IPL 2021: 87/3 പിന്നെ 95/7! രാജസ്ഥാന്‍ തരിപ്പണം- ഇതു സൂപ്പര്‍ ചെന്നൈ

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി കളംവാണപ്പോള്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തോറ്റു തൊപ്പിയിട്ടു. കഴിഞ്ഞ സീസണില്‍ രണ്ടു തവണയും സിഎസ്‌കെയെ കെട്ടുകെട്ടിച്ചതിന്റെ ആവേശത്തിലിറങ്ങിയ രാജസ്ഥാന്‍ ഇത്തവണ എന്തു ചെയ്യണമെന്നു പോലുമറിയാതെ ദയനീയമായാണ് കീഴടങ്ങിയത്.

189 റണ്‍സെന്ന വിജയലക്ഷ്യം ശക്തമായ ബാറ്റിങ് ലൈനപ്പുള്ള രാജസ്ഥാനെ സംബന്ധിച്ച് അത്ര വെല്ലുവിളിയുയര്‍ത്തിയേക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നിരുന്നത്. എന്നാല്‍ നായകന്‍ എംഎസ് ധോണിയുടെ തന്ത്രങ്ങളും സ്പിന്നര്‍മാരുടെ മാരക ബൗളിങും രാജസ്ഥാന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒമ്പതു വിക്കറ്റിന് 143 റണ്‍സിന് രാജസ്ഥാന്‍ പോരാട്ടമവസാനിപ്പിച്ചു. 45 റണ്‍സിന്റെ മികച്ച മാര്‍ജിനിലുള്ള വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. സ്‌കോര്‍: ചെന്നൈ ഒമ്പത് വിക്കറ്റിനു 188, രാജസ്ഥാന്‍ ഒമ്പതു വിക്കറ്റിന് 143.

ഓപ്പണര്‍ ജോസ് ബട്‌ലറൊഴികെ (49) രാജസ്ഥാന്‍ നിരയില്‍ ആരും തന്നെ വിജയത്തിനു വേണ്ടി പൊരുതിനോക്കിയില്ല. 35 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ബട്‌ലര്‍ ടോപ്‌സ്‌കോററായത്. ജയദേവ് ഉനാട്കട്ട് (24), രാഹുല്‍ തെവത്തിയ (20), ശിവം ദുബെ (17), മനന്‍ വോറ (14) എന്നിവരാണ് രണ്ടക്കം കടന്നവര്‍. നായകന്‍ സഞ്ജു (1) തുടരെ രണ്ടാം മല്‍സരത്തിലും നിറംമങ്ങി. ഡേവിഡ് മില്ലര്‍ (2), റിയാന്‍ പരാഗ് (3), ക്രിസ് മോറിസ് (0) എന്നിവരും ഫ്‌ളോപ്പായി മാറി.

ഒരു ഘട്ടത്തില്‍ രണ്ടിന് 86 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ അടുത്ത നാലോവറിനിടെ രാജസ്ഥാന്‍ താരങ്ങളുടെ ഘോഷയാത്രയാണ് കണ്ടത്. മൂന്നിന് 87 എന്ന നിലയില്‍ നിന്നും അവര്‍ ഏഴിന് 95ലേക്കു കൂപ്പുകുത്തി. എട്ടു റണ്‍സിനിടെ നാലു വിക്കറ്റുകളാണ് കടപുഴകിയത്. ഈ തകര്‍ച്ചയില്‍ നിന്നും രാജസ്ഥാന് പിന്നീടൊരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായില്ല. മൂന്നു വിക്കറ്റെടുത്ത ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് സിഎസ്‌കെ ബൗളര്‍മാരില്‍ മികച്ചുനിന്നത്. രവീന്ദ്ര ജഡേജയും സാം കറെനും രണ്ടു വിക്കറ്റുകളുമായി മികച്ച പിന്തുണയേകി. മോയിന്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടു വിക്കറ്റുകളും നാലു ക്യാച്ചുകളുമടക്കം ജഡേജ കളം നിറഞ്ഞുനിന്നു.

