IPL 2021: 'ആശയവിനിമയം കുറഞ്ഞത് ബാധിച്ചു', കെകെആറിനൊപ്പമുള്ള പ്രശ്‌നം തുറന്ന് പറഞ്ഞ് കുല്‍ദീപ്
കൊല്‍ക്കത്ത: വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ പരിമിത ഓവറിലെ പ്രധാന സ്പിന്നര്‍മാരിലൊരാളായിരുന്നു കുല്‍ദീപ് യാദവ്. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് തന്റെ കൈക്കുഴയിലെ വിസ്മയം കൊണ്ട് ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ബൗളറാണ്. 2019ലെ ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ ബാബര്‍ അസാമിന്റെ വിക്കറ്റ് നേടിയ കുല്‍ദീപിന്റെ ഒരു പന്ത് മാത്രം മതി അദ്ദേഹത്തിന്റെ മികവ് എത്രത്തോളമെന്ന് വ്യക്തമാകാന്‍.
എന്നാല്‍ സമീപകാലത്തായി ആത്മവിശ്വാസം നഷ്ടപ്പെട്ട് മോശം ഫോമിലാണ് കുല്‍ദീപുള്ളത്. ഇന്ത്യന്‍ ടീമിന് പുറത്തായ കുല്‍ദീപിനെ ടി20 ലോകകപ്പിനുള്ള ടീമിലും പരിഗണിച്ചിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കുല്‍ദീപിന് ടീമിനൊപ്പവും അവസരം കുറവാണ്. 2021 സീസണിന്റെ ആദ്യ പാദത്തിലും 2020ലെ യുഎഇ സീസണിലും താരം കൂടുതലും ബെഞ്ചിലിരിക്കുകയായിരുന്നു.

ഇപ്പോഴിതാ മോശം പ്രകടനത്തെക്കുറിച്ചും കെകെആറില്‍ അവസരം കുറയുന്നതിന്റെ കാരണത്തെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് കുല്‍ദീപ് യാദവ്. 'പരിശീലകരോടൊപ്പം കുറച്ചുനാളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് നിങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ ആശയവിനിമയം കുറവാണെങ്കില്‍ മനസിലാക്കാന്‍ വളരെ പ്രയാസമാണ്.
ചില സമയങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കുമോ ഇല്ലെയോ എന്ന് മനസിലാകില്ല. എന്താണ് ടീം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മനസിലാക്കാനാവില്ല. ചില സമയങ്ങളില്‍ കളിക്കാന്‍ അര്‍ഹതയുണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ടീമിനായി മത്സരം ജയിപ്പിക്കാനാവുമെന്നും തോന്നിയാലും അവസരം ലഭിക്കില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കാത്തതെന്ന് ചിലപ്പോള്‍ നമുക്ക് മനസിലാക്കാന്‍ സാധിച്ചേക്കില്ല. മാനേജ്‌മെന്റ് രണ്ട് മാസത്തെ പദ്ധതികളുമായി എത്തുമ്പോള്‍ അത് കൂടുതല്‍ പ്രയാസമുണ്ടാക്കുന്നു' - കുല്‍ദീപ് യാദവ് പറഞ്ഞു.

ഇന്ത്യന്‍ ടീമിലും കെകെആര്‍ ടീമിലുമുള്ള വ്യത്യാസത്തെക്കുറിച്ചും കുല്‍ദീപ് യാദവ് പറഞ്ഞു. 'ടീമിലേക്ക് പരിഗണിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം നിങ്ങളോട് വിളിച്ച് കാര്യങ്ങള്‍ സംസാരിക്കും. എന്നാല്‍ ഐപിഎല്ലില്‍ ഇത് സംഭവിക്കില്ല. ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ടീമിനോട് തന്റെ കാര്യങ്ങള്‍ പറഞ്ഞെങ്കിലും അവസരം ലഭിച്ചത് പകുതി പിന്നിട്ടപ്പോഴാണ്.
ഇതിന്റെ കാരണം എന്താണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്നെ അവര്‍ക്ക് വിശ്വാസമില്ലെന്നാണ് തോന്നിയത്. എന്റെ കഴിവില്‍ അവര്‍ക്ക് പ്രതീക്ഷയില്ലെന്ന് തോന്നിപ്പോയി. ടീമിന് ഒന്നിലധികം സാധ്യകളുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കെകെആറിന് നിലവില്‍ മികച്ച സ്പിന്‍ കരുത്തുണ്ട്'- കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് പ്ലേയിങ് 11ല്‍ കൂടുതലും ഇടം പിടിക്കുന്ന കെകെആറിന്റെ സ്പിന്നര്‍. സീനിയര്‍ താരം ഹര്‍ഭജന്‍ സിങ്ങും വന്നതോടെ കുല്‍ദീപിന്റെ അവസരം വീണ്ടും കുറഞ്ഞു. വരുന്ന സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനുണ്ട്. കെകെആര്‍ കുല്‍ദീപിനെ കൈവിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

ഇന്ത്യന്‍ നായകനും വിദേശ നായകനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്നും കുല്‍ദീപ് അഭിപ്രായപ്പെട്ടു. 'ഇന്ത്യന്‍ നായകനും വിദേശ നായകനും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ഓയിന്‍ മോര്‍ഗന്‍ എങ്ങനെയാണ് എന്നെ കാണുന്നതെന്ന് എനിക്കറിയില്ല. അങ്ങനെയുള്ളപ്പോള്‍ ആശയവിനിമയം കുറയും. എന്നാല്‍ ഇന്ത്യന്‍ നായകനാണെങ്കില്‍ അടുത്തേക്ക് ചെന്ന് എന്തുകൊണ്ട് കളിപ്പിച്ചില്ല എന്നതിനെക്കുറിച്ച് ചോദിക്കാം. രോഹിത് ശര്‍മയാണ് നായകനെങ്കില്‍ സ്വാതന്ത്ര്യത്തോട് സംസാരിക്കാനും മെച്ചപ്പെടാനുള്ള വഴികള്‍ ചോദിച്ചറിയാനും സാധിക്കും. അതിലുപരിയായി ടീം എന്താണ് നിങ്ങളില്‍ നിന്ന് ആവിശ്യപ്പെടുന്നതെന്ന് അവര്‍ ഇങ്ങോട്ട് പറയും'-കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. ആദ്യ പാദം പിന്നിടുമ്പോള്‍ ഏഴാം സ്ഥാനത്താണ് കെകെആറുള്ളത്. പ്ലേ ഓഫ് സാധ്യത വളരെ കുറവാണെന്നത് തന്നെ പറയാം. അടുത്ത വര്‍ഷം അടിമുടി മാറ്റം തന്നെ കെകെആറില്‍ ഉണ്ടായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications