ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നതിനാല്‍ത്തന്നെ ഐപിഎല്ലിനെ വലിയ പ്രാധാന്യത്തോടെയാണ് എല്ലാ താരങ്ങളും കാണുന്നത്. ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായി ഐപിഎല്‍ മാറുമെന്നതിനാല്‍ ഇത്തവണ തിളങ്ങേണ്ടത് യുവതാരങ്ങള്‍ക്കും അനിവാര്യമാണ്. ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളുണ്ടെങ്കിലും സ്ഥിരത പ്രധാന പ്രശ്‌നമാണ്.
കഴിഞ്ഞ 13 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ കൂടുതല്‍ തവണ 30ലധികം റണ്‍സ് നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കെയ്ന്‍ വില്യംസണും ഈ റെക്കോഡില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ്. കോലി കളം നിറഞ്ഞാടിയ 2016 സീസണില്‍ 12 തവണ മത്സരങ്ങളില്‍ അദ്ദേഹം 30ലധികം റണ്‍സ് നേടി. 2018ലെ ഓറഞ്ച് ക്യാപ് ജേതാവായ കെയ്ന്‍ വില്യംസണ്‍ ആ സീസണില്‍ 12 തവണ 30ലധികം സ്‌കോര്‍ നേടിയിരുന്നു.

രണ്ടാം സ്ഥാനത്തും രണ്ട് പേര്‍ തുല്യത പുലര്‍ത്തുന്നു. 2014 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി റോബിന്‍ ഉത്തപ്പയും 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറും 11 തവണ വീതം 30 ലധികം റണ്‍സ് നേടി. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് ഉത്തപ്പ കളിക്കുന്നത്. അതേ സമയം പരിക്കേറ്റ് വിശ്രമത്തിലുള്ള വാര്‍ണര്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
അഞ്ച് താരങ്ങള്‍ 10 തവണ വീതവും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2009ല്‍ മാത്യു ഹെയ്ഡന്‍,2011ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,2017ല്‍ ഡേവിഡ് വാര്‍ണര്‍,2019ല്‍ ഡേവിഡ് വാര്‍ണര്‍,2013ല്‍ മൈക്ക് ഹസി എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. ഇത്തവണ ഈ റെക്കോഡ് മറികടക്കാന്‍ കെല്‍പ്പുള്ളവര്‍ നിരവധിയാണ്. വിരാട് കോലി മികച്ച ഫോമിലാണ്. എന്നാല്‍ പരിക്കിന് ശേഷം ഡേവിഡ് വാര്‍ണര്‍ കളിക്കാനെത്തിയാലും പ്രകടനം കണ്ട് തന്നെ അറിയണം.
ഇത്തവണയും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഫേവറേറ്റുകള്‍. അഞ്ച് കിരീടം അലമാരയിലെത്തിച്ച മുംബൈ ഇത്തവണയും ചാമ്പ്യന്‍നിരയാണ്. അവസാന രണ്ട് സീസണിലും കിരീടം നേടിയ രോഹിതും സംഘവും ഹാട്രിക് കിരീടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മുംബൈയുടെ കിരീട കുതിപ്പിന് തടയിടാനാവും മറ്റ് ഏഴ് ടീമുകളുടെയും ശ്രമം.
ആരാധകരില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക. ഇത്തവണ ഇന്ത്യയിലാണ് മത്സരമെങ്കിലും ഒരു ടീമിനും തട്ടകത്തിന്റെ ആധിപത്യമില്ല. ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഐപിഎല്ലിന് ശേഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ ടി20 ലോകകപ്പും നടക്കാനുണ്ട്.