മുംബൈയിലെ വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട സിഎസ്‌കെ ഒമ്പതു വിക്കറ്റിനായിരുന്നു 188 റണ്‍സെടുത്തത്. ചെന്നൈ നിരയില്‍ ആരും തന്നെ ഫിഫ്റ്റി നേടിയില്ല. 33 റണ്‍സെടുത്ത ഫഫ് ഡുപ്ലെസിയാണ് സിഎഎസ്‌കെയുടെ ടോപ്്‌സ്‌കോറര്‍. 17 േേബാളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ഡുപ്ലെസി 33 റണ്‍സെടുത്തത്. അമ്പാട്ടി റായുഡു (27), മോയിന്‍ അലി (26) എന്നിവര്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തു.

ഡ്വയ്ന്‍ ബ്രാവോ എട്ടു ബോളില്‍ 20 റണ്‍സോടെ പുറത്താവാതെ നിന്നു. റുതുരാജ് ഗെയ്ക്ക്വാദ് (10), സുരേഷ് റെയ്‌ന (18), രവീന്ദ്ര ജഡേജ (8), നായകന്‍ എംഎസ് ധോണി (18), സാം കറെന്‍ (13), ശര്‍ദ്ദുല്‍ ഠാക്കൂര്‍ (1) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. രാജസ്ഥാനു വേണ്ടി ഇടംകൈയന്‍ യുവ പേസര്‍ ചേതന്‍ സക്കരിയ മൂന്നു വിക്കറ്റുകളുമായി തിളങ്ങി. ക്രിസ് മോറിസിനു രണ്ടു വിക്കറ്റ് ലഭിച്ചു.

റുതുരാജിനെയാണ് സിഎസ്‌കെയ്ക്കു ആദ്യം നഷ്ടമായത്. തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും റണ്ണെടുക്കാന്‍ പാടുപെട്ട റുതുരാജിനെ മുസ്തഫിസുറിന്റെ ബൗളിങില്‍ ശിവം ദുബെ ക്യാച്ച് ചെയ്യുകയായിരുന്നു. ഡുപ്ലെസി, അലി എന്നിവരെ പത്തോവറിനുള്ളില്‍ സിഎസ്‌കെയ്ക്കു നഷ്ടമായി. ഇതോടെ അവര്‍ മൂന്നിന് 78.

എന്നാല്‍ നാലാം വിക്കറ്റില്‍ റെയ്‌ന- റായുഡു ജോടി ചേര്‍ന്നെടുത്ത 45 റണ്‍സ് സിഎസ്‌കെ ശക്തമായ നിലയിലെത്തിച്ചു. ഈ ജോടി ക്രീസില്‍ നില്‍ക്കെ 200നടുത്ത് സ്‌കോര്‍ ചെയ്യാന്‍ സിഎസ്‌കെയ്ക്കാവുമായിരുന്നു. എന്നാല്‍ റായുഡുവുവിനെയും റെയ്‌നയെയും ഒരേ ഓവറില്‍ പുറത്താക്കിയ ചേതന്‍ സക്കരിയ സിഎസ്‌കെയെ ഞെട്ടിച്ചു. വാലറ്റത്ത് ധോണി, കറെന്‍, ജഡേജ എന്നിവരില്‍ നിന്നും പ്രതീക്ഷിച്ച സംഭാവന ലഭിക്കാതിരുന്നതോടെ സിഎസ്‌കെ റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ബ്രാവോയുടെ ഫിനിഷിങാണ് സിഎസ്‌കെയെ 190ന് തൊട്ടരികിലെത്തിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ചെന്നൈയും രാജസ്ഥാനും ഈ മല്‍സരത്തില്‍ ഇറങ്ങിയത്.

പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് സഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, സാം കറെന്‍, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍.

രാജസ്ഥാന്‍ റോയല്‍സ്- മനന്‍ വോറ, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ജയദേവ് ഉനാട്കട്ട്, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, April 19, 2021, 18:13 [IST]
Other articles published on Apr 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X