വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഹര്‍ഷലും എബിഡിയും ഹീറോസ്, മുംബൈയെ മലര്‍ത്തിയടിച്ച് ആര്‍സിബി- ത്രില്ലിങ് ജയം

രണ്ടു വിക്കറ്റിനാണ് ആര്‍സിബിയുടെ വിജയം

ചെന്നൈ: ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ തോല്‍ക്കുകയെന്ന പതിവ് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തെറ്റിച്ചില്ല. ആവേശകരമായ ലോ സ്‌കോറിങ് മല്‍സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മുംബൈയെ കൊമ്പുകുത്തിച്ചത്. ആവേശം അവസാന ബോളിലേക്കു നീണ്ടപ്പോള്‍ ആര്‍സിബി രണ്ടു വിക്കറ്റിന്റെ ത്രില്ലിങ് ജയം സ്വന്തമാക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ കീഴില്‍ ഇതു ഒമ്പതാം തവണയാണ് മുംബൈ ഓപ്പണിങ് മല്‍സരം തോല്‍ക്കുന്നത്. ഒരു സീസണില്‍പ്പോലും രോഹിത്തിനു കീഴില്‍ മുംബൈ കന്നി മല്‍സരം ജയിച്ചിട്ടില്ല. സ്‌കോര്‍: മുംബൈ ഒമ്പതിന് 159, ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റിന് 160.

5

ഹര്‍ഷല്‍ പട്ടേലിന്റെ അഞ്ചു വിക്കറ്റ് പ്രകടനം ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ഒമ്പത് വിക്കറ്റിന് 159 റണ്‍സിലൊതുക്കാന്‍ ആര്‍സിബിയെ സഹായിച്ചു. മറുപടിയില്‍ മുംബൈയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി ആവേശകരമായി മാറി. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവില്ലിയേഴ്‌സ് മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ ആര്‍സിബിയുടെ ഹീറോയായി മാറി. 27 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 48 റണ്‍സെടുത്ത് എബിഡി പുറത്താവുകയായിരുന്നു. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമാണ്.

ആര്‍സിബി ജഴ്‌സിയില്‍ കന്നി മല്‍സരം കളിച്ച ഗ്ലെന്‍ മാക്‌സ്വെല്‍ (39), നായകന്‍ കോലി (33) എന്നിവരാണ് ആര്‍സിബിയുടെ മറ്റു സ്‌കോറര്‍മാര്‍. വാഷിങ്ടണ്‍ സുന്ദര്‍ (10), രജത് പതിധര്‍ (8), ഷഹബാസ് അഹമ്മദ് (1), ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും അരങ്ങേറ്റക്കാരന്‍ മാര്‍ക്കോ ജാന്‍സണും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടിനും ക്രുനാല്‍ പാണ്ഡ്യക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

6

ആര്‍സിബിക്കായി മൂന്നാം വിക്കറ്റില്‍ കോലി- മാക്‌സ്വെല്‍ ജോടി 52 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അവരുടെ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്. ഏഴാം വിക്കറ്റില്‍ എബിഡി- കൈല്‍ ജാമിസണ്‍ ജോടി നേടിയ 30 റണ്‍സും ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണായകമായി. മുംബൈ കളിയില്‍ പിടിമുറുക്കവെയായിരുന്നു ഈ സഖ്യം ആര്‍സിബിയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു ഒമ്പതു വിക്കറ്റിന് 159 റണ്‍സെടുക്കാനേ ആയുള്ളൂ. ഹര്‍ഷല്‍ പട്ടേലിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് മുംബൈയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തിയത്. ഐപിഎല്‍ കരിയറില്‍ താരത്തിന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. നാലോവറില്‍ 27 റണ്‍സിനാണ് ഹര്‍ഷല്‍ അഞ്ചു പേരെ പുറത്താക്കിയത്.

1

മുംബൈ നിരയില്‍ ആര്‍ക്കും ഫിഫ്റ്റി തികയ്ക്കാനായില്ല. മുംബൈ ജഴ്‌സിയില്‍ കന്നി മല്‍സരം കളിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ക്രിസ് ലിന്നാണ് (49) ടീമിന്റെ ടോപ്‌സ്‌കോറര്‍. പതിയെ ഇന്നിങ്‌സ് തുടങ്ങിയ ലിന്‍ 35 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും പായിച്ചു. സൂര്യകുമാര്‍ യാദവ് (31), ഇഷാന്‍ കിഷന്‍ (28) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. നായകന്‍ രോഹിത് ശര്‍മ (19), ഹാര്‍ദിക് പാണ്ഡ്യ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. കരെണ്‍ പൊള്ളാര്‍ഡ് (7), മാര്‍ക്കോ ജാന്‍സണ്‍ (0), രാഹുല്‍ ചഹര്‍ (0) എന്നിവര്‍ ഒറ്റയക്ക സ്‌കോറിനു മടങ്ങി.

