വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ജയിച്ച കളി കൈവിട്ട് പഞ്ചാബ്, റോയല്‍സിന് നാടകീയ വിജയം

രണ്ടു റണ്‍സിനാണ് റോയല്‍സിന്റെ വിജയം

1

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു നാടകീയ വിജയം. അവസാന രണ്ടോവര്‍ വരെ വിജയമുറപ്പിച്ച പഞ്ചാബിനെ രണ്ടു റണ്‍സിനാണ് സഞ്ജു സാംസണിന്റെ റോയല്‍സ് മുട്ടുകുത്തിച്ചത്. 186 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പഞ്ചാബിന് രാജസ്ഥാന്‍ നല്‍കിയത്. പക്ഷെ നാലു വിക്കറ്റിന് 183 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ.

18 ഓവര്‍ കഴിയുമ്പോള്‍ പഞ്ചാബ് രണ്ടു വിക്കറ്റിന് 178 റണ്‍സെന്ന നിലയിലായിരുന്നു. ശേഷിച്ച രണ്ടോവറില്‍ എട്ടു റണ്‍സ് മാത്രമേ പഞ്ചാബിനു വേണ്ടിയിരുന്നുള്ളൂ. പക്ഷെ മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ 19ാം ഓവറില്‍ നാലു റണ്‍സാണ് പഞ്ചാബിന് നേടാനായത്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് നാലു റണ്‍സ്. യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയുടെ മാജിക്കല്‍ ബൗളിങ് പഞ്ചാബിനെ സ്തബ്ധരാക്കി. ആദ്യ ബോളില്‍ റണ്ണില്ല. രണ്ടാമത്തെ ബോളില്‍ സിംഗിള്‍. മൂന്നാമത്തെ ബോളില്‍ നിക്കോളാസ് പൂരന്‍ പുറത്ത്. സഞ്ജുവായിരുന്നു ക്യാച്ചെടുത്തത്. നാലാമത്തേത് ഡോട്ട് ബോള്‍. അഞ്ചാമത്തെ ബോളില്‍ ദീപക് ഹൂഡയും പുറത്ത്. വീണ്ടും സഞ്ജു തന്നെ ക്യാച്ചെടുത്തു. ഇതോടെ അവസാന ബോളില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് ബൗണ്ടറി. പക്ഷെ പുതുതായി ക്രീസിലെത്തിയ ഫാബിയന്‍ അലെനു റണ്ണൊന്നുമെടുക്കാനായില്ല. ഇതോടെ റോയല്‍സ് അവിശ്വസനീയ വിജയവും പിടിച്ചെടുത്തു.

മല്‍സരത്തില്‍ മൂന്നു ക്യാച്ചുകള്‍ റോയല്‍സ് നഷ്ടപ്പെടുത്തിയിരുന്നു. ഇതു അവരെ പിന്നീട് കുഴപ്പത്തിലാക്കുകയും ചെയ്തു. 186 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു പഞ്ചാബിന് റോയല്‍സ് നല്‍കിയത്. നായകന്‍ കെഎല്‍ രാഹുല്‍ - മായങ്ക് അഗര്‍വാള്‍ ജോടി ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ പഞ്ചാബിനു ആഗ്രഹിച്ച തുടക്കം ലഭിച്ചു. 10 ഓവറില്‍ പഞ്ചാബ് 100 കടക്കുകയും ചെയ്തിരുന്നു. 67 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ടോപ്‌സ്‌കോററായത്. 43 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. രാഹുല്‍ 49 റണ്‍സെടുത്ത് മടങ്ങി. 33 ബോളുകളില്‍ നിന്നും അദ്ദേഹം നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. നിക്കോളാസ് പൂരന്‍, (32) കന്നി മല്‍സരം കളിച്ച എയ്ഡന്‍ മര്‍ക്രാം (26*) എന്നിവരാണ് പഞ്ചാബിന്റെ മറ്റു സ്‌കോറര്‍മാര്‍. ദീപക് ഹൂഡ പൂജ്യത്തിനു പുറത്തായി. നാലോവറില്‍ 20 റണ്‍സിന് രണ്ടു വിക്കറ്റുകളെടുത്ത കാര്‍ത്തിക് ത്യാഗിയാണ് റോയല്‍സിന്റെ അപ്രതീക്ഷിത ഹീറോയായി മാറിയത്. ചേതന്‍ സക്കരിയയും രാഹുല്‍ തെവാത്തിയയും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു. രാഹുല്‍- മായങ്ക് ജോടി 120 റണ്‍സാണ് പഞ്ചാബിനു വേണ്ടി ആദ്യ വിക്കറ്റില്‍ നേടിയത്. 12ാം ഓവറിലാണ് രാഹുല്‍ മടങ്ങിയത്. ആറു റണ്‍സ് കൂടി നേടുമ്പോഴേക്കും മായങ്കും പുറത്തായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ പൂരന്‍-മര്‍ക്രാം ജോടി 57 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. പിന്നീടായിരുന്നു പഞ്ചാബിന്റെ അപ്രതീക്ഷിത പതനം. കാര്‍ത്തിക് ത്യാഗിയാണ് മാന്‍ ഓഫ് ദി മാച്ച്.

