല്‍സരം ടൈയിലേക്കും തുടര്‍ന്നു സൂപ്പര്‍ ഓവറിലേക്കും നീട്ടാമായിരുന്നു. പക്ഷെ ഒരു റണ്‍സ് മാത്രമാണ് ഹോള്‍ഡര്‍ക്കു നേടാനായത്.

29 ബോളില്‍ നിന്നും അഞ്ചു സിക്‌സറുകളടക്കം പുറത്താവാതെ 47 റണ്‍സുമായി ഹോള്‍ഡര്‍ പൊരുതി നോക്കിയെങ്കിലും വിജയം കൈയെത്തുദൂരത്ത് നഷ്ടമാവുകയായിരുന്നു. ഹോള്‍ഡറെക്കൂടാതെ വൃധിമാന്‍ സാഹയാണ് (31) ഹൈദരാബാദിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മനീഷ് പാണ്ഡെ (13), കേദാര്‍ ജാദവ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്നു വിക്കറ്റുകളെടുത്ത സ്പിന്നര്‍ രവി ബിഷ്‌നോയിയായിരുന്നു പഞ്ചാബ് ബൗളിങില്‍ കസറിയത്. നാലോവറില്‍ 24 റണ്‍സിനു താരം മൂന്നു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബിനു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 125 റണ്‍സാണ് നേടാനായത്. ആരും തന്നെ 30 റണ്‍സ് തികച്ചില്ല. രണ്ടു പേര്‍ മാത്രമേ 20ന് മുകളില്‍ നേടിയുള്ളൂ. ടൂര്‍ണമെന്റിലെ രണ്ടാമത്തെ മല്‍സരം മാത്രം കളിച്ച സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എയ്ഡന്‍ മര്‍ക്രാമാണ് (27) പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. 32 ബോളില്‍ രണ്ടു ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ കെഎല്‍ രാഹുലാണ് (21) 20ന് മുകളില്‍ നേടിയ മറ്റൊരാള്‍. 21 ബോളില്‍ രാഹുല്‍ മൂന്നു ബൗണ്ടറികള്‍ നേടി.

ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനു കാര്യമായ ചലനമുണ്ടാക്കാനായില്ല. 14 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 17 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഒരു ബൗണ്ടറി മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ. മായങ്ക് അഗര്‍വാള്‍ (5), നിക്കോളാസ് പൂരന്‍ (8), ദീപക് ഹൂഡ (13), ഹര്‍പ്രീത് ബ്രാര്‍ (18*), നതാന്‍ എല്ലിസ് (12), മുഹമ്മദ് ഷമി (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ആറു ബൗളര്‍മാരെയാണ് ഹൈദരാബാദ് ക്യാപ്റ്റന്‍ വില്ല്യംസണ്‍ മല്‍സരത്തില്‍ പരീക്ഷിച്ചത്. ഇവരില്‍ മികച്ചുനിന്നത് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡറായിരുന്നു. അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്. സന്ദീപ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, അബ്ദുള്‍ സമദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി. റാഷിദ് നാലോവറില്‍ 17 റണ്‍സിനാണ് പഞ്ചാബ് നിരയിലെ ഏറ്റവും അപകടകാരിയായ ഗെയ്‌ലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.

ടോസ് ലഭിച്ച ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് എസ്ആര്‍എച്ച് ഇറങ്ങിയത്. എന്നാല്‍ പഞ്ചാബ് ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഫാബിയന്‍ അലെന്‍, ഇഷാന്‍ പൊറെല്‍, ആദില്‍ റഷീദ് എന്നിവരെ ഒഴിവാക്കിയ പഞ്ചാബ് പകരം പുതുമുഖ ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ എല്ലിസ്, ഇതിഹാസ താരം ക്രിസ് ഗെയ്ല്‍, യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരെ കളിപ്പിച്ചു.

ആദ്യപാദ മല്‍സരം

ഇന്ത്യയിലെ ആദ്യപാദത്തില്‍ കനത്ത തോല്‍വിയായിരുന്നു പഞ്ചാബിനു നേരിട്ടത്. ഏപ്രില്‍ 21നു ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ടു ബോളുകള്‍ ശേഷിക്കെ വെറും 120 റണ്‍സിന് ഓള്‍ഔട്ടായി. മറുപപടിയില്‍ 18.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ എസ്ആര്‍എച്ച് ലക്ഷ്യത്തിലെത്തുകയും ചെയ്തു.

പഞ്ചാബ് നിരയില്‍ ആര്‍ക്കും തന്നെ ബാറ്റിങില്‍ തിളങ്ങാനായില്ല. 22 റണ്‍സ് വീതമെടുത്ത മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനുമായിരുന്നു പഞ്ചാബിന്റെ പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ (37) വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. ജോണി ബെയര്‍സ്‌റ്റോ 63 റണ്‍സോടെയും കെയ്ന്‍ വില്ല്യംസണ്‍ 16 റണ്‍സോടെയും പുറത്താവാതെ നിന്നു.

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ജാസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്.

പഞ്ചാബ് കിങ്‌സ്- കെഎഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, എയ്ഡന്‍ മര്‍ക്രാം, നിക്കോളാസ് പൂരന്‍, ദീക് ഹൂഡ, രവി ബിഷ്‌നോയ്, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, നതാന്‍ എല്ലിസ്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 25, 2021, 17:48 [IST]
Other articles published on Sep 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X