ഏഴു ബൗളര്‍മാരെ ആര്‍സിബി നായകന്‍ കോലി ഈ മല്‍സരത്തില്‍ പരീക്ഷിച്ചെങ്കിലും വിക്കറ്റെടുക്കാനായത് മൂന്നു പേര്‍ക്കു മാത്രമാണ്. അരങ്ങേറ്റ മല്‍സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലു വിക്കറ്റുകളുമായി വരവറിയിച്ചു. മറ്റൊരു പുതുമുഖം കൈല്‍ ജാമിസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ഓരോ വിക്കറ്റ് വീതമെടുത്തു.

2

ആദ്യ 10 ഓവറില്‍ മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ 90 റണ്‍സുണ്ടായിരുന്നു. ഇതോടെ 200ന് മുകളില്‍ റണ്‍സും അവര്‍ നേടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ശേഷിച്ച 10 ഓവറില്‍ ഉജ്ജ്വല ബൗളിങിലൂടെ ആര്‍സിബി മുംബൈയെ വരിഞ്ഞുകെട്ടി. ആറു വിക്കറ്റുകളും ഇതിനിടെ മുംബൈയ്ക്കു നഷ്ടമായി. അവസാന അഞ്ചോവറില്‍ 37 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകളാണ് മുംബൈയ്ക്കു നഷ്ടമായത്.

സീസണിലെ ആദ്യ റണ്‍സ്, ബൗണ്ടറി, സിക്‌സര്‍ എന്നിവ തന്റെ പേരില്‍ കുറിച്ച രോഹിത് ഒടുവില്‍ ആദ്യം പുറത്താവുകയും ചെയ്തു. ടീം സ്‌കോര്‍ 24ല്‍ വച്ചാണ് നിര്‍ഭാഗ്യകരമായ രീതിയില്‍ ഹിറ്റ്മാന്റെ മടക്കം. ലിന്‍ സിംഗിളെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ പാതി വരെ ഓടിയ രോഹിത് തിരികെ മടങ്ങുന്നതിനിടെയാണ് കോലിയുടെ ത്രോയില്‍ യുസ്വേന്ദ്ര ചഹല്‍ റണ്ണൗട്ടക്കിയത്.

3

ലിന്‍-സൂര്യ ജോടി രണ്ടാം വിക്കറ്റില്‍ 70 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ ജോടി കരുത്താര്‍ജിക്കെയാണ് ജാമിസണ്‍ ആര്‍സിബിക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. അപകടകാരിയായ സൂര്യയെ ജാമിസണ്‍ വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സിനു സമ്മാനിച്ചു. 11 റണ്‍സ് കൂടി നേടുമ്പോഴേക്കും ലിന്നും മടങ്ങി. വാഷിങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ലിന്നിനെ സുന്ദര്‍ സ്വന്തം ബൗളിങില്‍ പിടികൂടി. പിറകിലേക്കു ഓടിയാണ് തകര്‍പ്പന്‍ ക്യാച്ചിലൂടെ ലിന്നിനെ സുന്ദര്‍ മടക്കിയത്. ലിന്നും സൂര്യയും പുറത്തായതോടെ മുംബൈയുടെ സ്‌കോറിങിനു വേഗം കുറഞ്ഞു. 13 റണ്‍സെടുത്ത ഹാര്‍ദിക്കിനെ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. മറ്റൊരു വെടിക്കെട്ട് താരം ഇഷാനെയും ഹര്‍ഷല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നീട് മുംബൈയ്ക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ഒരു സഖ്യത്തെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ ആര്‍സിബി അനുവദിച്ചില്ല.

4

മറുനാടന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ ഇല്ല. പകരം മധ്യപ്രദേശിന്റെ യുവതാരം രജത് പതിധര്‍ ടീമിലെത്തി. മലയാളി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന് അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും പരിശീലന മല്‍സരങ്ങളില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച രജത്തിന് ആര്‍സിബി അവസരം നല്‍കുകയായിരുന്നു. പുതുതായി ടീമിലെത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ന്യൂസിലാന്‍ഡ് പേസര്‍ കൈല്‍ ജാമിസണ്‍, ഓസീസ് ഓള്‍റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവരും ആര്‍സിബിക്കായി ആദ്യ മല്‍സരത്തിനിറങ്ങി.

മറുഭാഗത്ത് മുംബൈ ടീമിലും രണ്ടു പേര്‍ അരങ്ങേറി. കഴിഞ്ഞ സീസണില്‍ മുഴുവന്‍ പുറത്തിരുന്ന ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ക്രിസ് ലിന്‍ ഓപ്പണറായി ഇറങ്ങി. പുതുതായെത്തിയ ദക്ഷിണാഫ്രിക്കയുടെ യുവ പേസര്‍ മാര്‍ക്കോ ജാന്‍സണാണ് കന്നി മല്‍സരം കളിച്ച മറ്റൊരു താരം.

പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- ക്രിസ് ലിന്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്കോ ജാന്‍സണ്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), രജത് പതിധര്‍, എബി ഡിവില്ലിയഴ്‌സ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, വാഷിങ്ടണ്‍ സുന്ദര്‍, കൈല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍.

Story first published: Friday, April 9, 2021, 23:31 [IST]
Other articles published on Apr 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X