റോയല്‍സ് നിശ്ചിത ഓവറില്‍ 185 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ടീമില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റിയില്ല. 49 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ടോപ്‌സ്‌കോറര്‍. മഹിപാല്‍ ലൊംറോര്‍ (43), എവിന്‍ ലൂയിസ് (36), ലിയാം ലിവിങ്സ്റ്റണ്‍ (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. പഞ്ചാബിനായി പേസര്‍ അര്‍ഷ്ദീപ് സിങ് അഞ്ചു വിക്കറ്റുകളെടുത്തു. നാലോവറില്‍ 32 റണ്‍സ് വഴങ്ങിയായിരുന്നു ഇത്. കരിയറില്‍ ഇതാദ്യമായാണ് അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. മുഹമ്മദ് ഷമിയാണ് പഞ്ചാബ് ബൗളര്‍മാരില്‍ മികച്ചുനിന്ന മറ്റൊരു ബൗളര്‍. അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. ഇഷാന്‍ പൊറെലിനും ഹര്‍പ്രീത് ബ്രാറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. അവസാന അഞ്ചോവറില്‍ 45 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകളാണ് റോയല്‍സിനു നഷ്ടമായത്.

2

36 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ജയ്‌സ്വാള്‍ ടീമിന്റെ അമരക്കാരനായത്. ഐപിഎല്ലില്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയാണിത്. 34 റണ്‍സെന്ന മുന്‍ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു. ഓള്‍റൗണ്ടര്‍ ലൊംറോറിന്റേത് സ്‌ഫോടനാത്മക ഇന്നിങ്‌സായിരുന്നു. വെറും 17 ബോളിലായിരുന്നു താരം 43 റണ്‍സ് വാരിക്കൂട്ടുയത്. നാലു കൂറ്റന്‍ സിക്‌സറുകളും രണ്ടു ബൗണ്ടറികളുമുള്‍പ്പെടെയായിരുന്നു ഇത്. ഐപിഎല്ലിലെ കന്നി മല്‍സരത്തില്‍ ഇറങ്ങിയ വിന്‍ഡീസ് താരം ലൂയിസ് ആദ്യ കളിയില്‍ തന്നെ സാന്നിധ്യമറിയിച്ചു. 21 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചാണ് അദ്ദേഹം 36 റണ്‍സ് നേടിയത്. ലിവിങ്സ്റ്റണ്‍ 17 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും നേടി.

3

സഞ്ജുവില്‍ നിന്നും വലിയ ഇന്നിങ്‌സ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ചു ബോളുകളുടെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. നാലു റണ്‍സെടുത്ത സഞ്ജുവിനെ അരങ്ങേറ്റക്കാരനായ ഇഷാന്‍ പൊറെലിന്റെ ബൗളില്‍ പഞ്ചാബ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ രാഹുല്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. റിയാന്‍ പരാഗ് (4), രാഹുല്‍ തെവാത്തിയ (2), ക്രിസ് മോറിസ് (5), ചേതന്‍ സക്കരിയ (7), കാര്‍ത്തിക് ത്യാഗി (1), മുസ്തഫിസുര്‍ റഹ്മാന്‍ (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ടോസിനു ശേഷം പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 42ാം പിറന്നാള്‍ ആഘോഷിക്കുന്ന യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ പുറത്തിരുത്തിയാണ് പഞ്ചാബ് ഇറങ്ങിയത്. ഏറ്റവും വലിയ സര്‍പ്രൈസും ഇതു തന്നെയായിരുന്നു. പുതുതായി ടീമിലേക്കു വന്ന സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എയ്ഡന്‍ മര്‍ക്രാം, ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദ് എന്നിവര്‍ പഞ്ചാബിനായി കന്നി മല്‍സര കളിച്ചു. ഇവരെക്കൂടാതെ നിക്കോളാസ് പൂരന്‍, ഫാബിയന്‍ അലെന്‍ എന്നിവരാണ് പഞ്ചാബ് ടീമിലെ മറ്റു വിദേശ കളിക്കാര്‍.

