IPL 2021: 'അവനെ അധികനാള്‍ മാറ്റിനിര്‍ത്താനാവില്ല', സഞ്ജു ഇന്ത്യക്കായി വീണ്ടും കളിക്കുമെന്ന് സംഗക്കാര
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. നിര്‍ണ്ണായകമായ മത്സരത്തില്‍ ആര്‍സിബിയോട് 7 വിക്കറ്റിന് തോറ്റതാണ് സഞ്ജു സാംസണിനും സംഘത്തിനും തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി വിജയം പിടിച്ചെടുത്തു. 11.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍ കളി മറന്നത്.
മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തിയാണ് രാജസ്ഥാന് തിരിച്ചടിയായത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയിക്കുകയും ഭാഗ്യം തുണയ്ക്കുകയും ചെയ്താല്‍ ചിലപ്പോള്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കാനുള്ള സാധ്യതയും രാജസ്ഥാന് മുന്നിലുണ്ട്. നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ട് ശ്രദ്ധേയ പ്രകടനം നടത്തുന്ന സഞ്ജു റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള സഞ്ജുവിന് ഇന്ത്യന്‍ ടീമിനൊപ്പം ഈ പ്രകടനം ആവര്‍ത്തിക്കാനാവുന്നില്ല.

ലഭിച്ച അവസരങ്ങളിലെല്ലാം നിരാശപ്പെടുത്തിയ സഞ്ജുവിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ അധികനാള്‍ സഞ്ജുവിനെ മാറ്റനിര്‍ത്താനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ഡയറക്ടറുമായ കുമാര്‍ സംഗക്കാര. 'ഞങ്ങള്‍ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്.
ഐപിഎല്ലിനെ കേന്ദ്രീകരിച്ചാണ് കൂടുതലും ചര്‍ച്ചകള്‍ നടക്കാറ്. അവന്റെ ബാറ്റിങ്ങിനെക്കുറിച്ച് മാത്രമല്ല,ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്താറുണ്ട്. സവിശേഷമായ പ്രതിഭയുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് സഞ്ജു. ഇന്ത്യക്കുവേണ്ടി കളിക്കാനായി അതിയായി ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണവന്‍. സ്ഥിരതയോടെ പ്രകടനവും നടത്തുന്നു. അതിനാല്‍ത്തന്നെ അധികനാള്‍ മാറ്റിനിര്‍ത്താനുമാവില്ല.ഏത് സമയത്തും അവന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കാം'-സംഗക്കാര പറഞ്ഞു.

സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് സഞ്ജുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അവസാന ശ്രീലങ്കന്‍ പരമ്പര സഞ്ജുവിന് മുന്നിലുള്ള സുവര്‍ണ്ണാവസരമായിരുന്നു. എന്നാല്‍ അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല. തീര്‍ത്തും നിരാശപ്പെടുത്തിയതോടെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടു. എന്നാല്‍ നിലവിലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അതിനാല്‍ത്തന്നെ പകരക്കാരെ കൊണ്ടുവരാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെയാണെങ്കില്‍ പരിഗണിക്കാവുന്ന താരമാണ് സഞ്ജു. യുഎഇയില്‍ മികച്ച റെക്കോഡാണ് സഞ്ജുവിനുള്ളത്.

ഈ സീസണില്‍ 11 മത്സരത്തില്‍ നിന്ന് 50.22 ശരാശരിയില്‍ 452 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 141.25 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ ഇന്ത്യക്കായി അവസരം ലഭിച്ചപ്പോള്‍ ഒരു തവണപോലും അദ്ദേഹത്തിന് മികവ് കാട്ടാനായില്ല. 10 ടി20യില്‍ നിന്ന് 11.7 ശരാശരിയില്‍ 117 റണ്‍സാണ് സഞ്ജു നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സ് മാത്രമാണ്.

കുമാര്‍ സംഗക്കാരയുടെ രാജസ്ഥാനിലേക്കുള്ള വരവ് സഞ്ജുവിന്റെ നിലവാരവും മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പക്വതയോടെ ഇപ്പോള്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനാവുന്നു. അനാവശ്യമായ കടന്നാക്രമണങ്ങളില്ലാതെ നിലയുറപ്പിച്ച് കളിക്കുക എന്ന നിലയിലേക്ക് സഞ്ജു മാറിയിരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക സഞ്ജുവിനെ സംബന്ധിച്ച് എളുപ്പമല്ല. ടോപ് ഓഡറില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളുള്ളതിനാല്‍ മികച്ച പ്രകടനം തുടരാനായാല്‍ മാത്രമേ സഞ്ജുവിന് തിരിച്ചുവരവ് സാധ്യമാകൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications