IPL 2021: എസ്ആര്‍എച്ച് പുറത്തേക്ക്, ഡിസിക്ക് ഉജ്ജ്വല ജയം- വീണ്ടും ഒന്നാമത്

ദുബായ്: ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിലെത്താതെ പുറത്താവുന്ന ആദ്യ ടീമെന്ന നാണക്കേടിനരികെ മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുളള നിര്‍ണായക ല്‍സത്തില്‍ എട്ടു വിക്കറ്റിനാണ് എസ്ആര്‍എച്ച് പരാജയപ്പെട്ടത്. ഈ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും അവരുടെ ഏഴാം തോല്‍വിയാണിത്. പരാജയത്തോടെ എസ്ആര്‍എച്ച് പുറത്താവലിന്റെ വക്കിലെത്തിയപ്പോള്‍ ഡിസി പ്ലേഓഫിന് ഒരുപടി കൂടി അടുക്കുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചു പിടിക്കാനും റിഷഭ് പന്തിനും സംഘത്തിനും കഴിഞ്ഞു. 14 പോയിന്റാണ് ഡിസിക്കുള്ളത്. ഒരു മല്‍സരം കുറച്ചു കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സാണ് 12 പോയിന്റുമായി തൊട്ടുപിന്നില്‍.

ടോസിനു ശേഷം ബാറ്റ് ചെയ്ത എസ്ആര്‍എച്ച് 134 റണ്‍സിലൊതുങ്ങിയപ്പോള്‍ തന്നെ ഡിസി വിജയപ്രതീക്ഷയിലായിരുന്നു. കാര്യമായ ബുദ്ധിമുട്ടില്ലാതെ തന്നെ 17.5 ഓവറില്‍ രണ്ടു വിക്കറ്റിനു അവര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഈ സീസണിലെ ആദ്യ മല്‍സരം കളിച്ച മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍ പുറത്താവാതെ 47 റണ്‍സോടെ ഡിസിയുടെ ടോപ്‌സ്‌കോററായി മാറി. ശിഖര്‍ ധവാന്‍ 42 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നായകന്‍ റിഷഭ് പന്ത് 35 റണ്‍സോടെ ജയം പൂര്‍ത്തിയാക്കുമ്പോള്‍ ശ്രേയസിനൊപ്പം ക്രീസിലുണ്ടായിരുന്നു. പൃഥ്വി ഷായാണ് (11) പുറത്തായ മറ്റൊരു താരം.

ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഹൈദരാബാദ് ഒമ്പതു വിക്കറ്റിന് 134 റണ്‍സാണ് നേടിയത്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഡിസിക്കെതിരേ ഈ സ്‌കോര്‍ എസ്ആര്‍ച്ചിനു പ്രതിരോധിക്കാന്‍ കഴിയുമോയെന്നു കണ്ടു തന്നെ അറിയണം. ഹൈദരാബാദ് നിരയില്‍ ആരും തന്നെ 30ന് മുകളില്‍ നേടിയില്ല. 28 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 21 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് മറ്റൊരു പ്രധാന സ്‌കോററായത്. അദ്ദേഹം 19 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 22 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും 18 റണ്‍സ് വീതമെടുത്ത് മടങ്ങിയപ്പോള്‍ മനീഷ് പാണ്ഡെ 17ഉം ജാസണ്‍ 10ഉം റണ്‍സ് നേടി.

ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍ ഡെക്കായാണ് ക്രീസ് വിട്ടത്. കേദാര്‍ ജാദവ് മൂന്നു റണ്‍സിനും പുറത്തായി. അഞ്ചു റണ്‍സോടെ ഭുവനേശ്വര്‍ കുമാര്‍ പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റുകളെടുത്ത സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് ഡിസി ബൗളിങിനു ചുക്കാന്‍ പിടിച്ചത്. സൗത്താഫ്രിക്കയുടെ തന്നെ മറ്റൊരു പേസറായ ആന്റിച്ച് നോര്‍ക്കിയയും സ്പിന്നര്‍ അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ആവേശ് ഖാന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആര്‍ അശ്വിന്‍ എന്നിവരായിരുന്നു മറ്റു ബൗളര്‍മാര്‍. ഇവര്‍ക്കൊന്നും വിക്കറ്റ് ലഭിച്ചതുമില്ല.