രാജസ്ഥാന്‍ ടീമിലേക്കു വരികയാണെങ്കില്‍ പുതുതായെത്തിയ വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസ് കന്നി മല്‍സരത്തില്‍ ഇറങ്ങി. ജോസ് ബട്‌ലറുടെ അഭാവത്തില്‍ ലൂയിസ് ഓപ്പണിങിലേക്കു വരികയായിരുന്നു. ലിയാം ലിവിങ്‌സറ്റണ്‍, ക്രിസ് മോറിസ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് റോയല്‍സ് ടീമിലെ മറ്റു മൂന്നു വിദേശ കളിക്കാര്‍.

ഈ സീസണില്‍ ആദ്യപാദത്തിലെ ആദ്യ കളിയില്‍ പഞ്ചാബും രാജസ്ഥാനും കൊമ്പുകോര്‍ത്തിരുന്നു. അന്ന് പഞ്ചാബ് കഷ്ടിച്ചു ജയിച്ചുകയറുകയായിരുന്നു. നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമായിരുന്നു പഞ്ചാബ് നേടിയത്. റോയല്‍സ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ കന്നി മല്‍സരം കൂടിയായിരുന്നു ഇത്. നായകന്റെ ഇന്നിങ്‌സായിരുന്നു അദ്ദേഹം ഈ കളിയില്‍ പുറത്തെടുത്തത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു മുന്നില്‍ നിന്നു പട നയിച്ചെങ്കിലും കൈയെത്തുംദൂരത്ത് വിജയം വഴുതിപ്പോവുകയായിരുന്നു. 63 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 119 റണ്‍സായിരുന്നു അദ്ദേഹം നേടിയത്.

222 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യമായിരുന്നു റോയല്‍സിനു മുന്നില്‍ പഞ്ചാബ് വച്ചത്. മറുപടിയില്‍ റോയല്‍സ് രണ്ടിന് 25 റണ്‍സെന്ന നിലയില്‍ പതറിയെങ്കിലും മൂന്നാമനായെത്തിയ സഞ്ജു ക്രീസില്‍ ഉറച്ചുനിന്നു. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും അദ്ദേഹം പതറിയില്ല. ഒടുവില്‍ ടീമിന് അവിശ്വസനീയ ജയം സഞ്ജു നേടിക്കൊടുക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെ ഇന്നിങ്‌സിലെ അവസാന ബോളില്‍ അദ്ദേഹം പുറത്താവുകയായിരുന്നു. നാലു റണ്‍സിന് റോയല്‍സ് തോല്‍ക്കുകയും ചെയ്തു.

ആദ്യപാദത്തില്‍ പഞ്ചാബ് ടീമിനൊപ്പമുണ്ടായിരുന്ന ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരായ ജൈ റിച്ചാര്‍ഡ്‌സന്‍, റിലെ മെറെഡിത്ത് എന്നിവര്‍ രണ്ടാംപാദത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പകരക്കാരായി ഓസ്‌ട്രേലിയയുടെ നതാന്‍ എല്ലിസ്, ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദ്, സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മന്‍ എയ്ഡന്‍ മര്‍ക്രാം എന്നിവരെ പഞ്ചാബ് കൊണ്ടു വന്നിട്ടുണ്ട്.

രാജസ്ഥാന്‍ ടീമിനും ചില വമ്പന്‍ താരങ്ങളുടെ സേവനം യുഎഇയില്‍ ലഭിക്കില്ല. ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ഇംഗ്ലണ്ടിന്റെ തന്നെ പ്രമുഖ പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍, ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈ എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ ഇല്ലാത്തത്. സ്റ്റോക്‌സും ആര്‍ച്ചറും പരിക്ക് കാരണം ആദ്യപാദത്തിലുമില്ലായിരുന്നു. ബട്‌ലര്‍ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രണ്ടാംപാദത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. പകരക്കാരായി എവിന്‍ ലൂയിസ്, ഒഷെയ്ന്‍ തോമസ്, തബ്രെയ്‌സ് ഷാംസി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് റോയല്‍സിനൊപ്പം ചേര്‍ന്നത്.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- എവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലൊംറോര്‍, റിയാന്‍ പരാഗ്, ലിയാം ലിവിങ്‌സറ്റണ്‍, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ചേതന്‍ സക്കരിയ, കാര്‍ത്തിക് ത്യാഗി, മുസ്തഫിസുര്‍ റഹ്മാന്‍.

പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മര്‍ക്രാം, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, ഫാബിയന്‍ അലെന്‍, ആദില്‍ റഷീദ്, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ പൊറെല്‍.

Story first published: Wednesday, September 22, 2021, 0:01 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X