മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബാറ്റുകൊണ്ടും നായകമികവുകൊണ്ടും നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള കോലിക്ക് പക്ഷേ ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാനായിട്ടില്ല. നിരവധി തവണ മികച്ച ടീമിനെ ലഭിച്ചിട്ടും കിരീടം മാത്രം ആര്‍സിബിക്കും കോലിക്കും അകന്ന് നിന്നു. ഇപ്പോഴിതാ എന്തുകൊണ്ട് കോലിക്ക് കിരീടം നേടാന്‍ സാധിക്കാത്തതെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം മനോജ് തിവാരി.
'വിരാട് കോലിക്ക് എന്തുകൊണ്ട് ഐപിഎല്‍ നേടാനായില്ലെന്നതിന് നിരവധി കാരണങ്ങളുണ്ട്. ആര്‍സിബിയുടെ നായകനെന്നതിനെക്കാള്‍ മികച്ച റെക്കോഡ് ഇന്ത്യന്‍ നായകനെന്ന നിലയില്‍ കോലിക്കുണ്ട്. മികച്ചൊരു ടീമിനെയും കൂട്ടുകെട്ടിനെയും ഇന്ത്യന്‍ ടീമില്‍ സൃഷ്ടിക്കാന്‍ കോലിക്കായി. വിദേശ താരങ്ങള്‍ക്ക് തിളങ്ങാനാവുന്നില്ല. അവസാന സീസണില്‍ ജോഷ് ഫിലിപ്പി നിരാശപ്പെടുത്തി.

ക്രിസ് മോറിസിന് പരിക്ക് പറ്റി. മികച്ച ബാലന്‍സ് ഉള്ള നിരയെന്നാണ് അവസാന സീസണിലെ ടീമിനെകുറിച്ച് കോലി പറഞ്ഞത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് താരങ്ങള്‍ ഉയര്‍ന്നില്ല. ആരോണ്‍ ഫിഞ്ചിന്റെ മോശം ഫോമും അവസാന സീസണില്‍ കപ്പ് നഷ്ടമാവാന്‍ കാരണമായി'-മനോജ് പറഞ്ഞു. എബി ഡിവില്ലിയേഴ്‌സിനെ ആര്‍സിബി അമിതമായി ആശ്രയിക്കുന്നതും പ്രധാന പ്രശ്‌നമാണ്.
ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനാരെന്ന ചോദ്യത്തിന് രോഹിത് ശര്‍മയെന്നാവും ഉത്തരം. ഇതിനോടകം അഞ്ച് കിരീടം അലമാരയിലെത്തിക്കാന്‍ രോഹിതിനായി. എംഎസ് ധോണി മൂന്ന് തവണയും കിരീടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോലിയുടെ ആര്‍സിബിയേയും രോഹിതിന്റെ മുംബൈ ഇന്ത്യന്‍സിനെയും താരതമ്യം ചെയ്യാനില്ലെന്നാണ് മനോജ് തിവാരി പറയുന്നത്.
'രോഹിത് ശര്‍മയുടെ ടീമും വിരാട് കോലിയുടെ ടീമും വളരെ വ്യത്യാസമുള്ളതാണ്. താരങ്ങളുടെ കൂട്ടുകെട്ടാണ് മികച്ചത്. മുംബൈയില്‍ ഹര്‍ദിക്,ക്രുണാല്‍ പോലുള്ള താരങ്ങളുടെ കൂട്ടുകെട്ടുകളുള്ളപ്പോള്‍ പരാജയപ്പെടുത്തുക പ്രയാസം.മധ്യനിരയില്‍ മികച്ച ഓള്‍റൗണ്ടര്‍മാര്‍ മുംബൈക്കുണ്ട്. മികച്ചൊരു തുടക്കം ലഭിച്ചാല്‍ ഗംഭീരമായി മത്സരം അവസാനിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണിവര്‍'-തിവാരി പറഞ്ഞു.
ഐപിഎല്‍ 14ാം സീസണ്‍ താരലേലം ഈ മാസം 18ന് നടക്കാനിരിക്കുകയാണ്. ചെന്നൈയിലാണ് ലേലം നടക്കുന്നത്. ഇത്തവണ ഫിഞ്ച്,മോറിസ്,മോയിന്‍ അലി എന്നിവരെയെല്ലാം ആര്‍സിബി ഒഴിവാക്കിയതിനാല്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഇത്തവണയും ഉണ്ടാവും. ബൗളിങ് നിരയില്‍ മികച്ച താരങ്ങളെ എത്തിക്കേണ്ടതും ആര്‍സിബിക്ക് അത്യാവശ്യമാണ്.