ദയനീയമായിരുന്നു എസ്ആര്‍എച്ചിന്റെ തുടക്കം. ഇന്ത്യയിലെ അവസാന മല്‍സരത്തില്‍ ഒഴിവാക്കപ്പെട്ട ശേഷം ടീമിലേക്കു തിരികെ വന്ന വാര്‍ണര്‍ വന്നതും പോയതും പോലും ആരുമറിഞ്ഞില്ല. വെറും മൂന്നു ബോളുകള്‍ മാത്രമേ അദ്ദേഹം ക്രീസിലുണ്ടായുള്ളൂ. ആന്റിച്ച് നോര്‍ക്കിയയെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ അക്ഷര്‍ പട്ടേലിനു സിംപിള്‍ ക്യാച്ച് സമ്മാനിച്ച് വാര്‍ണര്‍ പൂജ്യനായി ക്രീസ് വിട്ടു. 29 റണ്‍സോടെ രണ്ടാം വിക്കറ്റില്‍ സാഹയും നായകന്‍ വില്ല്യംസണും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തവെ ഡിസി കൂട്ടുകെട്ട് തകര്‍ത്തു. സാഹയെ റബാഡ ശിഖര്‍ ധവാന്റെ കൈകളിലെത്തിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ പാണ്ഡെയെ കൂട്ടുപിടിച്ച് വില്ല്യംസണ്‍ ടീമിനെ മുന്നോട്ടു നയിച്ചു. 31 റണ്‍സോടെ ഇവര്‍ മുന്നേറുന്നതിനിടെ അക്ഷറിലൂടെ ഡിസി അടുത്ത ബ്രേക്ക്ത്രൂ നേടി. രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട വില്ല്യംസണ്‍ മൂന്നാം തവണ പുറത്തായി. അക്ഷറിന്റെ ബൗളിങില്‍ ബൗണ്ടറി ലൈനിന് അരികില്‍ വച്ച് ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ക്യാച്ചെടുക്കുകയായിരുന്നു. 29 റണ്‍സെടുക്കുന്നതിനിടെ അടുത്ത മൂന്നു വിക്കറ്റുകളും നഷ്ടപ്പെടുത്തിയ ഹൈദരാബാദ് ആറിന് 90 റണ്‍സെന്ന നിലയിലേക്കു തകര്‍ന്നു. എന്നാല്‍ വാലറ്റത്ത് സമദും റാഷിദും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ ഹൈദരാബാദിനെ 130 കടക്കാന്‍ സഹായിക്കുകയായിരുന്നു.

ടോസ് ലഭിച്ച എസ്ആര്‍എച്ച് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെ പുറത്തിരുത്തിയാണ് ഡല്‍ഹി ഇറങ്ങിയത്. ഓസ്‌ട്രേലിയുടെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സൗത്താഫ്രിക്കന്‍ പേസര്‍മാരായ കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ എന്നിവരാണ് ഡിസി ഇലവനിലെ വിദേശ താരങ്ങള്‍. നായകന്‍ വില്ല്യംസണിനെക്കൂടാതെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍, വെസ്റ്റ് ഇന്‍ജീസിന്റെ ജാസണ്‍ ഹോള്‍ഡര്‍, അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ എന്നിവരാണ് എസ്ആര്‍എച്ച് ടീമിലെ വിദേശ ക്വാട്ട തികച്ചത്.

മല്‍സരത്തിനു മണിക്കൂറുകള്‍ മുമ്പ് എസ്ആര്‍എച്ച് ക്യാംപില്‍ കൊവിഡ് പിടിപെട്ടത് മല്‍സരത്തെ ബാധിക്കുമോയെന്ന ആശങ്കയിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. പേസര്‍ ടി നടരാജനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ആറു പേര്‍ ഐസൊലേഷനിലാണ്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ വിജയ് ഇന്നത്തെ മല്‍സരത്തില്‍ കളിച്ചില്ല.

നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഡിസിയും എസ്ആര്‍എച്ചും ഏറ്റുമുട്ടിയപ്പോള്‍ പോരാട്ടം സൂപ്പര്‍ ഓവര്‍ വരെ നീണ്ടിരുന്നു. ഡിസി അന്നു ത്രസിപ്പിക്കുന്ന വിജയവും സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാലു വിക്കറ്റിന് 159 റണ്‍സായിരുന്നു നേടിയത്. 53 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. നായകന്‍ റിഷഭ് പന്ത് (37), സ്റ്റീവ് സ്മിത്ത് (34*), ശിഖര്‍ ധവാന്‍ (28) എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. ഹൈദരാബാദിന്റെ മറുപടിയും ഇതേ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. ഏഴു വിക്കറ്റിന് 159 റണ്‍സ് തന്നെയാണ് എസ്ആര്‍എച്ചുമെടുത്തത്. ഇതോടെ കളി ടൈയാവുകയും ചെയ്തു. കെയ്ന്‍ വില്ല്യംസണ്‍ (66*) ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജോണി ബെയര്‍സ്‌റ്റോയായിരുന്നു (38) രണ്ടക്കം കടന്ന മറ്റൊരു താരം.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ആന്റിച്ച് നോര്‍ക്കിയ, കാഗിസോ റബാഡ, ആവേശ് ഖാന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, ജാസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, കേദാര്‍ ജാദവ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, September 22, 2021, 17:32 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X