വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര്‍സിബിയെ നാണം കെടുത്തി കെകെആറിന്റെ തിരിച്ചുവരവ്, ഗംഭീര വിജയം

9 വിക്കറ്റിനാണ് കെകെആറിന്റെ വിജയം

1

അബുദാബി: വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നിഷ്പ്രഭരാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. 31ാമത്തെ മല്‍സരത്തില്‍ ആര്‍സിബിയെ കെകെആര്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും കൊല്‍ക്കയ്ക്കു മുന്നില്‍ ആര്‍സിബി പിന്തള്ളപ്പെട്ടു. ഒമ്പത് വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഒയ്ന്‍ മോര്‍ഗന്റെ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഒരോവര്‍ ബാക്കിനില്‍ക്കെ വെറും 92 റണ്‍സിനു കൂടാരംകയറിയപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു.

റണ്‍ചേസില്‍ അസാധാരണമായി ഒന്നും സംഭവിച്ചില്ല. 10 ഓവറില്‍ത്തന്നെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ശുഭ്മാന്‍ ഗില്ലും അരങ്ങേറ്റക്കാരനായ വെങ്കടേഷ് അയ്യരും ചേര്‍ന്ന് മികച്ച അടിത്തറയിട്ടതാണ് കെകെആറിന്റെ ജയം അനായസമാക്കി തീര്‍ത്തത്. ഗില്‍ 48 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അയ്യര്‍ 41 റണ്‍സോടെ പുറത്താവാതെ നിന്നു. 34 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. അയ്യര്‍ 27 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- അയ്യര്‍ ജോടി 82 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്നത്തെ ഉജ്ജ്വല വിജയത്തോടെ പോയിന്റ് പട്ടികയില്‍ കെകെആര്‍ വന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ഏഴാംസ്ഥാനത്തു നിന്നും അവര്‍ ഒറ്റയടിക്കു അഞ്ചാമതെത്തിയിരിക്കുകയാണ്.

ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ആര്‍സിബിക്കു കെകെആറിന്റെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ മറുപടിയിലില്ലായിരുന്നു. 19 ഓവറില്‍ വെറും 92 റണ്‍സിന് ആര്‍സിബി കൂടാരംകയറി. പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള ആര്‍സിബി ഏഴാം സ്ഥാനക്കാരായ കെകെആറിനെതിരേ ഇങ്ങനെയൊരു ദുരന്തത്തിലേക്കു വീഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 22 റണ്‍സെടുത്ത ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 20 ബോളില്‍ മൂന്നു ബൗണ്ടറികളോടെയായിരുന്നു താരം ടീമിന്റെ അമരക്കാരനായത്. അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് (16), ഹര്‍ഷല്‍ പട്ടേല്‍ (12), ഗ്ലെന്‍ മാക്‌സ്വെല്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ക്യാപ്റ്റന്‍ വിരാട് കോലി (5), സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് (0), മലയാളി താരം സച്ചിന്‍ ബേബി (7), വനിന്ദു ഗസരംഗ (0), കൈല്‍ ജാമിസണ്‍ (4), മുഹമ്മദ് സിറാജ് (8) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു.

ഒരു മികച്ച കൂട്ടുകെട്ട് പോലും ആര്‍സിബി നിരയില്‍ ഇല്ലായിരുന്നു. രണ്ടാം ഓവര്‍ മുതല്‍ അവരുടെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. രണ്ടാം വിക്കറ്റില്‍ ദേവ്ദത്ത്- ഭരത് സഖ്യം ചേര്‍ന്നെടുത്ത 31 റണ്‍സാണ് ആര്‍സിബിയുടെ ഉയര്‍ന്ന കൂട്ടുകെട്ട്. രണ്ടു വിക്കറ്റിന് 41 റണ്‍സില്‍ നിന്നും നാലിന് 52ലേക്കും എട്ടിന് 76ലേക്കും അവര്‍ കൂപ്പുകുത്തി. ബാറ്റിങ് ദുഷ്‌കരമായ സ്ലോ പിച്ചില്‍ കെകെആര്‍ ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസ്സലും ചേര്‍ന്നാണ് ആര്‍സിബിയെ തകര്‍ത്തത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. നാലോവറില്‍ 13 റണ്‍സിനാണ് വരുണ്‍ മൂന്നു പേരെ പുറത്താക്കിയതെങ്കില്‍ റസ്സല്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സിനാണ് മൂന്നു പേരെ മടക്കിയത്. ലോക്കി ഫെര്‍ഗൂസന്‍ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.

ടീമിന്റെ നട്ടെല്ലുകളായ കോലി, എബിഡി, മാക്‌സ്വെല്‍ എന്നിവര്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയതാണ് ആര്‍സിബിയെ വന്‍ തകര്‍ച്ചയിലേക്കു തള്ളിയിട്ടത്. മൂന്നു പേരും കൂടി നേടിയത് 15 റണ്‍സ് മാത്രമാണ്. ഇതിലാവട്ടെ ഒരേയൊരു ബൗണ്ടറി മാത്രമേയുണ്ടായിരുന്നുള്ളൂ. 17 ബോളില്‍ ബൗണ്ടറിയോ സിക്‌സറോയില്ലാതെയാണ് മാക്‌സി 10 റണ്‍സെടുത്തത്. എബിഡിയാവട്ടെ ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. റസ്സലിന്റെ ഒരു അവിശ്വസനീയ യോര്‍ക്കറില്‍ എബിഡിക്കു ഒന്നുംചെയ്യാനായില്ല.

2

ടോസിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണിനു ശേഷം ആര്‍സിബിയുടെ നായകസ്ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ച ശേഷം കോലിയുടെ ആദ്യ മല്‍സരം കൂടിയാണിത്. മാത്രല്ല ടൂര്‍ണമെന്റില്‍ 200 മല്‍സരങ്ങളെന്ന നാഴികക്കല്ലും ആര്‍സിബിക്കെതിരേ അദ്ദേഹം പിന്നിട്ടു. രണ്ടു താരങ്ങള്‍ കെകെആറിനെതിരായ മല്‍സരത്തില്‍ ആര്‍സിബിക്കു വേണ്ടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍, ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗ എന്നിവര്‍ക്കാണ് പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. മലയാളി താരം സച്ചിന്‍ ബേബിയും പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. മറുഭാഗത്ത് കെകെആര്‍ നിരയിലും ഒരു അരങ്ങേറ്റക്കാരനുണ്ടായിരുന്നു. വെങ്കടേഷ് അയ്യരാണ് കന്നി മല്‍സരത്തില്‍ ഇറങ്ങിയത്.

ഇന്ത്യയിലെ ആദ്യപാദത്തില്‍ കെകെആര്‍ നിരയില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളായിരുന്നു ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. രണ്ടാംപാദത്തില്‍ അദ്ദേഹം കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പിന്‍മാറ്റം. പകരക്കാരനായി ന്യൂസിലാന്‍ഡ് പേസര്‍ ടീം സൗത്തിയാണ് കെകെആറിലെത്തിയിരിക്കുന്നത്. മറുഭാഗത്ത് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ സേവനം ആര്‍സിബിക്കു രണ്ടാംപാദത്തില്‍ ലഭിക്കില്ല. കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്നു താരം വിശ്രമത്തിലാണ്. വാഷിങ്ടണിനെക്കൂടാതെ ആദ്യപാദത്തില്‍ ടീമിന്റെ ഭാഗമായിരുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡാനിയേല്‍ സാംസ്, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, വെസ്റ്റ് ഇന്‍ഡീസ് താരം ഫിന്‍ അലെന്‍ എന്നിവരും രണ്ടാംപാദത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പകരക്കാരായി വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ടിം ഡേവിഡ്, ജോര്‍ജ് ഗാര്‍ട്ടന്‍, ആകാഷ് ദീപ് എന്നിവരെയാണ് ആര്‍സിബി കൊണ്ടുവന്നിരിക്കുന്നത്.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, സുനില്‍ നരെയ്ന്‍, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ലോക്കി ഫെര്‍ഗൂസന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, വനിന്ദു ഹസരംഗ, സച്ചിന്‍ ബേബി, കൈല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.

Story first published: Monday, September 20, 2021, 22:42 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X